Entertainment
പെണ്ണിന്റെ നഗ്നത വെച്ച് ബ്ലാക്ക്‌മെയില്‍ ചെയ്യുന്ന പഴയകാല വില്ലന്മാരുടെ ആവര്‍ത്തനം, കാലം മാറിയതറിയാതെ ഐഡന്റിറ്റി
അമര്‍നാഥ് എം.
2025 Jan 31, 10:51 am
Friday, 31st January 2025, 4:21 pm

ടൊവിനോ തോമസ്, വിനയ് റായ്, തൃഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഐഡന്റിറ്റി. മലയാളത്തില്‍ ഇന്നേവരെ കാണാത്ത തീമും മേക്കിങ്ങുമാണ് മറ്റ് ത്രില്ലറുകളില്‍ നിന്ന് ഐഡന്റിറ്റിയെ വ്യത്യസ്തമാക്കുന്നത്. സ്‌കൈ മാര്‍ഷല്‍, പ്രോസോപഗ്നോഷ്യ തുടങ്ങി പ്രേക്ഷകര്‍ക്ക് ഇതുവരെ അറിയാത്ത കുറച്ച് കാര്യങ്ങള്‍ ഐഡന്റിറ്റിയിലൂടെ പ്രേക്ഷകര്‍ക്ക് മനസിലാക്കാന്‍ എഴുത്തുകാര്‍ക്ക് സാധിച്ചു.

എന്നിരുന്നാലും തിരക്കഥയിലെ ചെറിയ ന്യൂനതകള്‍ കണ്ടില്ലെന്ന് നടിക്കാതെ വയ്യ. നായകന് പ്രതികാരം ചെയ്യേണ്ടിവരുന്നതിന്റെ കാരണവും വ്‌ലലന്റെ സഹായിയുടെ പ്രധാന ജോലിയും മലയാളസിനിമയില്‍ കാലങ്ങളായി പറഞ്ഞ് പഴകിത്തേഞ്ഞ ഒന്നാണ്. സ്ത്രീകളുടെ ഡ്രസിങ് റൂമില്‍ ഒളിക്യാമറ വെച്ച് അവരുടെ നഗ്നരംഗങ്ങള്‍ പകര്‍ത്തി അതിലൂടെ അവരെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്ന വില്ലന്‍ ഈയടുത്ത് വന്ന ഏറ്റവും മോശം കഥാപാത്രസൃഷ്ടികളില്‍ ഒന്നാണെന്നേ പറയാന്‍ സാധിക്കുള്ളൂ.

2025ലാണ് നമ്മള്‍ ജീവിക്കുന്നതെന്നും ഇത്തരം ചീപ്പ് നമ്പറുകള്‍ സ്ത്രീകളുടെ അടുത്ത് വിലപ്പോവില്ലെന്നും എഴുത്തുകാര്‍ മനസിലാക്കേണ്ടിയിരിക്കുന്നു. ഒരു സ്ത്രീയുടെ സ്വകാര്യദൃശ്യങ്ങള്‍ അവരുടെ അനുവാദമില്ലാതെ പകര്‍ത്തിയാല്‍ അത് പകര്‍ത്തിയവനെയാണ് ഇന്നത്തെ സമൂഹം ചോദ്യം ചെയ്യുക. ആ രീതിയിലേക്ക് സമൂഹം മാറിയിട്ടുണ്ട്.

മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നായ ദൃശ്യം തമിഴില്‍ റീമേക്ക് ചെയ്യപ്പെടുകയും അത് വന്‍ ഹിറ്റായി മാറുകയും ചെയ്തപ്പോള്‍ അതിനെ വിമര്‍ശിച്ചവരില്‍ ഒരാളായിരുന്നു സംവിധായകന്‍ മാരി സെല്‍വരാജ്. പല മാധ്യമങ്ങളും മാരിയുടെ പ്രതികരണം വലിയ വാര്‍ത്തയാക്കിയതുമായിരുന്നു.

 

‘ചിത്രത്തിലെ നായകകഥാപാത്രം തന്റെ മകളുടെ നഗ്നദൃശ്യം എടുത്തവന്റെ മരണം ഒളിപ്പിച്ച് വെക്കാന്‍ മാത്രമേ ശ്രമിക്കുന്നുള്ളൂ. ഒരിക്കല്‍ പോലും തന്റെ മകളോട്, ‘നിന്റെ അനുവാദമില്ലാതെ നിന്റെ സ്വകാര്യതയിലേക്ക് കടന്നുവന്ന അവനാണ് നാണിക്കേണ്ടത്, അവനാണ് പേടിക്കേണ്ടത്’ എന്നാണ് പറയേണ്ടത്. പക്ഷേ ഒരിക്കല്‍ പോലും അയാള്‍ അത് പറയുന്നില്ല.

അത്രയും വലിയ സ്റ്റാറായ കമല്‍ ഹാസന്‍ പോലും സ്ത്രീകളുടെ നഗ്നതയാണ് വലിയ മാനവും മാനക്കേടും എന്നാണ് ആ സിനിമയിലൂടെ പറയുന്നത്. ഒരിക്കല്‍ പോലും അങ്ങനെ ഒരുത്തന്‍ വീഡിയോ എടുത്താല്‍ പോടാ എന്ന് പറഞ്ഞ് ധൈര്യത്തോടെ നേരിടാന്‍ ആരും പറയുന്നില്ല’ എന്നായിരുന്നു മാരി സെല്‍വരാജ് വിമര്‍ശിച്ചത്.

 

സിനിമ എന്ന മാധ്യമത്തിന് സമൂഹത്തിലുണ്ടാക്കാന്‍ കഴിയുന്ന ഇംപാക്ട് വളരെ വലുതാണ്. സമൂഹത്തെ മുന്നോട്ട് നയിക്കാനും പിന്നോട്ട് വലിക്കാനുമുള്ള ശക്തി സിനിമക്കുണ്ട്. സമൂഹം പല രീതിയില്‍ മുന്നോട്ട് കുതിക്കുമ്പോഴും സ്ത്രീകളുടെ സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവന്നാല്‍ അവര്‍ തളരുമെന്ന് കാണിക്കുന്ന ഇത്തരം പിന്തിരിപ്പന്‍ എഴുത്തുകള്‍ തുടരാതിരിക്കാന്‍ സിനിമാക്കാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

Content Highlight: Identity movie old cliché motive of Villain characters

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം