[]തിരുനല്‍വേലി: കൂടംകുളത്ത് വീട്ടില്‍ നാടന്‍ ബോംബ് പൊട്ടി രണ്ട് കുട്ടികളടക്കം ആറുപേര്‍ മരിച്ച സംഭവത്തില്‍ കൂടംകുളം ആണവവിരുദ്ധ സമരസമിതി നേതാവ് ഉദയകുമാറിനെതിരെ കേസ്.
ആണവ വിരുദ്ധ സമിതിയിലെ രണ്ട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇടിന്തിക്കരൈയിലെ സുനാമി കോളനിയില്‍ നവംബര്‍ 27 നായിരുന്നു സ്‌ഫോടനമുണ്ടായത്. നാലുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ആണവനിലയത്തിനെതിരായ സമരത്തിന്റെ കേന്ദ്രമായ പ്രദേശത്തായിരുന്നു സ്‌ഫോടനമുണ്ടായത്.
വീട്ടില്‍ ബോംബ് നിര്‍മിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് പൊലീസ് നിഗമനം. സ്‌ഫോടനത്തില്‍ രണ്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. പൊട്ടിത്തെറിയുണ്ടായ വീടിന് തൊട്ടടുത്തുള്ള വീട്ടിലുള്ളവരാണ് കൊല്ലപ്പെട്ട രണ്ട് പെണ്‍കുട്ടികള്‍.
അടുത്തിടെ പ്രദേശത്തു നിന്നും 25ഓളം നാടന്‍ ബോബംബുകള്‍ കണ്ടെത്തിയിരുന്നു.
സ്‌ഫോടനത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നും തങ്ങള്‍ക്കൊപ്പമുള്ളവര്‍ ഒരിയ്ക്കലും ഇത്തരം പ്രവര്‍ത്തി ചെയ്യില്ലെന്നും കൂടുംകുളം ആണവ വിരുദ്ധസമിതി പ്രവര്‍ത്തകര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.