| Tuesday, 28th April 2020, 8:02 am

ചൈനയിൽ നിന്നുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ തിരികെ നൽകാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് ഐ.സി.എം.ആർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ചൈനയിലെ രണ്ട് കമ്പനികളിൽ നിന്ന് വാങ്ങിയ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ സംസ്ഥാനങ്ങൾ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച്(ഐ.സി.എം.ആർ).ചൈനയിലെ ​ഗുവാൻഷ്യൂ വോണ്ട്ഫോ ബയോടെക്, സുഹായ് ലിവ്സൺ എന്നീ കമ്പനികളിൽ നിന്ന് വാങ്ങിയ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ തിരികെ ഏൽപ്പിക്കാനാണ് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ഐ.സി.എം.ആർ ആവശ്യപ്പെട്ടിരിക്കുന്നത്. ടെസ്റ്റ് റിസൽട്ടിലും സെൻസിറ്റിവിറ്റിയിലും പ്രസ്തുത കമ്പനികളുടെ കിറ്റുകൾ വലിയ വ്യത്യാസം കാണിക്കുന്നു എന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് ടെസ്റ്റ് കിറ്റുകൾ ഐ.സി.എം.ആർ തിരികെ വാങ്ങിക്കുന്നത്.

നിരീക്ഷണ ആവശ്യങ്ങൾക്കാണ് പ്രധാനമായും കിറ്റ് ഉപയോ​ഗിച്ചിരുന്നത്. രോ​ഗ നിർണയത്തിന് റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉപയോ​ഗിക്കാറില്ലായിരുന്നു. കിറ്റിന്റെ വിലയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ കിറ്റിന്റെ തുക ഇതുവരെ കെെമാറിയിട്ടില്ലെന്നുംചൈനനയിൽ നിന്നുള്ളത് നിലവാരമില്ലാത്ത കിറ്റുകളാണെങ്കിൽ ഒരു രൂപ പോലും വെറുതെ ചിലവഴിക്കില്ലെന്നും ഐ.സി.എം.ആർ വ്യക്തമാക്കി.

അതേസമയം രാജ്യത്തെ കൊവിഡ് കേസുകളിൽ വലിയ വർധനയാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ലോക് ഡൗൺ നീട്ടണമെന്ന് പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോൺഫറൻസിൽ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടിരുന്നു. ലോക് ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചാൽ കേസുകളുടെ എണ്ണം ഇനിയും ഉയരുമെന്നാണ് മുഖ്യന്ത്രിമാർ വ്യക്തമാക്കിയത്. കേരളവും ഭാ​ഗീകമായ ഇളവുകളോടെ ലോക് ഡൗൺ മെയ് 15വരെയെങ്കിലും നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more