| Monday, 30th September 2024, 5:43 pm

ലെബനനിലെ ഹമാസ് തലവനെ കൊലപ്പെടുത്തിയതായി ഇസ്രഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ലെബനനിലെ ഹമാസ് തലവനെ കൊലപ്പെടുത്തിയെന്ന് ഇസ്രഈലി ഡിഫന്‍സ് ഫോഴ്സ്. ഹമാസിന്റെ ലെബനന്‍ ബ്രാഞ്ച് മേധാവിയായ ഫത്തേ ഷെരീഫിനെ വധിച്ചുവെന്നാണ് ഇസ്രഈല്‍ സ്ഥിരീകരിച്ചത്.

ലെബനനിലെ ഹിസ്ബുള്ള പ്രവര്‍ത്തകരുമായി ഹമാസിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചതിനും ആയുധങ്ങള്‍ ശേഖരിക്കുന്നതിനും റിക്രൂട്ട്‌മെന്റ് നടത്തുന്നതിനും ഷെരീഫ് ഉത്തരവാദിയായിരുന്നുവെന്ന് ഐ.ഡി.എഫ് പറയുന്നു. രാജ്യത്തെ സാധാരണക്കാര്‍ക്കെതിരെ ഭീഷണി ഉയര്‍ത്തുന്ന ഏതൊരാള്‍ക്കുമെതിരെ ഐ.ഡി.എഫ് പ്രതിരോധം തീര്‍ക്കുമെന്നും സൈന്യം ഔദ്യോഗികമായി അറിയിച്ചു.

യു.എന്‍ ഏജന്‍സിയായ ഉനര്‍വ (UNARWA)യുടെ ലെബനനിലെ ടീച്ചേഴ്‌സ് യൂണിയന്റെ തലവനായിരുന്നു ഫത്തേ ഷെരീഫ്. എന്നാല്‍ അദ്ദേഹം രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെട്ടിരുന്നോ എന്നതില്‍ അന്വേഷണം നടക്കുന്നുവെന്ന് യു.എന്‍ അറിയിച്ചതായി ടൈംസ് ഓഫ് ഇസ്രഈല്‍ റിപ്പോര്‍ട്ട് ചെയ്തു.

തെക്കന്‍ ലെബനന്‍ നഗരമായ ടയറിലെ അല്‍ ബാസ് അഭയാര്‍ത്ഥി ക്യാമ്പിന് നേരെ നടന്ന വ്യോമാക്രമണത്തില്‍ ഷെരീഫും പങ്കാളിയും കുട്ടികളും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അല്‍ ബാസിലെ ദേര്‍ യാസിന്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പ്രിന്‍സിപ്പാളായാണ് ഫത്തേ ഷെരീഫ് പ്രവര്‍ത്തിച്ചിരുന്നത്.

യു.എന്‍ ഏജന്‍സി ജീവനക്കാരനായ ഫത്തേ, മാര്‍ച്ചില്‍ ശമ്പളമില്ലാതെ അവധിയില്‍ പ്രവേശിച്ചിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് ഫത്തേ ഷെരീഫ് അവധിയില്‍ പ്രവേശിച്ചത്. ഫത്തേ ഷെരീഫിനെ മൂന്ന് മാസത്തേക്ക് യു.എന്‍ ഏജന്‍സി സസ്പെന്‍ഡ് ചെയ്യുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനെ തുടര്‍ന്ന് ലെബനനില്‍ അധ്യാപകര്‍ വ്യാപകമായി പ്രതിഷേധം നടത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം ഫത്തേ ഷെരിഫ് കൊല്ലപ്പെട്ടുവെന്ന് ഫലസ്തീന്‍ സായുധ സംഘടനായ ഹമാസ് നേരത്തെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഐ.ഡി.എഫിന്റെ സ്ഥിരീകരണം.

ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രഈലില്‍ ഹമാസ് നടത്തിയ പ്രത്യാക്രമണത്തെ തുടര്‍ന്നാണ് ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷം വഷളാകുന്നത്. തുടര്‍ന്ന് ഇസ്രഈല്‍ ഗസയില്‍ നടത്തിയ ആക്രമണങ്ങളില്‍ 40000ത്തിലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

ഈ ആക്രമണങ്ങളില്‍ ഫലസ്തീനികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ലെബനനിലെ ഹിസ്ബുല്ലയും യെമനിലെ ഹൂത്തികളും ഇറാന്‍ സേനയും ഇസ്രഈലിനെ പ്രതിരോധിച്ചിരുന്നു. ഇതില്‍ പ്രകോപിതരായ ഇസ്രഈല്‍ ഇപ്പോള്‍ ഗസക്കെതിരായ യുദ്ധം ലെബനനിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. കണക്കുകള്‍ പ്രകാരം 700ലധികം ആളുകളാണ് ഇസ്രഈലിന്റെ ആക്രമണത്തില്‍ ലെബനനില്‍ കൊല്ലപ്പെട്ടത്.

Content Highlight: IDF Says Hamas Leader Killed in Lebanon

We use cookies to give you the best possible experience. Learn more