അഭിമുഖത്തിനു പോകാന്‍ 500 രൂപ യാത്രാക്കൂലി നല്‍കിയ അധ്യാപകന് 30 ലക്ഷം രൂപ മൂല്യമുള്ള ഓഹരികള്‍ നല്‍കി ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് സി.ഇ.ഒ
national news
അഭിമുഖത്തിനു പോകാന്‍ 500 രൂപ യാത്രാക്കൂലി നല്‍കിയ അധ്യാപകന് 30 ലക്ഷം രൂപ മൂല്യമുള്ള ഓഹരികള്‍ നല്‍കി ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് സി.ഇ.ഒ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th October 2020, 12:23 pm

മുംബൈ: അഭിമുഖത്തിനു പോകാന്‍ 500 രൂപ യാത്രാക്കൂലി നല്‍കി സഹായിച്ച അധ്യാപകന് 30 ലക്ഷം രൂപ മൂല്യമുള്ള ഓഹരികള്‍ നല്‍കി ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് സി.ഇ.ഒ വി.വൈദ്യനാഥന്‍. തന്റെ ഗണിതാധ്യാപകനായിരുന്ന ഗുര്‍ദിയാല്‍ സരൂപ് സൈനിയ്ക്കാണ് ബാങ്കിന്റെ ഇത്രയും മൂല്യമുള്ള ഓഹരികള്‍ വൈദ്യനാഥന്‍ സമ്മാനിച്ചത്.

കരിയര്‍ 360 സ്ഥാപകനായ പെരി മഹേശ്വറാണ് ഇക്കാര്യം പങ്കുവെച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. വൈദ്യനാഥന്റെ പ്രവൃത്തിയ്ക്ക് പിന്നിലെ കാരണവും പെരി തന്നെ വെളിപ്പെടുത്തി.

ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സില്‍ പ്രവേശനം ലഭിച്ച വൈദ്യനാഥന് അഭിമുഖത്തിനും കൗണ്‍സിലിങ്ങിനും ഹാജരാകേണ്ടതുണ്ടായിരുന്നു. പണമില്ലാതിരുന്ന സാഹചര്യത്തിലാണ് അധ്യാപകന്‍ 500 രൂപ വൈദ്യനാഥന് നല്‍കിയത്.

ബിറ്റ്സില്‍ പഠിച്ച അദ്ദേഹം പിന്നീട് മികച്ച നിലയിലെത്തുകയും ചെയ്തു.


ജോലി ലഭിച്ചതിനുപിന്നാലെ അധ്യാപകനെ അദ്ദേഹം അന്വേഷിച്ചെങ്കിലും ഏറെ വര്‍ഷങ്ങള്‍ക്കുശേഷമാണ് സഹപാഠിയുടെ സഹായത്തോടെ ആഗ്രയില്‍നിന്ന് കണ്ടെത്തിയത്.

തന്റെ കൈവശമുള്ള ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിന്റെ ഓഹരികളില്‍നിന്ന് ഒരു ലക്ഷം ഓഹരികളാണ് വൈദ്യനാഥന്‍ ഗുരുനാഥന് സമ്മാനമായി നല്‍കിയത്. ഈ മാസം സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചശേഷമായിരുന്നു കൈമാറ്റം.

സോഷ്യല്‍ മീഡിയയില്‍ വൈദ്യനാഥന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: IDFC First Bank CEO Gifts Shares Worth Rs 30 Lakh to School Teacher Who Once Lent Him Rs 500 for Interview