| Sunday, 27th June 2021, 2:43 pm

പട്ടിണിയുടെ അറ്റത്താണ് സിനിമാ വ്യവസായം; ഇനിയും ഒരു കൈത്താങ്ങ് കിട്ടിയില്ലെങ്കില്‍ തകര്‍ന്ന് പോകും: ഇടവേള ബാബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: പട്ടിണിയുടെ അങ്ങേ അറ്റത്താണ് മലയാള സിനിമ വ്യവസായമെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. ഇപ്പോഴെങ്കിലുമൊരു കൈത്താങ്ങ് കിട്ടിയില്ലെങ്കില്‍ തകര്‍ന്ന് പോകുമെന്നും ഇടവേള ബാബു പറഞ്ഞു.

അതേസമയം ലോക്ഡൗണില്‍ നഷ്ടത്തിലായ സിനിമാ വ്യവസായത്തെ കരകയറ്റാന്‍ പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നാണ് സിനിമാ സംഘടനകള്‍ ആവശ്യപ്പെടുന്നത്. എല്ലാ മേഖലയിലും ഇളവ് അനുവദിക്കുമ്പോള്‍ ഷൂട്ടിംഗ് മാത്രം തുടരാന്‍ അനുമതി നല്‍കാത്തതിനെയും വിമര്‍ശിച്ചിരുന്നു.

നിയന്ത്രണം പാലിച്ച് സിനിമാ ചിത്രീകരണം അനുവദിക്കണമെന്ന ആവശ്യമാണ് സംഘടനകള്‍ മുന്നോട്ടുവെക്കുന്നത്. ഷൂട്ടിംഗിന് അനുമതി തേടുന്നതിന്റെ ഭാഗമായി അമ്മയിലെ അംഗങ്ങള്‍ക്ക് ഞായറാഴ്ച വാക്‌സിനേഷന്‍ നല്‍കി.

എന്നാല്‍ കേരളത്തില്‍ കൊവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ തീയറ്ററുകള്‍ തുറക്കാന്‍ ഉടന്‍ അനുമതി നല്‍കേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍.

ചലച്ചിത്ര പ്രവര്‍ത്തകര്‍ എല്ലാവരും വാക്‌സിന്‍ എടുത്ത് തയ്യാറാകാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് അമ്മ വാക്‌സിനേഷന്‍ ക്യാംപ് നടത്തിയത്.

താരങ്ങളെയും കുടുംബാംഗങ്ങളെയും, ഒപ്പമുള്ള സഹായികളെയും, ആശ്രിതരേയും, കൂടാതെ ഓഫീസിനടുത്തുള്ള പരിസരവാസികളെയും അമ്മയുടെ വാക്‌സിനേഷന്‍ പരിപാടിയില്‍ ഉള്‍പ്പടുത്തിയിട്ടുണ്ട്.

രണ്ട് കൊവിഡ് തരംഗങ്ങളിലായി തവണകളായുള്ള ലോക്ഡൗണ്‍ മൂലം പൂര്‍ണമായും നിലച്ചു പോയ സിനിമ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി, പ്രതിരോധ കുത്തിവയ്പ്പിന്റെ അനിവാര്യത മനസ്സിലാക്കി കൊണ്ടാണ് അമ്മ വാക്‌സിനേഷന്‍ ഡ്രൈവിലേക്കു മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നും ഇടവേള ബാബു പറഞ്ഞു.

ഒന്നര വര്‍ഷത്തോളമായി കടുത്ത പ്രതിസന്ധിയിലാണ് സിനിമാ വ്യവസായം. നിരവധി സിനിമകളുടെ ചിത്രീകരണമാണ് പാതി വഴിയില്‍ മുടങ്ങിക്കിടക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Idavela Babu about Covid lockdown and cinema industry in crisis

We use cookies to give you the best possible experience. Learn more