ലണ്ടന്‍: എഡ്വാര്‍ഡ് ആന്‍ഡേഴ്‌സണ്‍ എന്ന ബ്രിട്ടീഷ് പ്രൊഫസര്‍ ഒക്ടോബര്‍ ആറിന് ഇഡ്ഡലിയെക്കുറിച്ച് ഒരു ട്വീറ്റിട്ടു.
ഈ ലോകത്ത് ഏറ്റവും ബോറായ വസ്തു ഇഡ്ഡലിയാണെന്നായിരുന്നു പ്രൊഫസറുടെ ട്വീറ്റ്. എന്നാല്‍ ഇപ്പോഴിതാ എഡ്വാര്‍ഡിന്റെ ട്വീറ്റിനെതിരെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഇഡ്ഡലി പ്രിയര്‍ രംഗത്തെത്തിയിരിക്കുകയാണ്.
ചരിത്രം പഠിപ്പിക്കുന്ന പ്രൊഫസര്‍ കൊളോണിയലിസത്തെക്കുറിച്ചോ ക്രിക്കറ്റിനെക്കുറിച്ചോ അല്ല പറഞ്ഞത് ഏറെ പ്രിയപ്പെട്ട ഇഡ്ഡലിയെക്കുറിച്ചാണെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ ചിലര്‍ പറഞ്ഞത്. ‘രാവിലെയോ ഉച്ചക്കോ രാത്രിയോ ഏത് നേരത്ത് വേണമെങ്കിലും കഴിക്കാന്‍ കഴിയുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ഇഡ്ഡലി ‘ മറ്റു ചിലര്‍ പറഞ്ഞു.
ലോക്‌സഭാ എം.പി ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവരും പ്രൊഫസറുടെ ട്വീറ്റിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ്. ‘സംസ്‌കാരത്തെ ആര്‍ജ്ജിച്ചെടുക്കാന്‍ ചിലര്‍ക്ക് ബുദ്ധിമുട്ടായിരിക്കും. ഇഡ്ഡലിയുടെ സ്വാദിനെ അഭിനന്ദിക്കാനോ ക്രിക്കറ്റ് ആസ്വദിക്കാനോ ഓട്ടന്‍തുള്ളല്‍ കാണാനോ ഒന്നും ചിലര്‍ക്ക് കഴിയില്ല. ജീവിതം എന്താണെന്ന് അറിയാത്ത ഈ മനുഷ്യനെക്കുറിച്ചോര്‍ത്ത് സഹതാപം തോന്നുന്നു’, ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
പലതരത്തിലുള്ള ഇഡ്ഡലികള്‍ പോസ്റ്റു ചെയ്തുകൊണ്ടാണ് കുറച്ചുപേര്‍ പ്രൊഫസര്‍ക്ക് മറുപടി നല്‍കിയത്. ചിലര്‍ പൊടി ഇഡ്ഡലിയുടെ ചിത്രം പോസ്റ്റു ചെയ്തപ്പോള്‍ മറ്റ് ചിലര്‍ ഇഡ്ഡലി മട്ടന്‍ കോമ്പിനേഷനെക്കുറിച്ച് പറഞ്ഞു.
നിരവധിപേര്‍ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ എഡ്വാര്‍ഡ് താന്‍ പറഞ്ഞ കാര്യത്തിന് വിശദീകരണവുമായെത്തി. ‘ദക്ഷിണേന്ത്യക്കാര്‍ ഇങ്ങനെ എന്നെ ആക്രമിക്കുന്നതിന് മുമ്പ് ഞാന്‍ ഒരു കാര്യം പറയട്ടെ, എനിക്ക് ദോശയും അപ്പവുമാണ് ഏറ്റവും ഇഷ്ടമെന്നും ഇഡ്ഡലി കഴിക്കുന്നത് അസഹനീയമാണെന്നുമാണ് ഉദ്ദേശിച്ചത്’, പ്രൊഫസര്‍ പറഞ്ഞു.
തന്റെ വിശദീകരണത്തില്‍ വിമര്‍ശനം ഉന്നയിച്ചവര്‍ തൃപ്തരായില്ലെന്ന് മനസ്സിലാക്കിയ പ്രൊഫസര്‍ ഒടുക്കം താന്‍ ഇഡ്ഡലി കഴിക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തുകൊണ്ട് തടിതപ്പുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക