ദിലീപിനെതിരെ ആക്രമിക്കപ്പെട്ട നടി പരാതിപ്പെട്ടിരുന്നുവെന്ന് ഇടവേള ബാബു; പൊലീസിന് നല്‍കിയ മൊഴി പുറത്ത്
Kerala News
ദിലീപിനെതിരെ ആക്രമിക്കപ്പെട്ട നടി പരാതിപ്പെട്ടിരുന്നുവെന്ന് ഇടവേള ബാബു; പൊലീസിന് നല്‍കിയ മൊഴി പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th June 2018, 11:47 am

കൊച്ചി: നടന്‍ ദിലീപിനെതിരെ ആക്രമിക്കപ്പെട്ട നടി പരാതിപ്പെട്ടിരുന്നുവെന്ന് അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. പൊലീസിന് നല്‍കിയ മൊഴിയിലാണ് ഇടവേള ബാബു ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

നടിയുടെ പരാതിയെ തുടര്‍ന്ന് ദിലീപുമായി താന്‍ സംസാരിച്ചിരുന്നെന്നും ഇടവേള ബാബു മൊഴിയില്‍ പറഞ്ഞിട്ടുണ്ട്.


ആക്രമിക്കപ്പെട്ട നടിയുടെ അവസരം നഷ്ടപ്പെടുത്തിയിട്ടില്ല; പുറത്താക്കിയത് രേഖാമൂലം അറിയിച്ചിട്ടല്ലെന്നും ദിലീപ്


നടിയുടെ പരാതിയില്‍ വാസ്തവമുണ്ടെന്ന് തോന്നിയിരുന്നു. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ തലയിടുന്നത് എന്തിനാണെന്ന് താന്‍ ദിലീപിനോട് ചോദിക്കുകയും ചെയ്തു.

അമ്മയുടെ സ്റ്റേജ് ഷോ റിഹേഴ്‌സലിനിടെ ദിലീപും നടിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അതിന് ശേഷം നടിയും കാവ്യയും തമ്മില്‍ മിണ്ടിയിട്ടില്ലെന്നും ഇടവേള ബാബു മൊഴിയില്‍ പറയുന്നു.

ദിലീപ് തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്ന് കാണിച്ച് സംഘടനയ്ക്ക് പരാതി നല്‍കിയെങ്കിലും അവര്‍ നടപടിയെടുത്തില്ലെന്നായിരുന്നു നടിയുടെ പരാതി. അതുകൊണ്ട് തന്നെ ഇനി സംഘടനയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും “അമ്മ”യില്‍ നിന്നും രാജിവെക്കുകയാണെന്നും നടി പ്രഖ്യാപിച്ചിരുന്നു.


എ.എം.എം.എയില്‍ ഇടതുപക്ഷ ജനപ്രതിനിധികള്‍ എന്തുകൊണ്ട് നിലപാടു വ്യക്തമാക്കിയില്ലെന്നു പരിശോധിക്കണം: വനിതാ കമ്മീഷന്‍


എന്നാല്‍ ദിലീപിനെതിരെ നടിയുടെ പരാതി ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ദിലീപിനോട് വിശദീകരണം ചോദിക്കാന്‍ പറ്റില്ലെന്നുമായിരുന്നു താരസംഘടന പറഞ്ഞിരുന്നത്. എന്നാല്‍ പൊലീസിന് നല്‍കിയ ഇടവേള ബാബുവിന്റെ മൊഴി നടിയുടെ വാദം ശരിവെക്കുന്നതാണ്.

ആക്രമിക്കപ്പെട്ട നടിയുടെ അവസരം താന്‍ നഷ്ടപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ദിലീപിന്റെ പ്രതികരണം. താന്‍ അവസരം നഷ്ടപ്പെടുത്തിയെന്ന് പറഞ്ഞുള്ള നടിയുടെ പരാതി സംഘടനയ്ക്ക് ലഭിച്ചിരുന്നെങ്കില്‍ തന്നോട് അവര്‍ വിശദീകരണം ചോദിക്കണമായിരുന്നെന്നും ദിലീപ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.