| Friday, 17th August 2018, 8:49 pm

പ്രളയക്കെടുതിയിലും പ്രവേശന പരീക്ഷയുമായി ഐ.സി.എ.ആര്‍; മാറ്റിവെയ്ക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടും ചെവികൊള്ളാതെ കൗണ്‍സില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കനത്ത മഴയെതുടര്‍ന്ന് കേരളം ഒന്നടങ്കം പ്രളയക്കെടുതിയിലാണ്. പലയിടങ്ങളിലും വെള്ളം കയറിയതോടെ ഗതാഗതം സൗകര്യം പോലുമില്ലാതെ പലസ്ഥലങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്. വിദ്യഭ്യാസസ്ഥാപനങ്ങള്‍ എല്ലാം തന്നെ സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യം മുന്‍നിര്‍ത്തി അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

എന്നാല്‍ വിദ്യാര്‍ത്ഥികളില്‍ ആശങ്കയുയര്‍ത്തികൊണ്ട് യു.ജി, പി.ജി, പി.എച്ച.ഡി പ്രവേശനത്തിനുള്ള പരീക്ഷ നടത്താന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കല്‍ച്ചറല്‍ റിസര്‍ച്ചിന്റെ തീരുമാനം. ഉന്നത വിദ്യഭ്യാസരംഗത്ത് തൊഴില്‍ സാധ്യതകളുള്ള അഗ്രിക്കള്‍ച്ചര്‍, വെറ്ററിനറി, ഫിഷറീസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷയാണ് ആഗസ്റ്റ് 18, 19 ദിവസങ്ങളില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

Also Read  , വെള്ളത്തിലായ റോഡുകളും യാത്ര ചെയ്യാവുന്ന റോഡുകളും വേര്‍തിരിച്ചറിയുവാന്‍ മാപ്പുമായി മൈക്രോയിഡ്

നേരത്തെ ജൂണ്‍ 22, 23 തീയതികളില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികളടക്കം എഴുതിയ പരീക്ഷ ക്രമക്കേടുകള്‍ നടന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് പുന: പരീക്ഷ ആഗസ്റ്റ് 18, 19 ദിവസങ്ങളില്‍ നടത്താന്‍ തീരുമാനിച്ചത്.

എന്നാല്‍ സംസ്ഥാനം സമാനതകളില്ലാത്ത ദുരന്തം നേരിടുമ്പോള്‍ പരീക്ഷ നടത്തരുതെന്ന് കേരളത്തിലെ അഗ്രിക്കള്‍ച്ചര്‍, വെറ്ററിനറി, ഫിഷറീസ് സര്‍വ്വകലാശാലകളും, വിദ്യാര്‍ത്ഥി സംഘടനകളും, നിരവധി തവണ അപേക്ഷിച്ചിട്ടും നിഷേധാത്മകമായ നിലപാടാണ് കൗണ്‍സില്‍ കൈകൊണ്ടത്.

കേരളത്തിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി ആള്‍ ഇന്ത്യ അഗ്രകള്‍ച്ചറല്‍ സുഡന്റ്‌സ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയും പരാജയപ്പെടുകയായിരുന്നു.

നീറ്റ് പരീക്ഷയില്‍ റാങ്ക് പുറകിലായിപ്പോയ കേരളത്തിലെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പ്രൊഫഷണല്‍ കോഴ്‌സുകള്‍ ലഭിക്കാനുള്ള അവസരമാണ് നഷ്ടമാകുന്നത്. മുമ്പ് അഗ്രിക്കള്‍ച്ചര്‍, വെറ്ററിനറി, ഫിഷറീസ് നാഷണല്‍ യൂണിവേഴ്‌സിറ്റികളിലേക്കുള്ള പി.ജി, പി.എച്ച്.ഡി പരീക്ഷകളില്‍ സ്ഥിരമായി മലയാളികള്‍ മികച്ച പ്രകടനം നടത്തുന്നവയാണ്.

Also Read ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിക്കാനായില്ല; ശനിയാഴ്ചത്തെ പല ട്രെയിനുകളും റദ്ദാക്കി

നേരത്തെ 2015ല്‍ ചെന്നൈയില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് I.C.A.R നടത്തിയ Agricultural Research Scientist പരീക്ഷകള്‍ ദുരിതബാധിത പ്രദേശത്തുള്ളവര്‍ക്കായി വീണ്ടും നടത്തിയിരുന്നു.

നിലവില്‍ ട്രെയിന്‍ ബസ് സര്‍വ്വീസുകളെല്ലാം താറുമാറായി കിടക്കുന്ന സാഹചര്യത്തില്‍ ഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷയെഴുതാനുള്ള അവസരം നഷ്ടമാകുമെന്നും ചെന്നെ വെള്ളപ്പൊക്ക കാലത്ത് ചെയ്തതു പോലെ നാളെ പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്കായി ഒരു അവസരം കൂടി നല്‍കാന്‍ ICAR നടപടികള്‍ സ്വീകരിക്കണമെന്നുമാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

കനത്ത ദുരന്തം നേരിടുന്ന കേരളത്തോട് കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനമായ ഐ.സി.എ.ആര്‍ കാണിക്കുന്ന അവഗണനയില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more