മഴക്കെടുതിയില്‍പ്പെട്ടവര്‍ക്കായി സൗജന്യ ടോക് ടൈമും ഡാറ്റയും ഹെല്‍പ്പ് ലൈനും; സഹായവുമായി ഐഡിയയും വോഡഫോണും
Heavy Rain
മഴക്കെടുതിയില്‍പ്പെട്ടവര്‍ക്കായി സൗജന്യ ടോക് ടൈമും ഡാറ്റയും ഹെല്‍പ്പ് ലൈനും; സഹായവുമായി ഐഡിയയും വോഡഫോണും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th August 2019, 8:03 am

കോഴിക്കോട്: മഴക്കെടുതിയില്‍പ്പെട്ട ഉപഭോക്താക്കള്‍ക്കായി സൗജന്യ ടോക് ടൈമും ഡാറ്റയും ഹെല്‍പ്പ് ലൈനും പ്രഖ്യാപിച്ച് വോഡഫോണും ഐഡിയയും. അടിയന്തര ആവശ്യങ്ങള്‍ക്കായി 10 രൂപയുടെ ടോക് ടൈമാണ് ഇവര്‍ നല്‍കുന്നത്.

വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക് *130# എന്നും ഐഡിയ ഉപഭോക്താക്കള്‍ക്ക് *150*150# എന്നും ഡയല്‍ ചെയ്ത് ടോക് ടൈം നേടാം. ഇതിനു പുറമേ ഒരു ജിബി ഡാറ്റയും കേരളത്തിലെ എല്ലാ വോഡഫോണ്‍, ഐഡിയ ഉപഭോക്താക്കള്‍ക്കും സൗജന്യമായി ലഭിക്കും.

1948 എന്ന നമ്പറില്‍ അടിയന്തര ആവശ്യങ്ങള്‍ക്കു ബന്ധപ്പെടുന്നതിനായി ഹെല്‍പ്പ് ലൈന്‍ സൗകര്യവും വോഡഫോണും ഐഡിയയും ഒരുക്കിയിട്ടുണ്ട്.

വോഡഫോണിന്റെയും ഐഡിയയുടെയും ഉപഭോക്താക്കളെ ആരെയെങ്കിലും കാണാതായിട്ടുണ്ടെങ്കില്‍ 1948 എന്ന നമ്പറില്‍ വിളിച്ച് കാണാതായ ആളുടെ ഫോണ്‍ നമ്പര്‍ നല്‍കിയാല്‍ ആള്‍ ഏറ്റവുമവസാനം ഏത് ടവറിനു കീഴിലായിരുന്നു എന്ന വിവരം എസ്.എം.എസ് ആയി ലഭിക്കും.

ഇന്ന് വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്രമഴയാകും ഇവിടങ്ങളില്‍ ഇന്നുണ്ടാവുക എന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചതോടെയാണിത്.

എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 204 മില്ലിമീറ്ററില്‍ കൂടുതല്‍ മഴയ്ക്കുള്ള സാധ്യതയുണ്ട്.