സ്റ്റേജിന് പിറകിൽ സൂര്യ അമ്പരന്ന് നിൽക്കുകയാണ്; ഇതൊന്നും മറ്റൊരു ഭാഷയിലും ഉണ്ടാവില്ലെന്നും പറഞ്ഞു: ഇടവേള ബാബു
Entertainment news
സ്റ്റേജിന് പിറകിൽ സൂര്യ അമ്പരന്ന് നിൽക്കുകയാണ്; ഇതൊന്നും മറ്റൊരു ഭാഷയിലും ഉണ്ടാവില്ലെന്നും പറഞ്ഞു: ഇടവേള ബാബു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 2nd January 2024, 4:49 pm

അമ്മയുടെ ഒരു ഷോയിലേക്ക് തെന്നിന്ത്യൻ താരം സൂര്യ വന്ന അനുഭവം പങ്കുവെക്കുകയാണ് ഇടവേള ബാബു. സൂര്യ സ്വന്തമായി ടിക്കറ്റ് എടുത്തിട്ടാണ് ഷോയിലേക്ക് വന്നതെന്ന് ഇടവേള ബാബു പറഞ്ഞു. മോഹൻലാലും മമ്മൂട്ടിയുമായുള്ള സ്നേഹ പ്രകടനങ്ങൾ കണ്ടപ്പോൾ ഇതൊന്നും മറ്റു ഭാഷയിൽ ഉണ്ടാവില്ലെന്ന് സൂര്യ പറഞ്ഞെന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു. സൂര്യ പോകുമ്പോൾ അമ്മയിലേക്ക് സേവനത്തിന് വേണ്ടി പത്ത് ലക്ഷം രൂപ തന്നിരുന്നെന്നും ഇടവേള ബാബു പറഞ്ഞു. കാൻമീഡിയചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മൂന്ന് വർഷങ്ങൾക്ക് മുൻപ് അമ്മയുടെ ഒരു ഷോ തിരുവനന്തപുരത്ത് നടന്നിരുന്നു. ആ ഒരു പരിപാടിയിലേക്ക് സൂര്യ വന്നിരുന്നു. ലാലേട്ടൻ ഫോൺ വിളിച്ചിട്ട് എന്റെ കയ്യിലാണ് തരുക. അദ്ദേഹത്തെ ക്ഷണിച്ചതൊക്കെ ഞാനാണ്. നമ്മൾ ടിക്കറ്റ് കൊടുക്കാതെ അദ്ദേഹം സ്വന്തമായി ടിക്കറ്റ് എടുത്തിട്ടാണ് വന്നത്.

അദ്ദേഹം സ്റ്റേജിന്റെ പിറകിൽ അമ്പരന്ന് നിൽക്കുകയാണ്. അവിടെ മമ്മൂക്കയുടെ ഷർട്ട് ലാലേട്ടൻ ഇട്ടു കൊടുക്കുന്നു, ലാലേട്ടന് മമ്മൂക്ക കെട്ടിക്കൊടുക്കുന്നു. ഇവരുടെ എല്ലാവരുടെയും യൂണിറ്റി കണ്ടു നിൽക്കുകയാണ്. ഈ ഫാൻസിന്റെ വഴക്കും കാര്യങ്ങളൊക്കെ പുറത്താണ്, അകത്ത് ഇതൊന്നുമല്ല.

സൂര്യ എന്നോട് സംസാരിച്ചപ്പോൾ ‘ഇതൊന്നും വേറൊരു ഭാഷയിലും ചിന്തിക്കാൻ പറ്റില്ല കേട്ടോ, നിങ്ങളുടെ യൂണിറ്റ് ഭയങ്കരമാണ്’ എന്ന് പറഞ്ഞു. വഴക്കൊക്കെ ഉണ്ടാകും, പക്ഷേ പ്രത്യക്ഷത്തിൽ അതൊന്നുമില്ല. അവസാനം പോകാൻ നേരം അദ്ദേഹം 10 ലക്ഷം രൂപ അമ്മയിലേക്ക് സേവനത്തിന് വേണ്ടി തന്നിട്ടാണ് പോയത്,’ ഇടവേള ബാബു പറഞ്ഞു.

മലയാള സിനിമ താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തിരുന്ന താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. നിലവിൽ അമ്മയുടെ പ്രസിഡന്റ് മോഹൻലാലും ജനറൽ സെക്രട്ടറി ഇടവേള ബാബുവുമാണ്. മമ്മൂട്ടിയും മോഹൻലാലും പ്രസിഡന്റ് ആയിരുന്നപ്പോഴുള്ള അനുഭവവും ഇടവേള ബാബു അഭിമുഖത്തിൽ പങ്കുവെച്ചു. ലാലേട്ടൻ കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കില്ലെന്നും താൻ എല്ലാം ചെയ്യുമെന്നുള്ള വിശ്വാസമാണെന്നും ഇടവേള ബാബു പറഞ്ഞു. എന്നാൽ മമ്മൂട്ടി അങ്ങനെയല്ലെന്നും എല്ലാം കൃത്യമായി മനസിലാക്കിയാണ് ചർച്ച ചെയ്യുകയെന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു

Content Highlight: Idavela babu about surya’s visit at AMMA show