| Friday, 7th May 2021, 8:03 am

കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഐ.സി.യു 80 ശതമാനം നിറഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ഐ.സി.യു കിടക്കകള്‍ 80 ശതമാനവും നിറഞ്ഞു. വെന്റിലേറ്റര്‍ സൗകര്യമുള്ള 1199 ഐ.സി.യു കിടക്കകളില്‍ 238 എണ്ണം മാത്രമാണ് വ്യാഴാഴ്ച വൈകുന്നേരം അവശേഷിക്കുന്നത്.

എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഐ.സി.യു കിടക്കകള്‍ നിലവില്‍ നിറഞ്ഞിരിക്കുകയാണ്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായി 2033 കൊവിഡ് രോഗികള്‍ ഐ.സി.യുവിലുണ്ട്. 818 പേര്‍ വെന്റിലേറ്ററിലുമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി 238 വെന്റിലേറ്ററുകളാണ് ബാക്കിയുള്ളത്.

പാലക്കാട് ജില്ലയില്‍ പത്തില്‍ താഴെ വെന്റിലേറ്ററുകള്‍ മാത്രമേയുള്ളൂ. കൂടാതെ എറണാകുളത്ത് വെന്റിലേറ്റര്‍ സൗകര്യമൊന്നും അവശേഷിക്കുന്നില്ലെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകള്‍ പറയുന്നു.

സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ക്കായി നീക്കിവെച്ചിട്ടുള്ള വെന്റിലേറ്റര്‍ സൗകര്യമുള്ള ഐ.സി.യു കിടക്കകളില്‍ 269 എണ്ണവും 436 വെന്റിലേറ്ററുകളില്‍ 77 എണ്ണവും മാത്രമാണ് ബാക്കിയുള്ളത്. ഓക്‌സിജന്‍ സൗകര്യമുള്ള 2843 കിടക്കകളില്‍ 528 എണ്ണമേ അവശേഷിക്കുന്നുള്ളൂ.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷാവസ്ഥയിലാണുള്ളത്. 42,464 പേര്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

മെയ് 8 മുതല്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് എട്ടിന് രാവിലെ 6 മുതല്‍ മെയ് 16 വരെ ഒമ്പതു ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് കേരളത്തില്‍ ഉണ്ടായത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: ICU 80 full in kerala govt hospital

We use cookies to give you the best possible experience. Learn more