മലപ്പുറം: മുസ്‌ലിം ലീഗിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും പ്രത്യയശാസ്ത്രം വ്യത്യസ്തമെന്ന് മുന്‍ മന്ത്രിയും ലീഗ് നേതാവുമായ എം.കെ. മുനീര്‍.
രാഷ്ട്രീയത്തില്‍ ആര്‍ക്ക് പിന്തുണ നല്‍കണമെന്ന് നിശ്ചയിക്കാന്‍ അവര്‍ക്കും അവകാശമുണ്ടെന്നും എം.കെ. മുനീര്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു മുനീറിന്റെ പ്രതികരണം.
സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണനെ വിജയിപ്പിക്കണമെന്ന് എസ്.ഡി.പി.ഐയുടെ പത്രമായ തേജസ് പരസ്യം നല്‍കിയിട്ടുണ്ടെന്നും എം.കെ. മുനീര്‍ പറഞ്ഞു. ഒരു ആത്മബന്ധം ഇല്ലാതെ ഇതെല്ലാം ചെയ്യുമോയെന്നും എം.കെ. മുനീര്‍ ചോദിച്ചു.
ഇടതുപക്ഷത്തിനാണ് എസ്.ഡി.പി.ഐയുടെ ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി ഇന്നൊരു രാഷ്ട്രീയ പാര്‍ട്ടിയായി മാറിയെന്നും എം.കെ. മുനീര്‍ പറഞ്ഞു.
പിന്തുണ ലഭിച്ചിരുന്നപ്പോള്‍ ഇവര്‍ക്കൊന്നും എതിരെ ഇടതുപക്ഷം ഒന്നും പറഞ്ഞില്ല. എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൊത്തം സീറ്റും യു.ഡി.എഫിലേക്ക് വന്നപ്പോള്‍ പിണറായി വിജയന് സമാധാനമില്ലാതെയായെന്നും എം.കെ. മുനീര്‍ പറഞ്ഞു.
വയനാട്ടില്‍ സി.പി.ഐ.എമ്മിന്റെ വോട്ടുകള്‍ ഉള്‍പ്പെടെ നേടിയാണ് യു.ഡി.എഫ് ജയിച്ചത്. വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ ചിന്തിക്കേണ്ടതുണ്ട് വയനാട് മണ്ഡലത്തില്‍ അത്രമാത്രം ജമാഅത്തെ ഇസ്‌ലാമികള്‍ ഉണ്ടോയെന്നാണ്. നാല് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രിയങ്ക ഗാന്ധി നേടിയതെന്നും എം.കെ. മുനീര്‍ മാധ്യമങ്ങളോട് പറഞ്ഞു.
തമിഴ്നാട്ടിലും രാജസ്ഥാനിലും സി.പി.ഐ.എമ്മും ജമാഅത്തെ ഇസ്‌ലാമിയും ഒരുമിച്ചാണ് മത്സരിക്കുന്നത്. അപ്പോള്‍ എങ്ങനെയാണ് സി.പി.ഐ.എം തൊടുമ്പോള്‍ അമ്പലപ്പുഴ പായസവും തങ്ങള്‍ തൊടുമ്പോള്‍ കയ്പ്പും കൈപ്പുനീരാകുന്നതെന്നും എം.കെ. മുനീര്‍ ചോദിച്ചു.
നേരത്തെ ജമാഅത്തെ ഇസ്‌ലാമിയുമായുള്ള മുസ്‌ലിം ലീഗിന്റെ ബന്ധം ഇപ്പോള്‍ തുടങ്ങിയതല്ലെന്നും മുഹമ്മദലി ശിഹാബ് തങ്ങളുടെ കാലത്ത് രൂപീകരിച്ച മുസ്‌ലിം സൗഹൃദ വേദിയുടെ കാലം തൊട്ട് അവരുമായി ബന്ധമുണ്ടെന്നും സാദിഖലി തങ്ങള്‍ പറഞ്ഞിരുന്നു.
മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. അതേസമയം എ.പി. സുന്നി ഇടതുപക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരാണെന്നും എന്നാല്‍ അടുത്ത കാലത്തായി അവരുമായി ഒരുമിച്ചിരിക്കുന്ന വേദികള്‍ മുന്‍പത്തേതിനെ അപേക്ഷിച്ച് കൂടി വരുന്നുണ്ടെന്നും സാദിഖലി തങ്ങള്‍ പറഞ്ഞിരുന്നു.
Content Highlight: Ideology of League and Jamaat-e-Islami different: M.K. Muneer