ന്യൂദല്‍ഹി: രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ നിര്‍ണയിക്കലില്‍ വ്യത്യസ്ത നിലപാടുകളുമായി സംസ്ഥാന സര്‍ക്കാരുകള്‍. ബി.ജെ.പി നേതൃത്വം നല്‍കുന്ന സര്‍ക്കാരുകളാണ് ന്യൂനപക്ഷ വിഭാഗങ്ങളെ തിരിച്ചറിയുന്നത് സംബന്ധിച്ച് അഭിപ്രായ ഭിന്നത പ്രകടിപ്പിച്ചത്.
ന്യൂനപക്ഷങ്ങളെ നിര്‍ണയിക്കേണ്ടത് സംസ്ഥാന തലത്തിലാണോ ദേശീയ തലത്തിലാണോ എന്ന ചോദ്യത്തിന് 24 സംസ്ഥാനങ്ങളില്‍ നിന്നും ആറ് കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്ത പ്രതികരണങ്ങള്‍ ലഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വ്യാഴാഴ്ച സുപ്രീം കോടതിയെ അറിയിച്ചു.
സുപ്രീംകോടതിയില്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ് എന്നിവ ദേശീയ തലത്തില്‍ ന്യൂനപക്ഷങ്ങളെ തിരിച്ചറിയുന്ന നിലവിലെ സമ്പ്രദായത്തെ അനുകൂലിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഈ സംസ്ഥാനങ്ങളില്‍ ഹിന്ദു മതവിഭാഗം മതന്യൂനപക്ഷങ്ങളായി പരിഗണിക്കില്ല.
എന്നാല്‍, അസം, ഉത്തരാഖണ്ഡ്, ത്രിപുര, ഗോവ എന്നീ ബി.ജെ.പി സര്‍ക്കാരുകള്‍ക്ക് ഇതില്‍ നിന്ന് വ്യത്യസ്ത അഭിപ്രായമാണുള്ളത്. ന്യൂനപക്ഷങ്ങളെ സംസ്ഥാന അടിസ്ഥാനത്തില്‍ നിര്‍ണയിക്കണം എന്ന നിലപാടാണ് ഇവര്‍ കേന്ദ്രത്തെ അറിയിച്ചത്.
ന്യൂനപക്ഷ മതവിഭാഗങ്ങളെ നിശ്ചയിക്കുന്നതിനും, വിജ്ഞാപനം ചെയ്യുന്നതിനും നിലവിലെ രീതി തുടരണമെന്നാണ് കേരളം അറിയിച്ചത്.
തലസ്ഥാനമായ ദല്‍ഹിയില്‍ കുടിയേറ്റക്കാരായ ഹിന്ദുക്കള്‍ക്ക് പ്രത്യേക വിഭാഗമായ ‘മൈഗ്രേറ്റഡ് ന്യൂനപക്ഷ പദവി’ എന്ന ആശയം ദല്‍ഹി മുന്നോട്ട് വെച്ചിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലുണ്ട്.
അരുണാചല്‍ പ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ജാര്‍ഖണ്ഡ് എന്നീ നാല് സംസ്ഥാനങ്ങളും ജമ്മു-കശ്മീര്‍, ലക്ഷദ്വീപ് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും വിഷയത്തില്‍ ഇതുവരെ നിലപാട് അറിയിച്ചിട്ടില്ല.
2004 ലെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍ നിയമത്തിന്റെ 2 (എഫ്) വകുപ്പ് പ്രകാരം കേന്ദ്ര സര്‍ക്കാരാണ് ന്യൂനപക്ഷ മത വിഭാഗങ്ങളെ നിര്‍ണയിച്ച് വിജ്ഞാപനം ഇറക്കേണ്ടത്. ഇത് അനുസരിച്ച് മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മത വിഭാഗങ്ങളെ ന്യൂനപക്ഷ മത വിഭാഗങ്ങളായി കേന്ദ്രം വിജ്ഞാപനം ഇറക്കിയിട്ടുണ്ട്.
എന്നാല്‍, 2002ലെ സുപ്രധാനമായ ടി.എം.എ പൈ കേസില്‍ സുപ്രീംകോടതിയുടെ പതിനൊന്ന് അംഗ ഭരണഘടന ബെഞ്ച് സംസ്ഥാന അടിസ്ഥാനത്തില്‍ ആണ് മത, ഭാഷ ന്യൂനപക്ഷങ്ങളെ നിര്‍ണയിക്കേണ്ടതെന്ന് വിധിച്ചിരുന്നു.
ഈ വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങളെ നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായ ആണ് സുപ്രീംകോടതിയെ സമീപിച്ചത്.