ന്യൂദല്‍ഹി: ഹിന്ദിക്ക് ഒറ്റയ്ക്ക് രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കാന്‍ കഴിയുമെന്ന ആശയം അപകടകരമായ പ്രവണതയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. എല്ലാ ഭാഷയും പുരോഗതി നേടണമെന്ന അഭിപ്രായമാണു തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഐ.എന്‍.എക്‌സ് മീഡിയാ കേസില്‍ തിഹാര്‍ ജയിലില്‍ക്കഴിയവെയാണ് ചിദംബരത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയുള്ള പ്രതികരണം. ‘എന്റെ കുടുംബത്തോട് ഇനിക്കാണുന്ന ട്വീറ്റ് ചെയ്യാന്‍ ഞാന്‍ ആവശ്യപ്പെടുകയായിരുന്നു’ എന്നു പറഞ്ഞാണ് ട്വീറ്റ് ആരംഭിക്കുന്നത്.
തമിഴ് ജനതയടക്കം മറ്റു ഭാഷകള്‍ സംസാരിക്കുന്ന ആരും തന്നെ ഹിന്ദിയുടെ അടിച്ചേല്‍പ്പിക്കല്‍ അനുവദിച്ചു കൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ വെള്ളിയാഴ്ച ഡി.എം.കെയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും നിര്‍ദേശിക്കണമെന്ന് തമിഴ്‌നാട് പി.സി.സി പ്രസിഡന്റ് കെ.എസ് അളഗിരിയോട് ചിദംബരം ആവശ്യപ്പെട്ടിട്ടുമുണ്ട്.
നേരത്തേ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്റെ ഹിന്ദി നയത്തില്‍ വെള്ളം ചേര്‍ത്തിരുന്നു.
മാതൃഭാഷയോടൊപ്പം രണ്ടാം ഭാഷയായി ഹിന്ദിയും പഠിക്കണമെന്നാണു പറഞ്ഞതെന്നായിരുന്നു ഷായുടെ വിശദീകരണം. താനും ഹിന്ദി ഇതര സംസ്ഥാനമായ ഗുജറാത്ത് സ്വദേശിയാണെന്നും എന്തിലും രാഷ്ട്രീയം കാണുന്നവര്‍ക്ക് അങ്ങനെ ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അന്ന് ഷാ പറഞ്ഞത് ഇങ്ങനെ- ‘രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് പ്രധാനമാണ്. രാജ്യത്തിന് ഒരു പൊതു ഭാഷ വേണം. നമ്മുടെ സ്വാതന്ത്ര്യ സമര ഭടന്‍മാരുടെ ഭാഷയായ ഹിന്ദിയാണത്. ജനങ്ങള്‍ വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷയ്ക്ക് അതിന് സാധിക്കും. സര്‍ദാര്‍ വല്ലഭായ് പട്ടേലും മഹാത്മാ ഗാന്ധിയും സ്വപ്നം കണ്ട ഒരു രാജ്യം, ഒരു ഭാഷ എന്ന ലക്ഷ്യത്തിനായി ജനങ്ങള്‍ മുന്നിട്ടിറങ്ങണം’.
അമിത്ഷായുടെ പ്രസ്താവനക്കെതിരെ രാഷ്ട്രീയരംഗത്തും സാമൂഹിക രംഗത്തുമുള്ള നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു.
ശക്തമായ വിമര്‍ശനമാണ് തമിഴ്‌നാട്ടില്‍ നിന്നും ഉയര്‍ന്നത്. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാന്‍ ജെല്ലിക്കെട്ട് സമരത്തേക്കാള്‍ വലിയ പ്രക്ഷോഭം കാണേണ്ടിവരുമെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
കര്‍ണ്ണാടക സര്‍ക്കാര്‍ സംസ്ഥാനത്ത് കന്നട പ്രോത്സാഹിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും അതിന്റെ പ്രാധാന്യത്തെ ഇല്ലാതാക്കുന്ന ഒരു കാര്യത്തിനും തയ്യാറല്ലെന്നും അതില്‍ വിട്ടു വീഴ്ച്ചയില്ലെന്നും കര്‍ണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയും പറഞ്ഞിരുന്നു.