ന്യൂദല്‍ഹി: ഇന്ത്യയില്‍ 10 വയസ്സിനു മുകളില്‍ പ്രായമുള്ള 15 വ്യക്തികളില്‍ ഒരാള്‍ കൊവിഡ് ബാധിതനാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് സിറോ സര്‍വേ.
ഇക്കഴിഞ്ഞ ആഗസ്റ്റില്‍ നടത്തിയ രണ്ടാമത്തെ പഠനത്തിലാണ് ഈ കണ്ടെത്തല്‍. കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ട്.
ഇന്ത്യയിലെ നഗരപ്രദേശങ്ങളിലെ ചേരികളിലും ചേരികളല്ലാത്ത പ്രദേശങ്ങളിലും ഗ്രാമീണ മേഖലയെക്കാള്‍ കൂടുതല്‍ സാര്‍സ് കോവ്-2 വൈറസ് സാന്നിദ്ധ്യമുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തിയതായി ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
നഗരത്തിലെ ചേരികളില്‍ 15.6 ശതമാനം വൈറസ് സാന്നിധ്യം കണ്ടപ്പോള്‍ ചേരിയല്ലാത്ത പ്രദേശങ്ങളില്‍ ഇത് 8.2 ശതമാനമായിരുന്നു. രാജ്യത്തെ മുതിര്‍ന്ന ജനസംഖ്യയുടെ 7.1 ശതമാനം പേര്‍ക്കു കൊവിഡ് വന്നതിന്റെ തെളിവും സിറോ സര്‍വേയില്‍ കണ്ടെത്തി.
രോഗം അതിരൂക്ഷമായി തുടരുന്ന സാഹചര്യമായതിനാല്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഐ.സി.എം.ആര്‍ ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന മാസങ്ങളില്‍ ജനങ്ങള്‍ ധാരാളം ഒത്തുകൂടുന്ന ഉത്സവങ്ങളും മറ്റും നടക്കാനിടയുണ്ട്.
ഉത്സവങ്ങളില്‍ ആവശ്യമായ നിയന്ത്രണങ്ങളും മുന്‍കരുതലും സംസ്ഥാനങ്ങള്‍ സ്വീകരിക്കണമെന്ന് ഐ.സി.എം.ആര്‍ ചൂണ്ടിക്കാട്ടി.
അതേസമയം കൊറോണ വൈറസിനെതിരെയുള്ള ആര്‍ജിത പ്രതിരോധശേഷി കൈവരിക്കുന്നതില്‍ ഇന്ത്യക്കാര്‍ ഇപ്പോഴും അകലെയാണെന്ന് ചില കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നതായി സിറോ സര്‍വേ പുറത്തുവിട്ട് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 70,589 പേര്‍ക്കാണ് പുതുതായി കൊവിഡ് ബാധിച്ചത്. രോഗമുക്തി നിരക്ക് ചൊവ്വാഴ്ച 83 ശതമാനം പിന്നിട്ടു. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 84,877 പേരാണ് രാജ്യത്ത് കൊവിഡ് മുക്തരായത്.
രോഗമുക്തരുടെ എണ്ണം 51,01,397 ആണ്. പുതുതായി രോഗമുക്തരായവരില്‍ 73% പേര്‍ മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട്, ഉത്തര്‍പ്രദേശ്, ദല്‍ഹി, ഒഡിഷ, കേരളം, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്.
അതേസമയം രോഗമുക്തി നേടിയവരും പുതുതായി രോഗബാധിതരായവരും തമ്മിലുള്ള വ്യത്യാസം 41.5 ലക്ഷത്തിലധികമാണ്. കൊവിഡില്‍ നിന്ന് രോഗമുക്തി പ്രാപിച്ചവരുടെ എണ്ണം നിലവില്‍ ചികിത്സയിലുള്ളവരുടേതിനേക്കാള്‍ 5.38 മടങ്ങ് കൂടുതലാണ്.
നിലവില്‍ രോഗബാധിതരായവരുടെ എണ്ണം ആകെ രോഗബാധിതരായവരുടെ എണ്ണത്തിന്റെ 15.42 ശതമാനം മാത്രമാണ്. രാജ്യത്തെ ആകെ കൊവിഡ് മരണം 96,318 ആണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക