| Wednesday, 5th May 2021, 5:47 pm

സുപ്രീംകോടതി വിധിയ്ക്ക് പുല്ലുവില; എയിംസിലേക്ക് മാറ്റിയ സിദ്ദീഖ് കാപ്പനെ കാണാന്‍ അനുവദിക്കുന്നില്ലെന്ന് ഭാര്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുപ്രീം കോടതി വിധി അനുസരിച്ച് ദല്‍ഹിയിലെ എയിംസ് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്ത സിദ്ദീഖ് കാപ്പനെ കാണാന്‍ പൊലീസ് അനുവദിക്കുന്നില്ലെന്ന് ഭാര്യ റൈഹാന സിദ്ദീഖ്. കോടതിയിലെ പരാമര്‍ശങ്ങളില്‍ ഭാര്യക്ക് ദല്‍ഹിയില്‍ വന്നു സിദ്ദീഖ് കാപ്പനെ കാണാമെന്ന്
പറഞ്ഞിരുന്നെന്നും റൈഹാന സിദ്ദീഖ് പറഞ്ഞു.

ഇത്തിരി നേരം അദ്ദേഹത്തോട് സംസാരിക്കാന്‍ പോലും പൊലീസ് സമ്മതിക്കുന്നില്ലെന്നും അവര്‍ ഫേസ്ബുക്കില്‍ എഴുതി. ഇതുസംബന്ധിച്ച് മഥുര കോടതിയിലും ദല്‍ഹി ഹൈക്കോടതിയിലും അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

സിദ്ദീഖ് കാപ്പനെ ചികിത്സക്കായി ദല്‍ഹിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി ബുധനാഴ്ച്ച നിര്‍ദ്ദേശിച്ചിരുന്നു. ദല്‍ഹി എയിംസിലേക്കോ ആര്‍.എം.എല്‍ ആശുപത്രിയിലോ ചികിത്സ നല്‍കണമെന്നായുരുന്നു നിര്‍ദേശം.
സിദ്ദിഖ് കാപ്പനെ ദല്‍ഹിയിലേക്ക് മാറ്റേണ്ട കാര്യമില്ലെന്ന് യു.പി സര്‍ക്കാരും കേന്ദ്രവും വാദിച്ചെങ്കിലും സാങ്കേതിമായ കാരണങ്ങള്‍ക്കല്ല ആരോഗ്യത്തിനാണ് പ്രധാന്യം നല്‍കുന്നതെന്ന് കോടതി പറഞ്ഞു.

ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം ജാമ്യത്തിനായി അപേക്ഷിക്കാമെന്നും കോടതി പറഞ്ഞു. കാപ്പന് അടിയന്തര ചികിത്സ നല്‍കണമെന്ന ഹരജിയിലാണ് കോടതി തീരുമാനമറിയിച്ചത്. തുടര്‍ന്നായിരുന്നു ദല്‍ഹിയിലെ എയിംസ് ഹോസ്പിറ്റലില്‍ സിദ്ദീഖ് കാപ്പനെ അഡ്മിറ്റ് ചെയ്തത്.

റൈഹാന സിദ്ദീഖ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിന്റെ പൂര്‍ണ രൂപം

ഏപ്രില്‍ 30ന് സിദ്ദീക്കയെ സുപ്രീം കോടതി വിധി അനുസരിച്ച് ദല്‍ഹിയിലെ എയിംസ് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു.
മെയ് 1ന് കൊച്ചിയില്‍ നിന്നും രാവിലെ 10ന് ഞാനും മോനും കൂടെ ദല്‍ഹിയിലേക്ക് ഫ്‌ലൈറ്റ് കയറി..
കോടതിയിലെ പരാമര്‍ശങ്ങള്‍ക്കിടയില്‍ വ്യക്തമായി ജഡ്ജ് പറഞ്ഞിരുന്നു ഭാര്യക്ക് ദല്‍ഹിയില്‍ വന്നു അദ്ദേഹത്തെ കാണാമെന്ന്.

എന്നെ പൊലീസ് സമ്മതിക്കുന്നില്ല കാണാന്‍.. ഒരിത്തിരി നേരം അദ്ദേഹത്തോട് സംസാരിക്കാന്‍ പോലും അവര്‍ സമ്മതിക്കുന്നില്ല. താഴെയുള്ള രണ്ടു മക്കളെയും, വയ്യാത്ത ഉമ്മയെയും ഒക്കെ ഇട്ടേച്ചു ഓടി വന്നത് ഒന്ന് കാണാനാണ്. എന്റെ കൈ കൊണ്ട് കുറച്ചു കഞ്ഞി എങ്കിലും കൊടുക്കാനുള്ള ആഗ്രഹം കൊണ്ടാണ്…

ഇവിടെ കൂടുതല്‍ നില്‍ക്കാനും പറ്റില്ല. മോള്‍ കരയുന്നുണ്ട്.. അവള്‍ക് ഭയമാണ്.. ഉപ്പച്ചിയെ പോലെ എന്നെയും നഷ്ടമാവുമെന്ന്…
മഥുര കോടതിയിലും, ഹൈക്കോടതിയിലും അപേക്ഷ വെച്ചിട്ടുണ്ട്. പ്രാര്‍ത്ഥന.. എല്ലാവരുടെയും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights : Siddiqu Kappan’s wife denied access to AIIMS hospital in Delhi to see her husband

We use cookies to give you the best possible experience. Learn more