| Saturday, 25th May 2024, 12:30 pm

അമ്മയുടെ പ്രസിഡന്റ് ആവാൻ ഏറ്റവും യോഗ്യൻ ആ നടനാണ്, ജനറൽ സെക്രട്ടറിയാവാന്‍ കുഞ്ചാക്കോ ബോബനും: ഇടവേള ബാബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വർഷങ്ങളായി മലയാള സിനിമയുടെ ഭാഗമാണ് ഇടവേള ബാബു. 1994 ൽ രൂപീകരിച്ച താര സംഘടനയായ അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്( അമ്മ ) ന്റെ തുടക്കം മുതൽ ഇടവേള ബാബു ഭാഗമാണ്. നിലവിൽ സംഘടനയുടെ ജനറൽ സെക്രട്ടറിയാണ് ഇടവേള ബാബു.

എന്നാൽ കഴിഞ്ഞ ദിവസം അമ്മയുടെ പ്രസിഡന്റ് മോഹൻലാലും ജനറൽ സെക്രട്ടറി ഇടവേള ബാബുവും ഒഴിയുന്നുവെന്ന തരത്തിൽ വാർത്തകൾ വന്നിരിന്നു. ഇരുവരും ഒഴിഞ്ഞാൽ ജൂൺ 30നാവും പുതിയ ഭാരവാഹികൾക്കുള്ള തെരഞ്ഞെടുപ്പ് നടത്തുക.

എന്നാൽ തനിക്ക് അമ്മയുടെ തലപ്പത്തേക്ക് നടൻ പൃഥ്വിരാജ് വരുന്നതിൽ ആഗ്രഹമുണ്ടെന്ന് ഇടവേള ബാബു മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

അമ്മയുടെ അടുത്ത പ്രസിഡന്റാവാൻ ഏറ്റവും യോഗ്യൻ പൃഥ്വിരാജ് ആണെന്നും കാര്യങ്ങൾ തുറന്ന് പറയുന്ന ആളാണ് പൃഥ്വിയെന്നുമായിരുന്നു ഇടവേള ബാബു കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. അതുപോലെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുഞ്ചാക്കോ ബോബൻ വരുന്നതും തനിക്ക് ആഗ്രഹമുണ്ടെന്ന് ഇടവേള ബാബു പറഞ്ഞിരുന്നു.

‘അമ്മയുടെ അടുത്ത പ്രസിഡന്റ് ആകേണ്ടത് പൃഥ്വിരാജ് ആണ്. എനിക്ക് ഭയങ്കര ഇഷ്ടമുള്ള ആളാണ്. കാര്യങ്ങൾ തുറന്നു പറയുന്ന ഒരാളാണ്. രാജുവിന് രാജുവിന്റേതായ പൊളിറ്റിക്സും കാര്യങ്ങളൊക്കെ ഉണ്ടായിക്കോട്ടെ. രാജു അമ്മയുടെ അടുത്ത പ്രസിഡന്റ് ആകണമെന്ന് ഞാൻ ആഗ്രഹിക്കുന്ന ഒരാളാണ്.

കാരണം രാജുവിന് അത് കഴിയും. അതിനുള്ള കാര്യക്ഷമത ഉള്ള ആളാണ്. കാര്യങ്ങൾ വ്യക്തമായിട്ട് അറിയാം. രാജു നമ്മൾ കാണുന്നതിന്റെ അപ്പുറത്തൊക്കെയുണ്ട്. ഒരാളുടെ വിഷമങ്ങളൊക്കെ തിരിച്ചറിയാൻ കഴിവുള്ള ഒരാളാണ്. എനിക്ക് ആഗ്രഹം രാജു ആ പൊസിഷനിലേക്ക് വരണം എന്നുള്ളതാണ്.

ഷൂട്ടിങ്ങും കാര്യങ്ങളൊക്കെ ആയിട്ട് തിരക്കിലാണ്. എന്നാൽ എപ്പോൾ വിളിച്ചാലും ആദ്യം ഫോൺ എടുക്കുന്ന ഒരാളാണ്. രാജു ഒരിക്കലും ഒരു എതിരാളി ഒന്നുമല്ല. എന്റെ ഇതിൽ രാജുവാണ് അടുത്ത പ്രസിഡന്റ് ആകേണ്ട ഒരാൾ. അതുപോലെ ചാക്കോച്ചൻ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വരണമെന്നുള്ള ഒരു ആഗ്രഹം എനിക്കുണ്ട്,’ ഇടവേള ബാബു പറഞ്ഞു,’ഇടവേള ബാബുവിന്റെ വാക്കുകൾ.

Content Highlight: Idavela Babu Talk About Next President And General secretary  Of Amma

We use cookies to give you the best possible experience. Learn more