1982 പുറത്ത് വന്ന ഇടവേള എന്ന ചിത്രത്തിലൂടെയാണ് ഇടവേള ബാബു സിനിമയിലെത്തിയത്. മോഹന്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് പത്മരാജനായിരുന്നു. ചിത്രത്തിന്റെ സമയത്തുള്ള ഒരു അനുഭവം പങ്കുവെക്കുകയാണ് ഇടവേള ബാബു.
ഇടവേളയുടെ ഡബ്ബിനിടക്കാണ് മമ്മൂട്ടിയെ ആദ്യമായി കണ്ടതെന്ന് ഇടവേള ബാബു പറഞ്ഞു. അന്ന് മമ്മൂട്ടി തന്നെ ഇങ്ങോട്ട് വന്ന് പരിചയപ്പെട്ടുവെന്നും കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
‘ഇടവേളയുടെ ഡബ്ബ് ചെയ്യുന്ന സമയത്താണ് ആദ്യമായി മമ്മൂക്കയെ കാണുന്നത്. ഞാനും അശോകനും കൃഷ്ണ ചന്ദ്രനും ആ ചിത്രത്തില്‍ ഉണ്ടായിരുന്നു. അശോകന്‍ അപ്പോള്‍ യവനികയിലും അഭിനയിക്കുന്നുമുണ്ട്. അന്ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലിലാണ് താമസിക്കുന്നത്. സിനിമാക്കാരൊക്കെ വന്ന് നില്‍ക്കുന്ന ഹോട്ടലാണ്.
അന്ന് ഡബ്ബിങ് കഴിഞ്ഞ് ഞങ്ങള്‍ അവിടേക്ക് കേറി ചെല്ലുമ്പോള്‍ ഒരാള്‍ കള്ളിമുണ്ടുമുടുത്ത് ബീഡിയും വലിച്ച് നില്‍ക്കുന്നുണ്ട്. അദ്ദേഹം കാറിനടുത്ത് വന്നിട്ട് ബാബുവാണല്ലേ എന്ന് ചോദിച്ചു. ഞാന്‍ അതേ എന്ന് പറഞ്ഞു. ഭാഗ്യവാനാണ് കേട്ടോ, പത്മരാജനും മോഹനനും, എന്താ കോമ്പോ എന്ന് ചോദിച്ചു. ഇങ്ങേരാരാണ്, എല്ലാം പഠിച്ചുവെച്ചിരിക്കുന്ന ഒരാള് എന്ന് ഞാന്‍ ചിന്തിച്ചു.
നിങ്ങളാരാണ് എന്ന് ചോദിച്ചപ്പോള്‍ സജിന്‍ എന്ന് പറഞ്ഞു. അന്ന് മമ്മൂക്ക പേര് മാറ്റിയ സമയമാണ്. വില്‍ക്കാനുണ്ട് സ്വപ്‌നങ്ങളില്‍ അഭിനയിച്ച ആളല്ലേ എന്ന് ഞാന്‍ ചോദിച്ചു. അത് ഞാന്‍ തന്നെയാണെന്ന് പറഞ്ഞു. ഭയങ്കര ഗൗരവമാണ് പുള്ളിക്ക്. അന്ന് തന്നെ നമ്മുടെ പോലും ഹിസ്റ്ററി പഠിച്ചുവെച്ചിരിക്കുകയാണ്. അതാണ് മമ്മൂക്കയുമായി ആദ്യമായി ഉണ്ടായ സംഭവം. ചില നേരത്ത് ഞാനിത് ഓര്‍മിപ്പിക്കും. എന്നെ ഇങ്ങോട്ട് വന്ന് പരിചയപ്പെട്ട ആളാണ് കേട്ടോ എന്ന് തമാശക്ക് പറയും. മമ്മൂക്ക പക്ഷേ അതൊക്കെ എന്‍ജോയ് ചെയ്യുന്ന ആളാണ്,’ ഇടവേള ബാബു പറഞ്ഞു.
Content Highlight: Idavela Babu said that he met Mammootty for the first time during the dubbing of ‘Idavela’