| Sunday, 11th February 2024, 4:10 pm

യോഗി ആദിത്യനാഥ് നോക്കിനിൽക്കേയാണ് കാശിയിലെ വിഗ്രഹങ്ങൾ ഓടയിൽ എറിഞ്ഞത്: കാശി ക്ഷേത്രം മുൻ പൂജാരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാരണാസി: കാശി വിശ്വനാഥ് കോറിഡോറിന്റെ നിർമാണത്തിനായി നിരവധി ക്ഷേത്രങ്ങളാണ് മോദി സർക്കാർ തകർത്തതെന്ന് കാശി വിശ്വനാഥ ക്ഷേത്രം മുൻ മുഖ്യപൂജാരി രാജേന്ദ്ര തിവാരി.

യുദ്ധഭൂമിയിലെ ശവശരീരങ്ങൾ പോലെ കൈയും തലയും ഒക്കെ വേർപ്പെട്ട നിലയിലുള്ള വിഗ്രഹങ്ങളെ പൊട്ടക്കുളത്തിലും ഓടയിലും എറിഞ്ഞു കളയുകയാണ് അധികൃതർ ചെയ്തതെന്നും എഴുത്തുകാരൻ ബിനോജ് നായർക്ക് നൽകിയ അഭിമുഖത്തിൽ തിവാരി പറഞ്ഞു.

കോറിഡോറിന്റെ മേൽനോട്ടം നേരിട്ട് വഹിച്ച യോഗി ആദിത്യനാഥ് നോക്കിനിൽക്കേയാണ് നിരവധി ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ ഇളക്കി എടുത്ത് ഓടയിൽ എറിഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു.

ഇപ്രകാരം ഓടയിലും പൊട്ടക്കുളങ്ങളിലും എറിഞ്ഞ 167 വിഗ്രഹങ്ങൾ തങ്ങൾ അന്വേഷിച്ചു കണ്ടെത്തുകയും അവയെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പൊലീസ് സ്റ്റേഷനിൽ തന്നെ സൂക്ഷിക്കുകയും ചെയ്യുന്നു എന്നും തിവാരി പറഞ്ഞു.

‘ഇപ്പോഴും ആ മൂർത്തിയുടെ പൂജ നടക്കുന്നത് പൊലീസ് സ്റ്റേഷനിലാണ്. വിഗ്രഹം കൈമാറണമെന്ന് ശങ്കരാചാര്യർ ആവശ്യപ്പെട്ടിട്ടും പൊലീസ് തയ്യാറായില്ല. അങ്ങനെ ചെയ്താൽ മോദിജിയുടെ ആളുകൾ വിഗ്രഹങ്ങൾ തകർത്തെറിഞ്ഞതിന് അത് തെളിവാകും എന്ന് ഭയന്നാണ് അവ വിട്ടുകൊടുക്കാതിരുന്നത്,’ തിവാരി പറഞ്ഞു.

മുഗൾ രാജാക്കന്മാർ നൽകിയ ഭൂമിയിലാണ് യോഗി ആദിത്യനാഥിന്റെ ഗോരഖ്നാഥ് മഠം സ്ഥാപിച്ചതെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഗ്യാൻവാപി മസ്ജിദ് തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി ശിങ്കാർ ഗൗരിയിൽ ദർശനത്തിനുള്ള അവകാശം തേടി കോടതിയെ സമീപിച്ച അഞ്ച് വനിതകളും ആർ.എസ്.എസുമായി ബന്ധമുള്ളവരാണെന്നും പള്ളിയുടെ മതിൽക്കെട്ടിന് പുറത്തുള്ള ശിങ്കാർ ഗൗരിയുടെ വിഗ്രഹത്തിൽ വർഷങ്ങളായി പൂജ നടക്കുന്നുണ്ടെന്നും തിവാരി പറഞ്ഞു.

അതിനാൽ പൂജ ചെയ്യാൻ സ്ത്രീകൾ കോടതിയിൽ പോവുകയും അപഹാസ്യകരമായ ഹരജി കോടതി നിരസിക്കാതിരിക്കുകയും ചെയ്തത് സംഘപരിവാറിന്റെ ഗൂഢാലോചന വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

CONTENT HIGHLIGHT: Idols in Kashi temples thrown away infront of Yogi Adityanath says Former temple priest

We use cookies to give you the best possible experience. Learn more