'അമ്മ ഒരു ക്ലബ്ബാണ്, വിജയ് ബാബു അംഗമായ മറ്റ് ക്ലബ്ബുകള്‍ ഒന്നും അദ്ദേഹത്തെ പുറത്താക്കിയിട്ടില്ല'; ഇടവേള ബാബു
Entertainment news
'അമ്മ ഒരു ക്ലബ്ബാണ്, വിജയ് ബാബു അംഗമായ മറ്റ് ക്ലബ്ബുകള്‍ ഒന്നും അദ്ദേഹത്തെ പുറത്താക്കിയിട്ടില്ല'; ഇടവേള ബാബു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 26th June 2022, 9:14 pm

വിജയ് ബാബുവിനെ പുറത്താക്കാനാകില്ലെന്ന് താരസംഘടനയായ എ.എം.എം.എ. വിജയ് ബാബുവിനെതിരെയുള്ള പീഡന പരാതി കോടതിയുടെ പരിഗണനയിലാണെന്നും അതിന്റെ വിധി വരുന്നതിന് മുമ്പ് എടുത്തുചാടി തീരുമാനം എടുക്കാനാവില്ലയെന്നുമാണ് എ.എം.എം.എ ജനറല്‍ ബോഡി മീറ്റിങ്ങില്‍ ഇടവേള ബാബു പറഞ്ഞത്.

‘ വിജയ് ബാബു നിരവധി ക്ലബ്ബുകളില്‍ അംഗമാണ്. അമ്മ അതില്‍ ഒരു ക്ലബ്ബ് മാത്രമാണ്. മറ്റു ക്ലബ്ബുകള്‍ ഒന്നും തന്നെ വിജയ് ബാബുവിനെ പുറത്താക്കിയിട്ടില്ല’; ഇടവേള ബാബു പറഞ്ഞു.

വിജയ് ബാബുവിന്റെ വിഷയത്തില്‍ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍നിന്നു രാജിവച്ചവരുടെ രാജി സ്വീകരിച്ചതായും ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു. അമ്മയ്ക്കു മാത്രമായി ഇനി ആഭ്യന്തര പരാതി പരിഹാര സെല്ലില്ല. സിനിമയ്ക്കു മൊത്തമായി ഫിലിം ചേംബറിനു കീഴില്‍ ഒരു ഐ.സി.സി ഉണ്ടാകുമെന്നും സമിതിയില്‍ എ.എം.എം.എയുടെ പ്രതിനിധികള്‍ ഉണ്ടാകുമെന്നും ഇടവേള ബാബു വ്യക്തമാക്കി.

‘വിജയ് ബാബു വെറും കുറ്റാരോപിതന്‍ മാത്രമാണ്. മുന്‍കൂര്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ആളെ എന്തടിസ്ഥാനത്തിലാണ് പുറത്താക്കിയതെന്ന് ചോദിച്ചാല്‍ എന്ത് പറയാനാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിന്റെ തീരുമാനമറിയാതെ തീരുമാനമെടുക്കാനാവില്ലാ’ എന്നാണ് സിദ്ദിഖ് പറഞ്ഞത്

അതേസമയം അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് നടന്‍ ഷമ്മി തിലകനെ പുറത്താക്കാനുള്ള തീരുമാനത്തെ ഭൂരിഭാഗം പേരും യോഗത്തില്‍ അനുകൂലിച്ചു എന്നാണ് വിവരം. മമ്മൂട്ടി, മനോജ് കെ. ജയന്‍, ലാല്‍, ജഗദീഷ് തുടങ്ങിയ ചുരുക്കം ചില താരങ്ങള്‍ മാത്രമാണ് ഷമ്മി തിലകനെ സംഘടനയില്‍ നിന്നും പുറത്താക്കേണ്ട എന്ന നിലപാട് കൈക്കൊണ്ടത്. ഷമ്മി തിലകനെ നിലവില്‍ സംഘടനയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെയെന്നാണ് നടന്‍ സിദ്ദിഖ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.

”അമ്മയ്‌ക്കെതിരെ ഷമ്മി തിലകന്‍ സോഷ്യല്‍ മീഡിയയില്‍ കൂടി അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. സംഘടന മാഫിയ സംഘമാണ് എന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിച്ചതില്‍ അംഗങ്ങള്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. കഴിഞ്ഞ ജനറല്‍ ബോഡിയിലും ഇത് പറഞ്ഞതാണ്. ഇത്തവണ പൊതുയോഗം ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

അതിനാല്‍ അദ്ദേഹത്തിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ പൊതുയോഗം എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഷമ്മിയെ വിളിച്ച് അദ്ദേഹത്തിന് പറയാനുള്ളത് കേട്ടതിനു ശേഷമായിരിക്കും നടപടി സ്വീകരിക്കുക. ഭൂരിഭാഗം പേരും അദ്ദേഹത്തെ പുറത്താക്കണമെന്ന അഭിപ്രായമാണ് നടത്തിയത്. എന്നാല്‍ അതിന് മുന്‍പ് അദ്ദേഹത്തെ കേള്‍ക്കേണ്ട ബാധ്യതയുണ്ട്,” അദ്ദേഹം പറഞ്ഞു.

Content Highlight : Idavela babu says AMMA is a club and they support vijay babu