ന്യൂദല്‍ഹി: ദല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിലെ (ഐ.സി.എം.ആര്‍) ശാസ്ത്രജ്ഞന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐ.സി.എം.ആര്‍ ആസ്ഥാനം അടച്ചു.
മുംബൈയില്‍ നിന്നെത്തിയ ഇദ്ദേഹം ഒരാഴ്ച മുമ്പ് ദല്‍ഹിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്നാണ് ആസ്ഥാനം അണുനശീകരണം നടത്തുന്നതിനായി താല്‍ക്കാലികമായി അടച്ചത്. എന്നാല്‍ കൊവിഡുമായി ബന്ധപ്പെട്ട ഓഫീസുകള്‍ പ്രവര്‍ത്തിക്കും.
അതേസമയം ഉത്തരാഖണ്ഡിലെ ടൂറിസം മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് അടക്കം എല്ലാ മന്ത്രിമാരും ഹോം ക്വാറന്റീനില്‍ പ്രവേശിച്ചു.
ഇദ്ദേഹത്തെ എയിംസില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ അഞ്ച് പേരടങ്ങുന്ന കുടുംബത്തിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങളിലെ 17 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ വീടിന് സമീപത്ത് താമസിക്കുന്ന 41 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
വെള്ളിയാഴ്ച നടന്ന മന്ത്രിസഭാ യോഗത്തില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു. ഇതിന് ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ക്വാറന്റീനില്‍ പ്രവേശിക്കുകയായിരുന്നു. മന്ത്രിമാര്‍ വീട്ടിലിരുന്ന് കാര്യങ്ങള്‍ ഏകോപിപ്പിക്കാനാണ് തീരുമാനം.
അതേസമയം, രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും കൊവിഡ് രോഗികളുടെ എണ്ണം 8000 കടന്നു. രാജ്യത്ത് ഇന്നലെ മാത്രം 230 പേര്‍ മരിച്ചു. രാജ്യത്തെ രോഗികളുടെ ആകെ എണ്ണം 1,90,535 ആയി.
രാജ്യത്ത് അഞ്ചാംഘട്ട ലോക്ഡൗണ്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരികയാണ്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഈ മാസം 30 വരെയാണ് ലോക്ഡൗണ്‍.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക