കൊച്ചി: ഹവാല ഇടപാട് നടത്തിയെന്നാരോപിച്ച് ജോയ് ആലുക്കാസിന്റെ ഓഫീസുകളില്‍ ഇ.ഡി റെയ്ഡ്. ആലുക്കാസിന്റെ രാജ്യത്തുടനീളമുള്ള ഓഫീസുകളില്‍ ബുധനാഴ്ചയാണ് ഇ.ഡി റെയ്ഡ് നടത്തിയത്. കേരളത്തില്‍ തൃശൂരുള്ള ഹെഡ് ഓഫീസിലും റെയ്ഡ് നടത്തി.
രാവിലെ തുടങ്ങിയ റെയ്ഡ് വളരെ വൈകിയാണ് അവസാനിച്ചത്. ജോയ് ആലുക്കാസ് ഇന്ത്യ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ ആലുക്കാസ് ഹവാല ഇടപാട് നടത്തിയതിന്റെ സൂചന ലഭിച്ചിട്ടുണ്ടെന്നും അതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയതെന്നും ഇ.ഡി വൃത്തങ്ങള്‍ അറിയിച്ചു.
ഏതെങ്കിലും വിധേന ഫെമ(ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്) ലംഘനം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കും. ആലുക്കാസില്‍ നിന്ന് ശേഖരിച്ചിട്ടുള്ള ഡോക്യുമെന്ററികളും ഇലക്ട്രോണിക് ഉപകരണങ്ങളും കമ്പ്യൂട്ടറുകളും പരിശോധിക്കുമെന്നും ഇ.ഡി കൂട്ടിച്ചേര്‍ത്തു.
തൃശൂരിലെ ശോഭ സിറ്റിയിലെ 50,000 ചതുരശ്ര അടിയില്‍ വ്യാപിച്ച് കിടക്കുന്ന ചീഫ് മാനേജിങ് ഡയറക്ടറുടെ ഓഫീസ് അടക്കം റെയ്ഡ് നടത്തിയതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
പ്രാഥമിക ഓഹരി വില്‍പനയില്‍ നിന്ന് ജോയ് ആലുക്കാസ് പിന്മാറിയിരുന്നു. അതിന് പിന്നാലെയാണ് റെയ്ഡ്. നേരത്തേ ഐ.പി.ഒ വഴി 2300 കോടി രൂപ നിക്ഷേപിക്കാനായിരുന്നു ആലുക്കാസിന്റെ തീരുമാനം. സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിലായിരുന്നു ഇത് സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്.