ഫോറന്‍സിക് ടീം വീണ്ടും ഒന്നിക്കുന്ന ഐഡന്റിറ്റിയുടെ ടീസര്‍ പുറത്ത്. ടൊവിനോ നായകനാകുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം തൃഷയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ത്രില്ലര്‍ സസ്‌പെന്‍സ് ഴോണറില്‍ ഇറങ്ങുന്ന ചിത്രത്തിന്റെ 1:41 മിനുട്ട് ദൈര്‍ഘ്യമുള്ള ടീസര്‍ പൃഥ്വിരാജും കാര്‍ത്തിയും ചേര്‍ന്നാണ് സിനിമയുടെ ടീസര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.
ഫോറന്‍സികിന് ശേഷം അഖില്‍ പോള്‍- അനസ് ഖാന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം രാജു മല്ലിയതും Dr. റോയ് സി.ജെയുമാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ വിതരണം ഡ്രീം ബിഗ് ഫിലിമ്‌സിന്റെ ബാനറില്‍ ഗോകുലം മൂവീസാണ്.
തുടക്കം മുതലേ പിടി തരാതെ ആകാംക്ഷ നിറക്കുന്നതാണ് ടീസര്‍. പെന്‍ഡഗണ്‍ ഷെയ്പ്പില്‍ മുഖമുള്ള ആരെയോ അന്വേഷിച്ചിറങ്ങുന്നതായാണ് ടീസറില്‍ കാണിക്കുന്നത്. ആക്ഷന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചനകള്‍. ഹേയ് ജൂഡ് എന്ന ചിത്രത്തിന് ശേഷം തൃഷ അഭിനയിക്കുന്ന മലയാള ചിത്രമാണ് ഐഡന്റിറ്റി. നടന്‍ വിനയ് റായും ബോളിവുഡ് താരം മന്ദിര ബേദി ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.
അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജേക്‌സ് ബിജോയ് സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ ചമ്മന്‍ ചാക്കോയാണ് ഐഡന്റിറ്റിയുടെ ചിത്രസംയോജനം ചെയ്യുന്നത്.
Content Highlight: Identity Movie Teaser Is Out