ഗസ മാനുഷിക ദുരന്തത്തിന്റെ വക്കില്‍;ദുരന്ത നിവാരണ പ്രവര്‍ത്തങ്ങള്‍ മന്ദഗതിയില്‍; ഐ.സി.ആര്‍.സി മുന്നറിയിപ്പ്
World News
ഗസ മാനുഷിക ദുരന്തത്തിന്റെ വക്കില്‍;ദുരന്ത നിവാരണ പ്രവര്‍ത്തങ്ങള്‍ മന്ദഗതിയില്‍; ഐ.സി.ആര്‍.സി മുന്നറിയിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th November 2023, 2:35 pm

 

ജെറുസലേം: ഗസയില്‍ കഴിഞ്ഞ 38 ദിവസമായി ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ കടുത്ത മാനുഷിക ദുരന്തത്തിലേക്ക് നയിക്കുമെന്ന് ഐ.സി.ആര്‍.സി.(ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ്).
ഇസ്രഈല്‍ ഭരണകൂടത്തിന്റെ ഉത്തരവില്‍ ആയിരക്കണക്കിന് ഫലസ്തീനികള്‍ നിര്‍ബന്ധിത കുടിയിറക്കലിന്റെ ഭാഗമായി ഗസയുടെ വടക്കുഭാഗത്ത് നിന്നും തെക്ക് ഭാഗത്തേക്ക് അപകടകരമായ യാത്ര ആരംഭിച്ച സാഹചര്യത്തിലാണ് ഐ.സി.ആര്‍.സിയുടെ മുന്നറിയിപ്പ്.

കൂടുതല്‍ ജനസാന്ദ്രതയുള്ള ഗസയിലെ നഗരപ്രദേശങ്ങളെ ഇസ്രഈല്‍ സൈന്യം ലക്ഷ്യമിടുന്നതിലും ഐ.സി.ആര്‍.സി ആശങ്ക പ്രകടിപ്പിച്ചു.

‘ഗസയിലെ സ്ഥിതിഗതികള്‍ അതിവേഗം ഒരു മാനുഷിക ദുരന്തത്തിലേക്ക് അടുക്കുകയാണ്. അസഹനീയമായ ഒരു മാനുഷിക ദുരന്തം നമ്മുടെ കണ്‍മുന്നില്‍ അരങ്ങേറുകയാണ്,’ ഐ.സി.ആര്‍.സിയുടെ മേധാവി വില്യം ഷോബര്‍ഗ് പറഞ്ഞു.

പുരുഷന്മാരും സ്ത്രീകളും കുട്ടികളും, വെള്ളക്കൊടി വീശി, തെരുവുകളില്‍ കിടക്കുന്ന മൃതദേഹങ്ങള്‍ കടന്ന് ഡസന്‍ കണക്കിന് കിലോമീറ്ററുകള്‍ നടക്കുന്നു, ഭക്ഷണവും വെള്ളവും പോലുള്ള അവശ്യവസ്തുക്കള്‍ ഇല്ലാതെ.

അതേ സമയം, ഗാസയിലെ ഐ.സി.ആര്‍.സി ടീമുകള്‍ക്കും ഹോട്ട്ലൈന്‍ ഓപ്പറേറ്റര്‍മാര്‍ക്കും കുടിയിറക്കപ്പെട്ടവരില്‍ നിന്ന് നിരവധി കോളുകള്‍ ലഭിക്കുന്നു. ആളുകള്‍ അവരുടെ കുടുംബാംഗങ്ങളെ തിരയുന്നു, ഒഴിപ്പിക്കല്‍ സമയത്ത് ഒരേ കുടുംബത്തിലെ അംഗങ്ങള്‍ വേര്‍പിരിയരുത് എന്നത് പരമപ്രധാനമാണ്,’ അദ്ദേഹം പറഞ്ഞു.

നിലവില്‍ ഗസയില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ 11,070 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 4500ല്‍ അധികം പേരും കുട്ടികളാണ്.

Content Highlight: ICRC statement on Gaza