ഇടമലയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിയില്‍; ഒരു ഷട്ടര്‍ കൂടി തുറന്നു
Kerala News
ഇടമലയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിയില്‍; ഒരു ഷട്ടര്‍ കൂടി തുറന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th August 2018, 9:43 pm

ഇടുക്കി: ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഒരു ഷട്ടര്‍ കൂടി തുറന്നു. രണ്ട് ഷട്ടറുകളാണ് നിലവില്‍ ഇടമലയാര്‍ അണക്കെട്ടില്‍ തുറന്നിരിക്കുന്നത്.

ഡാമിലെ ജലനിരപ്പ് 169 മീറ്ററായി ഉയര്‍ന്നിട്ടുണ്ട്. പരമാവധി സംഭരണശേഷിയാണിത്.

സെക്കന്റില്‍ 200 ഘനമീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്.

അതേസമയം, ഇടുക്കി ചെറുതോണി അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നുണ്ട്. നിലവില്‍ 2400.26 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. എന്നാല്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞിട്ടില്ല.

ALSO READ: കനത്ത മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട്

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴയുണ്ടാകുമെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.

അതേസമയം മഴ കനക്കുമെന്ന വാര്‍ത്ത പുറത്തുവന്നതോടെ എട്ട് ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, ആലപ്പുഴ, കണ്ണൂര്‍, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. റെഡ് അലര്‍ട്ടിനു പുറമെ ഇവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ALSO READ: സ്‌നേഹം മാത്രം പ്രതിഫലം; 200 കുട്ടികള്‍ക്ക് കലയും ജീവിതവും പകര്‍ന്നു നല്‍കി മാര്‍ട്ടിന്‍ മാസ്റ്റര്‍

വയനാട്, ഇടുക്കി ജില്ലകളില്‍ ആഗസ്റ്റ് 14 വരെ റെഡ് അലര്‍ട്ടും ആഗസ്റ്റ് 15 വരെ ഓറഞ്ച് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ ആഗസ്റ്റ് 13 വരെ റെഡ് അലര്‍ട്ടും ആഗസ്റ്റ് 15 വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ആഗസ്റ്റ് 12 വരെ റെഡ് അലര്‍ട്ടും ആഗസ്റ്റ് 14 വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഒഡിഷ തീരത്ത് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതാണ് മഴ കനക്കാന്‍ ഇടയാക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളില്‍ ന്യൂനമര്‍ദ്ദം മൂലം പരക്കെ മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

WATCH THIS VIDEO: