| Wednesday, 4th December 2024, 8:20 am

ദല്‍ഹി ജുമാ മസ്ജിദ് നിര്‍മിക്കുന്നതിന് വേണ്ടി ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ ഉപയോഗിച്ചുവെന്നാരോപിച്ച് പുരാവസ്തു വകുപ്പിന്റെ സര്‍വേ ആവശ്യപ്പെട്ട് ഹിന്ദുസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി ജുമാ മസ്ജിദിലും പുരാവസതു വകുപ്പിന്റെ നേതൃത്വത്തിലുള്ള സര്‍വേ ആവശ്യപ്പെട്ട് ഹിന്ദു സേന. ദല്‍ഹിയിലെ ജുമാ മസ്ജിദില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുസേനയുടെ ദേശീയ അധ്യക്ഷനായ വിഷ്ണു ഗുപ്ത ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ജനറലിന് കത്തയച്ചു.

മസ്ജിദിന്റെ നിര്‍മാണത്തിന് പിന്നിലുള്ള വാസ്തവമെന്തെന്ന് പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്ന കത്തില്‍ നിലവില്‍ മസ്ജിദ് ഉള്‍പ്പെടുന്ന സ്ഥലത്ത് പരിശോധന വേണമെന്നും പുരാവസ്തു വകുപ്പിനോട് ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കത്തിനെ കുറിച്ച് പുരാവസതു വകുപ്പ് ഇതുവരെ പ്രതികരണമൊന്നും അറിയിച്ചിട്ടില്ല.

മുഗള്‍ കാലങ്ങളില്‍ ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും അവയുടെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് മസ്ജിദ് നിര്‍മിച്ചിരിക്കുന്നതെന്നുമാണ് ഹിന്ദുസേനയുടെ ആരോപണം. മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബ് നശിപ്പിച്ച ജോധ്പൂരിലെയും ഉദയ്പൂരിലെയും ക്ഷേത്രങ്ങളുടെ മുകളിലാണ് മസ്ജിദ് നിര്‍മിച്ചതെന്ന് വിഷ്ണു ഗുപ്ത ആരോപിക്കുന്നു.

ജുമാ മസ്ജിദ് നിര്‍മിക്കുന്നതിന് വേണ്ടി ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ ഉപയോഗിച്ചുവെന്നും അവ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും കത്തില്‍ പറയുന്നു. ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ നിര്‍മാണത്തിന് ഉപയോഗിക്കുകയും ചില വിഗ്രഹങ്ങള്‍ മതവികാരത്തെ അവഹേളിക്കാന്‍ പള്ളിയുടെ ഗോവണിക്ക് കീഴില്‍ കുഴിച്ചിട്ടുവെന്നും കത്തില്‍ പറയുന്നുണ്ട്.

മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ പ്രവര്‍ത്തികള്‍ ഹിന്ദുക്കളെ അപമാനിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് തെളിയിക്കുന്ന ചരിത്രപരമായ തെളിവുകളിലൂടെ മനസിലാക്കാമെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്.

അതേസമയം ഹിന്ദുക്കളെ അപമാനിക്കാന്‍ ലക്ഷ്യമിട്ടതിനാല്‍ നിലനിന്നിരുന്ന ക്ഷേത്രങ്ങളുടെ അടയാളങ്ങള്‍ മറച്ചുവെച്ചതിന് തെളിവാണ് നിലവിലെ മസ്ജിദിന്റെ ഘടനയെന്നും പറഞ്ഞു.

സര്‍വേയില്‍ ക്ഷേത്രങ്ങളുടെ അടയാളങ്ങള്‍ കണ്ടെത്തിയാല്‍ അവ സംരക്ഷിക്കണമെന്നും മസ്ജിദിന്റെ യഥാര്‍ത്ഥ ചരിത്രം വെളിപ്പെടുത്തുന്നതിന് ഇവ പരസ്യമാക്കണമെന്നും വിഷ്ണു ഗുപത ആവശ്യപ്പെടുന്നുണ്ട്.

നിലവില്‍ രാജ്യത്തെ നിരവധി മുസ്‌ലിം പള്ളികളില്‍ പുരാവസ്തു വകുപ്പിന്റെ സര്‍വേ ആവശ്യപ്പെട്ടും ക്ഷേത്രങ്ങളുണ്ടെന്നും ഹിന്ദുസേന ആരോപിക്കുന്നുണ്ട്. സംഭാല്‍, അജ്മീര്‍, ഗ്യാന്‍വ്യാപി തുടങ്ങി നിരവധി മസ്ജിദുകള്‍ അതിന് ഉദാഹരണമാണ്. ഈ സാഹചര്യത്തിലാണ് ദല്‍ഹി ജുമാമസ്ജിദും ചര്‍ച്ചയാവുന്നത്.

സംഭാലില്‍ പുരാവസ്തുവകുപ്പിന്റെ സര്‍വേ ആവശ്യപ്പെട്ട് ഹിന്ദുസേന നല്‍കിയ ഹരജിയില്‍ കോടതി സര്‍വേ നടത്താന്‍ അനുമതി നല്‍കിയതും മുന്നറിയിപ്പുകളില്ലാതെ നടത്തിയ സര്‍വേ വെടിവെപ്പിലും അഞ്ച് പേരുടെ മരണത്തിലും കലാശിച്ചിരുന്നു.

മുഗള്‍ കാലഘട്ടത്തില്‍ നിര്‍മിച്ച സംഭാല്‍ പള്ളിയിരിക്കുന്ന സ്ഥലത്ത് ഹരിഹര്‍ ക്ഷേത്രം ഉണ്ടായിരുന്നു എന്ന് അവകാശപ്പെട്ട് ഹിന്ദു നേതാവും അഭിഭാഷകനുമായി വിഷ്ണു ശങ്കര്‍ ജെയിന്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് പ്രദേശിക കോടതി പള്ളിയില്‍ സര്‍വേ നടത്താന്‍ അനുമതി നല്‍കിയത്.

കൂടാതെ ഗ്യാന്‍വ്യാപി മസ്ജിദിലും സര്‍വേ വേണമെന്ന ഹരജി കൊണ്ടുവന്നിരുന്നു. മസ്ജിദ് നില്‍ക്കുന്നത് പഴയ ക്ഷേത്രത്തിന്റെ ഭാഗമാണെന്നും ശിവലിംഗമുണ്ടെന്നും സര്‍വേ ആവശ്യമാണെന്നുമായിരുന്നു ഹിന്ദുവിഭാഗത്തിന്റെ ഹരജി. ഹരജി പരിഗണിക്കവേ രണ്ടാഴ്ചക്കകം മസ്ജിദ് കമ്മിറ്റിയോട് മറുപടി നല്‍കാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ടായിരുന്നു.

ഈയടുത്താണ് അജ്മീര്‍ ദര്‍ഗയില്‍ ശിവക്ഷേത്രമുണ്ടെന്ന് അവകാശപ്പെടുകയും അതിനാല്‍ ആരാധന ആരംഭിക്കാന്‍ നിര്‍ദേശം നല്‍ണമെന്നുമാവശ്യപ്പെട്ടാണ് ഹിന്ദു സംഘടന കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. അജ്മീര്‍ ദര്‍ഗയെ സങ്കട് മോചന്‍ മഹാദേവ ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നും ദര്‍ഗയ്ക്ക് ഏതെങ്കിലും രജിസ്ട്രേഷന്‍ ഉണ്ടെങ്കില്‍ അത് റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Content Highlight: Idols of Hindu gods were used to build the Delhi Juma Masjid; Hindu Sena has asked for a survey by the Department of Archaeology

We use cookies to give you the best possible experience. Learn more