അമ്മ സംഘടനയില്‍ നിന്നും രാജി വെച്ച് പോകാനൊരുങ്ങിയ തന്നെ തടഞ്ഞത് മമ്മൂട്ടിയാണെന്ന് ഇടവേള ബാബു. മമ്മൂക്ക തന്നെ പറ്റി പറഞ്ഞ വാക്കുകള്‍ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹത്തിന്റെ മനസില്‍ തന്നെ പറ്റിയുള്ള ധാരണയും വിശ്വാസവും അന്ന് പ്രകടിപ്പിച്ചുവെന്നും ഇടവേള ബാബു പറഞ്ഞു.
അമ്മയില്‍ നിന്നും രാജിവെക്കാനൊരുങ്ങിയപ്പോള്‍ വേദിയില്‍ വന്ന് തന്നെ പറ്റി മമ്മൂക്ക പറഞ്ഞ വാക്കുകളെ പറ്റിയാണ് കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഇടവേള ബാബു സംസാരിച്ചത്.
‘ചെയ്യുന്ന കാര്യങ്ങള്‍ വിശദീകരിക്കേണ്ട കാര്യമില്ല ബാബു. നിങ്ങള്‍ ചെയ്യുന്നതെന്താണെന്ന് എല്ലാവര്‍ക്കും അറിയാം. എല്ലാവരും അത് അനുഭവിക്കുന്നതാണ്. കാരണം ബാബുവാണ് അമ്മയുടെ ഡ്രൈവര്‍. ബാബു വേണം. ബാബുവിനെ വിട്ടിട്ടൊരു അമ്മയില്ല,’ എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.
അദ്ദേഹത്തിനെ തനിക്ക് അറിയാന്‍ പറ്റിയ സന്ദര്‍ഭമായിരുന്നു അതെന്ന് ഇടവേള ബാബു പറഞ്ഞു. ‘ഒരു പൊതുവേദിയില്‍ മമ്മൂക്ക ആരെക്കുറിച്ചും അങ്ങനെ പറയാറില്ല. മമ്മൂക്കയോടൊപ്പം ഇപ്പോള്‍ സംഞ്ചരിക്കുന്ന രമേശ് പിഷാരടി പിറ്റേദിവസം എന്നോട് സംസാരിച്ചിരുന്നു. അമ്മയുടെ പല കാര്യങ്ങളും നമ്മള്‍ സംസാരിക്കാറുണ്ട്, ഒരിക്കലും ബാബു ചേട്ടനെ കുറിച്ച് ഇങ്ങനെ സംസാരിച്ചിട്ടില്ല എന്ന് പിഷാരടി പറഞ്ഞു. അത് അത്ഭുതപ്പെടുത്തി കളഞ്ഞു.
മമ്മൂക്കയുടെ മനസില്‍ എന്നെ കുറിച്ച് അങ്ങനെ ഒരു ധാരണ ഉണ്ട്, അങ്ങനെ ഒരു വിശ്വാസമുണ്ട് എന്ന് പ്രകടിപ്പിച്ചതായിരുന്നു അന്ന്. ഇനി തുടരുന്നില്ല, അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ മമ്മൂക്ക പെട്ടെന്ന് കേറി വന്ന് പറഞ്ഞ വാക്കുകള്‍ ആണിത്.
ഇത് ബാബുവിന് കിട്ടിയ ഏറ്റവും വലിയ അവാര്‍ഡാണെന്ന് പിറ്റെദിവസം മനോജ് കെ. ജയന്‍ വിളിച്ച് പറഞ്ഞു. മരിച്ചു കഴിയുമ്പോള്‍ ബാബു ഭയങ്കര സംഭവമായിരുന്നു എന്നൊക്കെ പറയും. പക്ഷേ ജീവിച്ചിരിക്കുമ്പോള്‍ അത് കേള്‍ക്കാനുള്ള ഭാഗ്യം ബാബുവിന് ഉണ്ടായി എന്ന് മനോജ് പറഞ്ഞു,’ ഇടവേള ബാബു പറഞ്ഞു.
Content Highlight: Idacela Babu said that Mammootty stopped him from resigning from Amma organization