പിസ്സ ഇഷ്ടപ്പെടുന്നവര്‍ ധാരാളം പേരുണ്ട് പ്രത്യേകിച്ചും യുവാക്കള്‍. ശരിക്കും പറഞ്ഞാല്‍ പിസ ആളൊരു വിദേശിയാണ്. നഗരജീവിതം പരിചയമുള്ളവര്‍ക്കല്ലാതെ നമ്മുടെ നാട്ടുകാരില്‍ ഭൂരിഭാഗം പേരും പിസ രുചിക്കാത്തവരും ഒരു പക്ഷെ ആ രുചി ഇഷ്ടപ്പെടാത്തവരും ആയിരിക്കും. അപ്പോള്‍ പിന്നെ നമുക്ക് നാടന്‍ ശൈലിയില്‍ ഒരു പിസയുണ്ടാക്കിയാലോ? ഇതാ അതിനുള്ള വഴി…
ചേരുവകള്‍
ഉഴുന്ന് മാവ് – ഒരു കപ്പ്
റവ- രണ്ട് കപ്പ്
വെള്ളം- രണ്ട് കപ്പ്
തക്കാളി- 2 എണ്ണം
കാപ്‌സികം- 2 എണ്ണം
ഉള്ളി- 1 എണ്ണം, ഇടത്തരം വലിപ്പം
ചീസ് – 1 കപ്പ് ചുരണ്ടിയത്
ഉപ്പ്- ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ഉഴുന്ന് നാലോ അഞ്ചോ മണിക്കൂറോ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക
ഇതിന് ശേഷം വെള്ളം ചേര്‍ത്ത് നന്നായി അരക്കുക
ഇതിലേക്ക് റവയും ഉപ്പും ചേര്‍ത്ത് ഇഡ്‌ലിയുടെ പാകത്തില്‍ അരച്ചെടുക്കുക.
ഈ മാവ് ഒരു രാത്രി എടുത്തുവെക്കുക.
ഇത് ഒരു ഇഡ്‌ലി കുക്കറില്‍ പിസയുടെ ആകൃതിയില്‍ വെച്ച് ആവിയില്‍ വേവിക്കുക
പകുതി വേവ് ആയതിന് ശേഷം ഇതിലേക്ക് ചീസ്, കഷ്ണങ്ങളാക്കിയ തക്കാളി, കാപ്‌സികം, ഉള്ളി എന്നിവ ചേര്‍ത്ത് വീണ്ടും ആവിയില്‍ വേവിക്കുക.
ഇനി ഇത് ഒരു പിസ പോലെ മുറിച്ചെടുത്ത് കഴിക്കാം.