ജെറുസലേം: ഒക്ടോബര്‍ ഏഴിന് ഇസ്രഈലില്‍ ഹമാസ് ആക്രമണം നടത്തുന്നതിന് രണ്ടാഴ്ച മുമ്പ് തന്നെ ആക്രമണങ്ങളെ കുറിച്ച് ഇസ്രഈലിന് മുന്നറിയിപ്പ് ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഇസ്രഈല്‍ പബ്ലിക് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ കാനിനെ ഉദ്ധരിച്ച് കൊണ്ട് ഇസ്രഈലി മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
സെപ്റ്റംബര്‍ 19ന് ഇസ്രഈല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ ഗസ ഡിവിഷനില്‍ വിതരണം ചെയ്ത ഒരു രേഖയില്‍ സൈനിക താവളങ്ങളും സെറ്റില്‍മെന്റ് ഏരിയകളും ആക്രമിക്കാനുള്ള പദ്ധതി ഹമാസ് രൂപീകരിച്ചിതായി ഇസ്രഈല്‍ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് കാന്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇതിന് പുറമേ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 250ലേറെ ആളുകളെ ബന്ദികളാക്കിയേക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഐ.ഡി.എഫിന് വിതരണം ചെയ്ത രേഖകളില്‍ ആക്രമണത്തിന് വേണ്ടി ഹമാസ് നടത്തിയ തയാറെടുപ്പുകള്‍ കൃത്യമായി വിവരിക്കുന്നുണ്ട്.
സൈനിക പോസ്റ്റുകള്‍ ഹമാസ് ആക്രമിക്കുമെന്നും, സൈനികരെയും സാധാരണക്കാരെയും തട്ടിക്കൊണ്ട് പോയി തടങ്കലിലാക്കുമെന്നും ഐ.ഡി.എഫിന് നല്‍കിയ രേഖയില്‍ മുന്നറിയിപ്പ് നല്‍കി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗസയിലെത്തിച്ച ബന്ദികളെ എങ്ങനെ തടങ്കലില്‍ സൂക്ഷിക്കുമെന്ന് ഉള്‍പ്പെടെ ഹമാസിന്റെ എല്ലാ പദ്ധതികളും ഈ രേഖയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഹമാസ് തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ട സാധാരണക്കാരുടെയും സൈനികരുടെയും എണ്ണമടക്കം റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. ഗസ ഡിവിഷനിലെ രഹസ്യാന്വേഷണ നേതൃത്വത്തിന് ഈ രേഖയെ കുറിച്ച് അറിയാമായിരുന്നെന്ന് സുരക്ഷാ വൃത്തങ്ങള്‍ കാന്‍ ന്യൂസിനോട് പറഞ്ഞു.
തട്ടിക്കൊണ്ട് പോകാന്‍ ഉദ്ദേശിക്കുന്നവരുടെ എണ്ണം 200നും 250നും ഇടയിലാണെന്നും പിടിക്കപ്പെട്ട സൈനികരെ ഹമാസ് കമ്പനി കമാന്‍ഡര്‍മാര്‍ക്ക് കൈമാറാനാണ് നിര്‍ദേശിച്ചതെന്നും ഉള്‍പ്പെടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒക്ടോബര്‍ ഏഴിന് ഇസ്രഈലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ 1,100ലധികം ആളുകള്‍ കൊല്ലപ്പെടുകയും 250ഓളം പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഗസയില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ 37,000ത്തിലധികം ആളുകളെ കൊലപ്പെടുത്തിയ ഇസ്രഈല്‍ വംശഹത്യ ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.
Content Highlight: IDF received warnings before October 7: Israeli media