ടെൽ അവീവ്: വംശഹത്യ കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ തെളിവുകളായ പശ്ചാത്തലത്തിൽ ‘പ്രതികാര വീഡിയോകൾ’ ചിത്രീകരിക്കരുതെന്ന് ഇസ്രഈൽ സേനക്ക് നിർദേശം നൽകി ഇസ്രഈൽ പ്രതിരോധ സേന (ഐ.ഡി.എഫ്) അധ്യക്ഷൻ ഹെർസി ഹലേവി.
തങ്ങൾ കൊലപാതകമോ പ്രതികാരമോ വംശഹത്യയോ അല്ല നടത്തുന്നതെന്നും ശത്രുവിനെ പരാജയപ്പെടുത്തി വിജയിക്കുവാനാണ് വന്നതെന്നും അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഹലേവി പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രഈൽ റിപ്പോർട്ട് ചെയ്തു.
‘ഞങ്ങൾ കൊല്ലുകയോ പ്രതികാരം ചെയ്യുകയോ വംശഹത്യ നടത്തുകയോ അല്ല. ഞങ്ങൾ വന്നത് കയ്പ്പേറിയ പരാജയം അർഹിക്കുന്ന, ക്രൂരരായ ശത്രുക്കളെ പരാജയപ്പെടുത്തി വിജയം നേടാനാണ്.
കഴിഞ്ഞ നാലുമാസമായി നമ്മൾ പോരാട്ടം നടത്തുകയാണ്. ഇനിയും ഏറെ ദൂരം പോകാനുണ്ട്,’ ഹലേവി പറഞ്ഞു.
തങ്ങൾ മനുഷ്യത്വം കാത്തുസൂക്ഷിക്കുന്നുണ്ടെന്നും മനുഷ്യരെ പോലെയാണ് പെരുമാറുന്നതെന്നും പറഞ്ഞ അദ്ദേഹം തീവ്രവാദികളെയും അല്ലാത്തവരെയും തിരിച്ചറിയുന്നതിൽ ജാഗ്രത പുലർത്തണമെന്നും ചൂണ്ടിക്കാട്ടി.
‘ ഞങ്ങൾ മനുഷ്യരെ പോലെയാണ് പെരുമാറുന്നത്. ഞങ്ങളുടെ ശത്രുക്കളെ പോലെയല്ല. ഞങ്ങൾ മനുഷ്യത്വം കാത്തുസൂക്ഷിക്കുന്നു. ബലം ആവശ്യമില്ലാത്തിടത്ത് അത് പ്രയോഗിക്കാതിരിക്കാനും തീവ്രവാദിയെയും അല്ലാത്തവരെയും തിരിച്ചറിയാനും നമ്മുടെതല്ലാത്ത ആയുധങ്ങളോ സുവനീയറുകളോ എടുക്കാതിരിക്കാനും പ്രതികാര വീഡിയോകൾ ചിത്രീകരിക്കാതിരിക്കാനും നമ്മൾ ജാഗ്രത പുലർത്തണം,’ ഹലേവി പറഞ്ഞു.
കഴിഞ്ഞ മാസം പുറത്തുനിന്നുള്ള അന്വേഷണ സമിതി രൂപീകരിക്കാനും യുദ്ധസമയത്ത് സേനയുടെ പെരുമാറ്റം അന്വേഷിക്കാനും ഉള്ള ഹലേവിയുടെ തീരുമാനം ഇസ്രഈലിൽ രാഷ്ട്രീയ കോളിളക്കങ്ങൾ സൃഷ്ടിച്ചിരുന്നു.
പ്രതിഷേധങ്ങളെത്തുടർന്ന് ഹലേവി തീരുമാനം പിൻവലിച്ചിരുന്നു.
ഇത്തരം അന്വേഷണങ്ങൾ യുദ്ധം അവസാനിച്ച ശേഷം മാത്രമേ നടത്തുകയുള്ളൂ എന്നായിരുന്നു പ്രതിഷേധക്കാരുടെ വാദം.
Content Highlight: IDF Chief urges Israel army not to film ‘revenge videos’ amidst genocide case at ICJ