| Wednesday, 18th January 2023, 3:42 pm

സിനിമയില്‍ സവര്‍ണ മേല്‍ക്കോയ്മയും പുരുഷ മേധാവിത്വവും ഉണ്ടെന്നോ, ഏയ് ഒരിക്കലുമില്ല; ചോദ്യത്തോട് ഒരേ സ്വരത്തില്‍ പ്രതികരിച്ച് നടന്മാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ സവര്‍ണ മേല്‍ക്കോയ്മയും പുരുഷമേധാവിത്വവും നിലനില്‍ക്കുന്നതായി കരുതുന്നുണ്ടോ എന്ന ചോദ്യത്തെ തള്ളി നടന്‍മാരായ ഇടവേള ബാബുവും ഗണേഷ് കുമാറും മണിയന്‍പിള്ള രാജുവും.

സവര്‍ണ മേല്‍ക്കോയ്മയും പുരുഷ മേധാവിത്വവും ഇപ്പോഴും സിനിമയില്‍ സജീവമാണെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ ഒരു സംഭവമേയില്ലെന്നായിരുന്നു ഗണേഷ് കുമാറും മണിയന്‍പിള്ള രാജുവും ഇടവേള ബാബുവും ഒരേ സ്വരത്തില്‍ പറഞ്ഞത്.

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് ‘സിനിമയും എഴുത്തും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലായിരുന്നു താരങ്ങളുടെ പ്രതികരണം.

അവസരം കിട്ടാതെ വരുമ്പോള്‍ ഓരോരുത്തര്‍ പറയുന്ന വെറും ന്യായമാണ് ഇതൊക്ക എന്നായിരുന്നു ചോദ്യത്തോടുള്ള ഗണേഷ് കുമാറിന്റെ മറുപടി. തങ്ങള്‍ക്കിടയിലൊന്നും ജാതി കടന്നുവന്നിട്ടില്ലെന്നും ചിലരുടെ മനസില്‍ ഒരുപക്ഷേ കാണുമായിരിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

‘നമുക്ക് അവസരം കിട്ടാതെ വരുമ്പോള്‍ നമ്മള്‍ ഓരോ ന്യായം പറയുന്നതാണ് ഇതൊക്കെ. ഞാന്‍ ഒരു നടനായി വന്ന് രാഷ്ട്രീയത്തില്‍ വന്ന ആളാണ്. പണ്ടൊക്കെ ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് ഒരു മുറിയില്‍ കഴിഞ്ഞിട്ടുണ്ട്. ഞങ്ങളുടെ ഇടയില്‍ അങ്ങനെയൊന്നുമില്ല. ഇന്നൊക്കെയാണെങ്കില്‍ ഓരോരുത്തര്‍ക്കും ഓരോ മുറിയാണ്. ചിലരുടെ മനസില്‍ ഒരുപക്ഷേ ജാതി കാണും. പുറത്ത് പറയില്ല,’ എന്നായിരുന്നു ഗണേഷിന്റെ മറുപടി.

കഴിവുള്ളവര്‍ മുന്നോട്ടുവരുമെന്നും അവിടെ ജാതിയോ പുരുഷ-സ്ത്രീ വ്യത്യാസമോ ഒന്നും ഇല്ലെന്നായിരുന്നു മണിയന്‍പിള്ള രാജുവിന്റെ മറുപടി. മമ്മൂട്ടിയെ കൊണ്ടുവന്നത് എം.ടി വാസുദേവന്‍ നായരാണെന്നും മോഹന്‍ലാലിനെ കൊണ്ടുവന്നത് ഫാസിലാണെന്നുമായിരുന്നു മണിയന്‍പിള്ള രാജു പറഞ്ഞത്.

‘മമ്മൂട്ടി എന്ന ആക്ടറിനെ കൊണ്ടുവന്നത് എം.ടി വാസുദേവന്‍ നായരാണ്. മോഹന്‍ലാലിനെ കൊണ്ടുവന്നത് ഫാസിലാണ്. ഇതിനകത്ത് എന്താണ് വര്‍ക്ക് ചെയ്തിരിക്കുന്നത്. കഴിവുള്ള കലാകാരന്മാരെ കണ്ടെടുക്കുന്നതാണ്. മോഹന്‍ലാലും ഞാനും തമ്മിലുള്ള സുഹൃദ് ബന്ധം എല്ലാവര്‍ക്കും അറിയാം. മോഹന്‍ലാലിന്റെ മുഖത്ത് ആദ്യമായി മേക്കപ്പിടുന്നതും മോഹന്‍ലാലിനെ സ്‌കൂളില്‍ ആദ്യമായി ഡയറക്ട് ചെയ്യുന്നതും ഞാനാണ്. കഴിഞ്ഞ എട്ട് വര്‍ഷമായിട്ട് മോഹന്‍ലാലും ഞാനുമായി ഒരു സിനിമയില്‍ ഇല്ല. പത്ത് വര്‍ഷത്തിനിപ്പുറം അദ്ദേഹത്തെ വെച്ച് ഞാനൊരു സിനിമ പ്രൊഡ്യൂസ് ചെയ്തിട്ടില്ല. സുഹൃത്തായതുകൊണ്ട് അദ്ദേഹം എന്നെ വിളിക്കുമെന്നാണോ കരുതുന്നത്. അങ്ങനെയല്ല,’ എന്നായിരുന്നു മണിയന്‍പിള്ള രാജുവിന്റെ മറുപടി.

ബന്ധങ്ങള്‍ കൊണ്ടോ സൗഹൃദങ്ങള്‍ കൊണ്ടോ സിനിമ കിട്ടുമെങ്കില്‍ ഏറ്റവും കൂടുതല്‍ പടത്തില്‍ അഭിനയിക്കേണ്ട ആള്‍ താനാണെന്നായിരുന്നു ഇതോടുള്ള ഇടവേള ബാബുവിന്റെ മറുപടി. എല്ലാ നടന്മാരുമായും നല്ല സുഹൃദ്ബന്ധം തനിക്കുണ്ടെന്നും എന്നാല്‍ താന്‍ എത്ര സിനിമയില്‍ അഭിനയിക്കുന്നുണ്ട് എന്ന് എല്ലാവര്‍ക്കും അറിയുമല്ലോ എന്നുമായിരുന്നു ഇടവേള ബാബു പറഞ്ഞത്.

Content Highlight: Idavela babu Tiny Tom and KB ganesh Kumar about Caste supremacy and male dominance in cinema

We use cookies to give you the best possible experience. Learn more