| Wednesday, 12th June 2024, 8:44 am

അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ തുടരും; രാഷ്ട്രീയക്കാര്‍ ഔദ്യോഗിക സ്ഥാനങ്ങളില്‍ ഇരിക്കരുത്: ഇടവേള ബാബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1994ല്‍ രൂപീകരിച്ച താര സംഘടനയാണ് അമ്മ. അന്ന് മുതല്‍ സംഘടനയുടെ വിവിധ പദവികളില്‍ ഇരുന്നിട്ടുള്ള വ്യക്തിയാണ് ഇടവേള ബാബു. ഇന്നസെന്റ് പ്രസിഡന്റും മമ്മൂട്ടി ഓണററി സെക്രട്ടറിയുമായ കമ്മിറ്റിയില്‍ ജോയിന്‍ സെക്രട്ടറി ആയിട്ടായിരുന്നു ഇടവേള ബാബു അമ്മയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

മമ്മൂട്ടിയും മോഹന്‍ലാലും പിന്നീട് ജനറല്‍ സെക്രട്ടറി സ്ഥാനത്തിരുന്നപ്പോള്‍ ഇടവേള ബാബു സെക്രട്ടറിയായിരുന്നു. പിന്നീട് 2018ലാണ് അദ്ദേഹം അമ്മയുടെ ജനറല്‍ സെക്രട്ടറിയായത്. ഈയിടെയായിരുന്നു സംഘടനയുടെ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായ മോഹന്‍ലാലും ഇടവേള ബാബുവും സ്ഥാനമൊഴിയുമെന്ന വാര്‍ത്ത പുറത്തുവന്നത്.

ഏറെ വര്‍ഷങ്ങളായി അമ്മയുടെ തലപ്പത്തുള്ള ഇടവേള ബാബു ഭാരവാഹിയാകാന്‍ ഇനി താനില്ലെന്ന കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു മോഹന്‍ലാലും സ്ഥാനം ഒഴിയാന്‍ താത്പര്യം പ്രകടിപ്പിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ ജൂണ്‍ 30ന് അമ്മ ഭാരവാഹി തെരഞ്ഞെടുപ്പും വാര്‍ഷിക ജനറല്‍ ബോഡിയും നടക്കാനിരിക്കെ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന് പറഞ്ഞിരിക്കുകയാണ് ഇടവേള ബാബു.

എന്നാല്‍ മോഹന്‍ലാല്‍ സംഘടനയുടെ പ്രസിഡന്റായി തുടരുമെന്നും അധികാര ദുര്‍വിനിയോഗം ചെയ്യാത്ത ആള്‍ തന്നെയാകും പുതിയ ജനറല്‍ സെക്രട്ടറിയെന്നും ഇടവേള ബാബു പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയക്കാര്‍ അമ്മയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ ഇരിക്കരുതെന്നാണ് അഭ്യര്‍ത്ഥനയെന്നും ബാബു പറയുന്നു.

‘പുതിയ ആളുകള്‍ വരേണ്ട സമയമായി. ഒരു ട്രാന്‍സ്‌പോര്‍ട്ട് വണ്ടി രാവിലെ ഗാരേജില്‍ നിന്ന് പോകുന്നത് പോലെയാണ് ഇപ്പോള്‍. രാവിലെ വണ്ടി സ്റ്റാര്‍ട്ടാക്കും പോകും. അതില്‍ ഓയില്‍ ഒഴിക്കില്ല, അത് കഴുകില്ല. ഇങ്ങനെ പോയി കൊണ്ടിരിക്കുകയെയുള്ളൂ.

അതിന് മാറ്റം വേണമെങ്കില്‍ ഞാന്‍ മാറണം. അപ്പോള്‍ സ്വാഭാവികമായും പുതിയ ചിന്തകള്‍ വരും. ഒരുപാട് അധികാരങ്ങളുള്ള ആളാണ് ജനറല്‍ സെക്രട്ടറി. അത് മിസ് യൂസ് ചെയ്യാത്ത ആളാകണം അടുത്തതായി വേണ്ടതെന്ന് എനിക്ക് ആഗ്രഹമുണ്ട്. അതുപോലെ തന്നെയേ സംഭവിക്കുകയുള്ളു.

ഞാന്‍ ഇല്ലെങ്കില്‍ ലാലേട്ടന്‍ പിന്മാറുമെന്ന തീരുമാനത്തിലായിരുന്നു ആദ്യം നിന്നത്. അദ്ദേഹത്തോട് കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. അമ്മയിലെ ആളുകള്‍ക്ക് രാഷ്ട്രീയം വന്നപ്പോഴാണ് സംഘടനയ്ക്ക് കാല്‍ ഇടറിയത്. മുമ്പ് ആര്‍ക്കും രാഷ്ട്രീയമില്ലായിരുന്നു.

ഉണ്ടെങ്കില്‍ തന്നെ പൊതുജനങ്ങള്‍ക്ക് ആ രാഷ്ട്രീയം അറിയില്ലായിരുന്നു. ഇപ്പോള്‍ എല്ലാവര്‍ക്കും ഓരോ രാഷ്ട്രീയ പാര്‍ട്ടികളില്‍ സ്വാധീനമുണ്ടായി. അവര്‍ ആ പാര്‍ട്ടിയുടെ ആളാണെന്ന തോന്നല്‍ മറ്റുള്ളവര്‍ക്കും വന്നു. അവിടം മുതലാണ് അമ്മക്ക് നേരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ശക്തികൂടുന്നത്,’ ഇടവേള ബാബു പറഞ്ഞു.


Content Highlight: Idavela Babu Says Politicians Should Not Hold Official Positions In Amma

We use cookies to give you the best possible experience. Learn more