| Friday, 10th September 2021, 5:07 pm

ദോശമാവിലും വിഷം കലക്കുന്ന സംഘപരിവാര്‍

ഷഫീഖ് താമരശ്ശേരി

മലയാളികളുടെ ഭക്ഷണത്തില്‍ എപ്പോഴും മുഖ്യസ്ഥാനത്തുണ്ടാകാറുള്ള വിഭവങ്ങളാണ് ഇഡ്ലിയും ദോശയും പൊറോട്ടയുമൊക്കെ. നമ്മുടെ നാട്ടിലെ കടകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലുമൊക്കെ ഏറ്റവും സുലഭമായി ലഭിക്കുന്നതാണ് ഐഡി ഫ്രഷ് എന്ന ബാംഗ്ലൂര്‍ ആസ്ഥാമായ കമ്പനിയുടെ ദോശമാവും ഇഡ്ലി മാവും പൊറോട്ടയും ചപ്പാത്തിയുമൊക്കെ.

ദോശയും ഇഡ്ലിയുമൊക്കെ എങ്ങിനെയുണ്ട്, പൊറോട്ട കൊള്ളാവുന്നതാണോ, അതിന്റെ വില നമുക്ക് താങ്ങാവുന്നതാണോ എന്നതല്ലാതെ ഈ ഐഡി ഫ്രഷ് ആരുടേതാണ്, അയാളുടെ നാടേത്, ജാതിയേത്, മതമേത് എന്നതൊന്നും നമ്മളാരും നോക്കാറില്ല. കാരണം അതെന്തായാലും നമ്മള് കഴിക്കുന്ന ഭക്ഷണത്തെ ഏതെങ്കിലും വിധത്തില്‍ ബാധിക്കുന്ന ഒരു കാര്യമല്ല.

എന്നാല്‍ ചിലരങ്ങിനെയല്ല. അവരിങ്ങനെ ഓരോ കാര്യത്തിലും ജാതിയും മതവും മറ്റ് സ്വത്വങ്ങളുമെല്ലാം കണ്ടെത്തും. അതിനനുസരിച്ച് കാര്യങ്ങള്‍ നീക്കും. വര്‍ഗീയ വിഷം ചീറ്റും. വെറുപ്പ് കലര്‍ന്ന പ്രചരണത്തിലൂടെ സമൂഹത്തെ ചിഹ്നഭിന്നമാക്കാന്‍ ശ്രമിക്കും. കേവലം ചിലരല്ല, അവരെ സംഘപരിവാര്‍ അല്ലെങ്കില്‍ സംഘപരിവാര്‍ അനുകൂലികള്‍ എന്ന് പറയാം.

ഇത്തരത്തിലൊരു വര്‍ഗീയ വിഷം ചീറ്റലാണ് ഐഡി ഫ്രഷ് ഫുഡ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിക്കെതിരെ കേരളത്തിന് പുറത്ത് ഇപ്പോള്‍ സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകള്‍ നവമാധ്യമങ്ങള്‍ വഴി നടത്തിക്കൊണ്ടിരിക്കുന്നത്. ഐഡി ഫ്രഷ് അവരുടെ പ്രൊഡക്ടുകളില്‍ മൃഗക്കൊഴുപ്പ് ചേര്‍ക്കുന്നു എന്നതാണ് മുഖ്യ പ്രചരണം.

പ്രൗഡ് ഹിന്ദു എന്ന് തന്റെ ട്വിറ്റര്‍ ബയോയില്‍ കുറിച്ചിരിക്കുന്ന ശ്രീനിവാസ എസ്.ജി. എന്നയാളാണ് ഈ ക്യാംപയിന് തുടക്കമിട്ടത്. ശ്രീനിവാസയുടെ ട്വീറ്റ് ഇങ്ങനെയാണ്.

‘ഐഡി ഇഡ്ലി, ദോശ മാവുകള്‍ വില്‍ക്കുന്ന ചെന്നൈയിലെ എല്ലാ കടക്കാരോടും സൂപ്പര്‍മാര്‍ക്കറ്റുകളോടുമാണ്, അവര്‍ പശുവിന്റെ എല്ലും പശുക്കിടാവിന്റെ വയറ്റില്‍ നിന്നുള്ള എന്‍സൈമുകളും ഇഡ്ലി മാവില്‍ ഉപയോഗിക്കുന്നുണ്ട്. മുസ്ലിം ജീവനക്കാര്‍ മാത്രമാണ് കമ്പനിയിലുള്ളതെന്ന് എത്ര പേര്‍ക്കറിയാം. ഇത് ഹലാല്‍ സര്‍ട്ടിഫൈഡുമാണ്,’

ശ്രീനിവാസയുടെ ഈ ട്വീറ്റ് കണ്ടപാടെ ബി.ജെ.പി., ആര്‍.എസ്.എസ്. അനുകൂലികളായ അനേകം പേര്‍ ഇത് ഷെയര്‍ ചെയ്തുകൊണ്ട് രംഗത്ത് വരികയും ചെയ്തു. മാധ്യമങ്ങളില്‍ ഇത് വാര്‍ത്തയായി. നവമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറി.

ശ്രീനിവാസ എസ്.ജി.യുടെ ട്വീറ്റ്

വളരെ ചുരുങ്ങിയ സമയംകൊണ്ട് ദക്ഷിണേന്ത്യയിലെയും മറ്റ് സുപ്രധാന നഗരങ്ങളിലെയുമെല്ലാം മാര്‍ക്കറ്റ് കീഴടക്കിയ ഐഡി ഫ്രഷിനെതിരെ ഇത്തരമൊരു കുപ്രചരണം നടത്താന്‍ വര്‍ഗീയ ശക്തികളെ പ്രേരിപ്പിച്ചതിന് പിന്നില്‍ ഒരൊറ്റ കാരണമേയുള്ളൂ. ആ കമ്പനിയുടെ ഉടമ വയനാട്ടുകാരനായ ഒരു മലയാളി മുസ്ലിമാണ് എന്നതാണത്.

വയനാട്ടിലെ ഒരു സാധാരണ തൊഴിലാളിയുടെ മകനും ഐ.ടി. പ്രൊഫഷനണലുമായ പി.സി. മുസ്തഫ 2005 ല്‍ ബാംഗ്ലൂരിലെ തന്റെ ബന്ധുവിന്റെ പലചരക്ക് കടയില്‍ വില്‍ക്കാനാവശ്യമായ ദോശമാവ് നിര്‍മിക്കാനായി ഒരു കടമുറിയില്‍ ഒരു ഗ്രൈന്ററും മിക്സറും തൂക്കമെടുക്കുന്ന ഒരു ഉപകരണവുമായി 50000 രൂപയുടെ നിക്ഷേപത്തില്‍ ആരംഭിച്ചതാണ് ഈ കമ്പനി. ആദ്യം ദോശമാവ് മാത്രമായിരുന്നു നിര്‍മിച്ചിരുന്നത്.

ദോശമാവിന് കടയില്‍ വലിയ സ്വീകാര്യത ലഭിച്ചതോടെ മറ്റ് കടക്കാരും മാവ് അന്വേഷിച്ചെത്തി. അങ്ങനെ കൂടുതല്‍ വിപുലമായി പ്രവര്‍ത്തനം ആരംഭിച്ച ഐഡി ഫ്രഷ് എന്ന സംരഭം ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് നൂറ് കോടിയിലധികം വിറ്റുവരവുള്ള വന്‍ ബ്രാന്റ് ആയി മാറുകയായിരുന്നു.
ബാംഗ്ലൂര്‍, മൈസൂര്‍, മംഗലാപുരം, മുംബൈ, പുനെ, ഹൈദരാബാദ്, വിജയവാഡ, ചെന്നൈ, എറണാകുളം, കോയമ്പത്തൂര്‍ എന്നീ നഗരങ്ങളിലെല്ലാം ഇന്ന് ഐഡി ഫ്രഷിന്റെ പ്രൊഡക്ടുകള്‍ സുപരിചിതമാണ്.

മുസ്ലിങ്ങളായ ആളുകളുടെ സംരഭങ്ങള്‍ രാജ്യത്ത് വേറെയും ഒരുപാടുണ്ടല്ലോ. പിന്നെ എന്തുകൊണ്ടാണ് ഐഡി ഫ്രഷിനെതിരെ മാത്രം ഇങ്ങനെയൊരു പ്രചരണം നടക്കുന്നത് എന്ന് ചിലര്‍ക്കെങ്കിലും സംശയം തോന്നാം. എന്നാല്‍ ഐഡി ഫ്രഷിനെതിരെ ഇപ്പോള്‍ നടക്കുന്നതുപോലുള്ള ഇത്തരം ആക്രമണങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ല.

ഐഡി ഫ്രഷിന്റെ സ്ഥാപകന്‍ പി.സി. മുസ്തഫ

സമീപകാലത്ത് ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ചെറുപട്ടണങ്ങളിലുമെല്ലാം മുസ്ലിങ്ങളായ സംരഭകര്‍ക്ക് നേരെ കായിക ആക്രമണങ്ങളടക്കമുള്ള കയ്യേറ്റങ്ങളും കുപ്രചരണങ്ങളുമെല്ലാം വലിയരീതിയില്‍ നടക്കുന്നുണ്ട്. മുസ്ലിങ്ങള്‍ നടത്തുന്ന റോഡരികിലെ പാന്‍ മസാല കടകള്‍ മുതല്‍ വന്‍കിട ഹോട്ടല്‍ ശൃഖലകളെ വരെ സംഘപരിവാര്‍ പല വിധത്തില്‍ വേട്ടയാടുന്നതിന്റെയും അവര്‍ക്ക് നേരെ അക്രമം അഴിച്ചുവിടുന്നതിന്റെയും വാര്‍ത്തകള്‍ സമീപകാലങ്ങളില്‍ പുറത്തുവന്നിരുന്നു.

മുസ്ലിങ്ങള്‍ പഠിച്ച് ജോലി നേടുമ്പോള്‍ അതിനെ യു.പി.എസ്.സി ജിഹാദ് എന്ന് വിശേഷിപ്പിച്ചത് പോലെ, മുസ്ലിങ്ങള്‍ പ്രണയിക്കുമ്പോള്‍ അതിനെ ലവ് ജിഹാദ് എന്ന് വിശേഷിപ്പിച്ചത് പോലെ, മുസ്ലിങ്ങള്‍ അവരുടെ ജീവിതമാര്‍ഗത്തിനായി ചെയ്തുവരുന്ന കച്ചവടങ്ങളെയും വ്യവസായങ്ങളെയുമെല്ലാം എക്കണോമിക് എന്നാണ് സംഘപരിവാര്‍ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്.

എക്കണോമിക് ജിഹാദ് ആരോപിച്ചുകൊണ്ട് ഇക്കഴിഞ്ഞ ആഗസ്ത് മാസത്തില്‍ മാത്രം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന സംഘപരിവാര്‍ അതിക്രമങ്ങളെ ഹൈദരാബാദിലെ പ്രമുഖ പത്രമായ സിയാസത് ഡെയ്ലി ലിസ്റ്റ് സഹിതം ക്രോഡീകരിച്ചിട്ടുണ്ട്. ഉത്തര്‍ പ്രദേശിലെ മഥുരയിലെ വികാസ് ബസാറില്‍ ദോശക്കടയ്ക്ക് ശ്രീനാഥ് ദോശ കോര്‍ണര്‍ എന്ന് പേരിട്ടതിന് ഒരു മുസ്ലിം കച്ചവടക്കാരനെ ഇക്കണോമിക് ജിഹാദ് ആരോപിച്ച് ഏതാനും ഹിന്ദുത്വ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്ത വാര്‍ത്ത ഏറ്റവുമൊടുവില്‍ ദേശീയമാധ്യമങ്ങളിലടക്കം ഇടംപിടിച്ചിരുന്നു.

മഥുരയില്‍ ആക്രമിക്കപ്പെട്ട ദോശ കടക്കാരന്‍

വാട്സ് ആപ്പിലെയും ടെലിഗ്രാമിലെയും ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചുകൊണ്ട് എക്കണോമിക് ജിഹാദ് എന്ന പേരില്‍ മുസ്ലിങ്ങള്‍ക്കെതിരെ ഉത്തരേന്ത്യയില്‍ നടക്കുന്ന വ്യാപകമായ ക്യാംപയിനുകളുടെ വിശദാംശങ്ങളെക്കുറിച്ചും അതിന് നേതൃത്വം നല്‍കുന്നവരെക്കുറിച്ചും 2021 ആഗസ്ത് 25 ന് ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ദേശദ്രോഹികളായ മുസ്ലിങ്ങള്‍ നമ്മുടെ സമ്പത്ത് കൊള്ളയടിക്കുകയാണ്, അവരുടെ വസ്തുക്കള്‍ വാങ്ങരുത്, അവരുടെ ടാക്സികളില്‍ കയറരുത്, അവരുണ്ടാക്കുന്ന ഭക്ഷണം കഴിക്കരുത്, അവരുടെ കടകളില്‍ നിന്നും മുടിവെട്ടരുത്, അവരില്‍ നിന്നും പഴവും പച്ചക്കറിയും വാങ്ങരുത്, അവരുടെ സിനിമകള്‍ കാണരുത് എന്നിങ്ങനെയുള്ള പ്രചരണങ്ങള്‍ ഉത്തരേന്ത്യയില്‍ വ്യാപകമായി നടക്കുന്നതായി ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ തെരുവില്‍ വളകള്‍ വില്‍ക്കുകയായിരുന്ന ഒരു മുസ്ലിം യുവാവിനെ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ ഇക്കഴിഞ്ഞ ആഗസ്ത് 23 ന് പുറത്തുവന്നിരുന്നു.

‘മുസല്‍മാനോം കാ ആര്‍ത്ഥിക് ബഹിഷ്‌കാര്‍ കരേ, ഹിന്ദു ഹിന്ദു സേ വ്യാപാര്‍ കരേ’, അതായത് മുസ്ലിങ്ങളെ ബഹിഷ്‌കരിക്കൂ ഹിന്ദു ഹിന്ദുവുമായി മാത്രം കച്ചവടം നടത്തൂ എന്ന പേരില്‍ ഒരു ഫേസ്ബുക് പേജും ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ക്കായി സംഘപരിവാര്‍ ആരംഭിച്ചിട്ടുണ്ട്. മുസ്ലിങ്ങള്‍ക്കെതിരായ നിരന്തര വ്യാജ പ്രചരണങ്ങളാണ് ഇതിലൂടെ സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

‘മുസല്‍മാനോം കാ ആര്‍ത്ഥിക് ബഹിഷ്‌കാര്‍ കരേ, ഹിന്ദു ഹിന്ദു സേ വ്യാപാര്‍ കരേ’ എന്ന പേജ്‌

ദല്‍ഹിയും ലഖ്നൗവുമെല്ലാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹിന്ദു ആര്‍മി എന്ന സംഘപരിവാര്‍ സംഘടനയുടെ തലവന്‍ സുശീല്‍ തിവാരി മുസ്ലിം കച്ചവടക്കാരെ ബഹിഷകരിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് 25 ഓളം മുസ്ലിം ബ്രാന്റുകളുടെയും അവയുടെ ഉടമസ്ഥരുടെയും പേരുകള്‍ സഹിതം പോസ്റ്റ് ചെയ്തിട്ടുണ്ട്. സമാനമായ വേറെയും ഒരുപാട് പേജുകളും പോസ്റ്റുകളും ഫേസ്ബുക്കിലുണ്ട്. അവയില്‍ കൂടുതലും ഹിന്ദിയിലാണ്. മുസ്ലിം കച്ചവടക്കാരെ ആക്രമിക്കുന്ന വീഡിയോകള്‍ പോസ്റ്റ് ചെയ്തുകൊണ്ട് നിങ്ങളും ഇങ്ങനെ ചെയ്യൂ എന്ന് ആഹ്വാനം ചെയ്യുന്ന അനേകം പോസ്റ്റുകളും ഫേസ്ബുക്കില്‍ കാണാം. ഇവയെല്ലാം വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതിന്റെ ഫലമെന്നോണം ഉപജീവനത്തിനായി തെരുവില്‍ കച്ചവടം ചെയ്യുന്ന അനേകം മുസ്ലിങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ദിനംപ്രതി ആക്രമിക്കപ്പെടുന്നുമുണ്ട്.

പറഞ്ഞുവന്നത് ഐഡി ഫ്രഷ് എന്ന വയനാട്ടുകാരനായ ഒരു മുസ്ലിമിന്റെ കമ്പനിക്കെതിരെ ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ രാജ്യത്ത് കുറേ കാലമായി നടന്നുകൊണ്ടിരിക്കുന്ന ഒരു വലിയ ഗൂഡാലോചന തന്നെയാണുള്ളത്. ഹലാല്‍ ഭക്ഷണങ്ങള്‍ക്കെതിരായ തെറ്റായ പ്രചരണങ്ങളുമായി സംഘപരിവാര്‍ നേരത്തെ തന്നെയും രംഗത്ത് വരികയും മലയാളിയുടെ തീന്‍മേശയില്‍ വര്‍ഗീയ ഭിന്നിപ്പുണ്ടാക്കുകയും ചെയ്തതാണ്. ഇപ്പോഴിതാ നാം കഴിക്കുന്ന ദോശയിലേക്കും പൊറോട്ടയിലേക്കും അവരെത്തിയിരിക്കുന്നു. ഇത്തരം വര്‍ഗീയ ശ്രമങ്ങളെ നാം ഒന്നിച്ചുനിന്ന് എതിര്‍ത്തേ തീരൂ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: ID Fresh Controversy – Sanghparivar – Economic Jihad

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more