| Thursday, 9th September 2021, 2:51 pm

വിദ്വേഷപ്രചരണങ്ങളില്‍ നിയമനടപടിക്കൊരുങ്ങി ഐ.ഡി ഫുഡ് പ്രൊഡക്ടസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: മലയാളി ഫുഡ് പ്രൊഡക്ട്സ് കമ്പനിയായ ഐ.ഡി ഫുഡ് പ്രൊഡക്ട്സിനെതിരെ നടന്ന വിദ്വേഷ പ്രചരണങ്ങളില്‍ നിയമനടപടിക്കൊരുങ്ങി കമ്പനി. തങ്ങള്‍ക്കെതിരായ വ്യാജ പ്രചരണങ്ങളെ അപലപിക്കുന്നുവെന്നും ഇവയെ നേരിടാന്‍ നിയമപരമായ വഴികളിലൂടെ തന്നെ നീങ്ങാന്‍ തീരുമാനിച്ചിരിക്കുകയാന്നെയും അധികൃതര്‍ അറിയിച്ചു.

തെറ്റിദ്ധരിപ്പിക്കുന്നതും അപക്വവുമായ വ്യാജ പ്രചരണങ്ങള്‍ക്കെതിരെ വാട്‌സാപ്പ് ഗ്രീവന്‍സ് സെല്ലിനെയും സൈബര്‍ ക്രൈമിനെയും സമീപിച്ചിരിക്കുകയാണ് കമ്പനി. ഔദ്യോഗികമായി പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലൂടെയാണ് കമ്പനി നിയമ നടപടിക്ക് ഒരുങ്ങുന്ന കാര്യം അറിയിച്ചത്.

ഈ സമയത്ത് ഉപഭോക്താക്കളടക്കമുള്ള വലിയ ജനവിഭാഗം തങ്ങള്‍ക്ക് തന്ന പിന്തുണയ്ക്ക് അധികൃതര്‍ നന്ദി അറിയിക്കുകയും ചെയ്തു.

ഇഡലി, ദോശ മാവുകള്‍ തയ്യാറാക്കി വില്‍ക്കുന്ന കമ്പനി, മാവുകളില്‍ മൃഗക്കൊഴുപ്പ് ചേര്‍ക്കുന്നു എന്ന രീതിയിലുള്ള പ്രചാരമാണ് സംഘപരിവാര്‍ അനുകൂല പേജുകളും ഐഡികളും ഐ.ഡി ഫുഡ്‌സിനെതിരെ നടത്തിയത്.

ശ്രീനിവാസ എസ്. ജി എന്നയാളാണ് ക്യാംപെയ്ന് തുടക്കമിട്ടത്. പ്രൗഡ് ഹിന്ദു/ ഇന്ത്യന്‍ എന്നാണ് ഇയാള്‍ തന്റെ ട്വിറ്റര്‍ ബയോയില്‍ കുറിച്ചിരിക്കുന്നത്. ശ്രീനിവാസയുടെ ട്വീറ്റ് ഇതിനോടകം ആയിരക്കണക്കിനാളുകളാണ് ഷെയര്‍ ചെയ്തിട്ടുള്ളത്.

‘ഐ.ഡി ഇഡലി, ദോശ മാവുകള്‍ വില്‍ക്കുന്ന ചെന്നൈയിലെ എല്ലാ കടക്കാരോടും സൂപ്പര്‍മാര്‍ക്കറ്റുകളോടുമാണ്, അവര്‍ പശുവിന്റെ എല്ലും പശുക്കിടാവിന്റെ വയറ്റില്‍ നിന്നുള്ള എന്‍സൈമുകളും ഇഡലി മാവില്‍ ഉപയോഗിക്കുന്നുണ്ട്. മുസ്‌ലിം ജീവനക്കാര്‍ മാത്രമാണ് കമ്പനിയിലുള്ളതെന്ന് എത്ര പേര്‍ക്കറിയാം. ഇത് ഹലാല്‍ സര്‍ട്ടിഫൈഡുമാണ്,’ ശ്രീനിവാസ പറയുന്നു.

ഓരോ ഹിന്ദുവും ഐ.ഡിയുടെ മാവും മറ്റ് ഉത്പന്നങ്ങളും വാങ്ങുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ഇയാള്‍ പറയുന്നുണ്ട്.

എന്നാല്‍ ഈ ആരോപണങ്ങള്‍ മുഴുവന്‍ തള്ളിക്കൊണ്ട് കമ്പനി രംഗത്തെത്തിയിരുന്നു. തങ്ങളുടെ ഉത്പന്നങ്ങളില്‍ വെജിറ്റേറിയന്‍ ചേരുവകള്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്നും, ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങള്‍ എല്ലാം തന്നെ കൃത്യമായ പ്രൊപ്പഗാണ്ടയുടെ ഭാഗമാണെന്നും കമ്പനി പറയുന്നു.

‘കമ്പനിയുടെ ഉത്പന്നങ്ങളില്‍ വെജിറ്റേറിയന്‍ ചേരുവകള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ഐ.ഡി ഇഡലി, ദോശമാവില്‍ അരി, പരിപ്പ്, ഉലുവ, വെള്ളം എന്നിവയാണ് ഉപയോഗിക്കുന്നത്. ഇത് സമ്പൂര്‍ണമായി പ്രകൃതിദത്തമാണ്. ഞങ്ങളുടെ ഉത്പന്നങ്ങളില്‍ മൃഗക്കൊഴുപ്പുകളോ സത്തുക്കളോ ഉപയോഗിക്കുന്നില്ല,’ ഐ.ഡി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അന്താരാഷ്ട്ര നിലവാരത്തിലാണ് ഐ.ഡി ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതെന്നും ഇവയില്‍ രാസപദാര്‍ത്ഥങ്ങള്‍ ഒന്നും തന്നെ ഉപയോഗിക്കില്ലെന്നും ഭക്ഷ്യസുരക്ഷാ മാനേജ്‌മെന്റ് സംവിധാനത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.

കേരളത്തില്‍ നിന്നുള്ള യുവസംരംഭകനായ മുസ്തഫയും സഹോദരങ്ങളുമാണ് ഐ.ഡി ഫുഡിന്റെ സ്ഥാപകര്‍. 2005ല്‍ സ്ഥാപിതമായ കമ്പനിക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ആദ്യമാണെന്നും മുസ്തഫ പറയുന്നു.

നേരത്തെ കമ്പനിയുടെ സ്ഥാപകര്‍ മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടവരാണെന്നും, അവരുടെ ഉത്പന്നങ്ങള്‍ ഹിന്ദുക്കള്‍ വാങ്ങരുതെന്നും ശ്രീനിവാസ ട്വീറ്റ് ചെയ്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: ID Food Products Legal Action Sanghaparivar campaign

Latest Stories

We use cookies to give you the best possible experience. Learn more