| Saturday, 1st June 2024, 10:33 am

ഇസ്രഈല്‍ സൈനികര്‍ക്ക് ജോലി മടുത്തു; 58 ശതമാനം പേരും തുടരാന്‍ താത്പര്യപ്പെടുന്നില്ലെന്ന് ഐ.ഡി.എഫ് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഗസയില്‍ ആക്രമണം തുടരുന്ന ഇസ്രഈലി സൈനികര്‍ക്ക് തങ്ങളുടെ ജോലി മടുത്തതായി ഐ.ഡി.എഫ് റിപ്പോര്‍ട്ട്. സൈനിക പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന 58 ശതമാനം സൈനികര്‍ക്കും ജോലിയിലുള്ള താത്പര്യം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇസ്രഈല്‍ സേനയുടെ മാന്‍പവര്‍ ഡയറക്ടറേറ്റ് നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍.

സര്‍വീസില്‍ തുടരാന്‍ താത്പര്യമുണ്ടോയെന്ന ചോദ്യത്തിന് 42 സൈനികര്‍ മാത്രമാണ് പ്രതികരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 ഓഗസ്റ്റില്‍ സമാനമായി നടത്തിയ സര്‍വേയില്‍ ഇത് 49 ശതമാനമായിരുന്നു.

ലഭിക്കുന്ന ശമ്പളത്തില്‍ തൃപ്തരാണോ എന്ന ചോദ്യത്തിന് അനുകൂലമായി പ്രതികരിച്ചത് 30 ശതമാനം ഉദ്യോഗസ്ഥര്‍ മാത്രമാണ്. അതേസമയം ഇസ്രഈലിലെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 60 ശതമാനം ഉദ്യോഗസ്ഥരും ശമ്പളത്തില്‍ സംതൃപ്തരാണ്.

ഐ.ഡി.എഫ് റിപ്പോര്‍ട്ട് ഇസ്രഈലിലെ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിയതായി വൈനെറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഹീബ്രു ഔട്ട്ലെറ്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഗസയില്‍ യുദ്ധം നടന്നുകൊണ്ടിരിക്കെ റിട്ടയര്‍മെന്റിനായി ഐ.ഡി.എഫ് ഡിപ്പാര്‍ട്ട്മെന്റുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ എണ്ണത്തിലെ വര്‍ധനവ് മറ്റൊരു തിരിച്ചടിയായാണ് സൈന്യത്തിന്റെ ഉന്നത നേതൃത്വം വിലയിരുത്തുന്നത്.

ഗസയിലെ യുദ്ധത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ക്ഷീണിതരാണെന്നും ഇത് സൈനികരുടെ കുടുംബങ്ങളില്‍ വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പങ്കാളികളെയും കുഞ്ഞുങ്ങളെയും കാണാന്‍ സാധിക്കാത്തതും ഇടവേളകളില്ലാത്ത സേവനവും സൈനികരിൽ മടുപ്പുളവാക്കുന്നതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

സേവനത്തില്‍ തുടരാനുള്ള സൈനികരുടെ താത്പര്യക്കുറവ് അവരുടെ പരാജയബോധത്തെയാണ് തുറന്നുകാണിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ പ്രത്യാക്രമണത്തെ പ്രതിരോധിക്കാന്‍ കഴിയാത്തതിനെ തുടർന്ന് ഇസ്രഈല്‍ മിലിട്ടറി ഇന്റലിജന്‍സ് ഡയറക്ടറേറ്റിന്റെ തലവന്‍ അഹരോണ്‍ ഹലീവ രാജിവെച്ചിരുന്നു.

ഇതിനുപുറമെ ഇസ്രഈല്‍ സൈനികര്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിച്ചതായി മെയ് പകുതിയോടെ ഹാരെറ്റ്സ് നടത്തിയ സർവേയും ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: IDF reports that soldiers who continue to attack Gaza are tired of their work

We use cookies to give you the best possible experience. Learn more