|

കൊവിഡ് മൂന്നാം തരംഗം ഓഗസ്റ്റില്‍ എത്തിയേക്കും; നിയന്ത്രണം ഒഴിവാക്കുന്നത് കൊവിഡ് വ്യാപനസാധ്യത കൂട്ടുമെന്ന് ഐ.സി.എം.ആര്‍.

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡിന്റെ മൂന്നാം തരംഗം ഇന്ത്യയില്‍ ഓഗസ്റ്റ് അവസാനത്തോടെ സംഭവിച്ചേക്കാമെന്ന് ഐ.സി.എം.ആര്‍. റിപ്പോര്‍ട്ട്. ഇപ്പോള്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് കൊവിഡ് വ്യാപനത്തിലേക്ക് നയിക്കാന്‍ സാധ്യതയുണ്ടെന്നും ഐ.സി.എം.ആറിലെ എപ്പിഡമോളജി ആന്‍ഡ് ഇന്‍ഫെക്ഷന്‍ ഡിസീസ് തലവന്‍ ഡോ. സമീരന്‍ പാണ്ടെ വ്യക്തമാക്കി.

വിവിധ കാരണങ്ങള്‍ മൂന്നാം കൊവിഡ് തരംഗത്തിന് കാരണമായേക്കാമെന്നാണ് ഐ.സി.എം.ആര്‍. മുന്നറിയിപ്പ് നല്‍കുന്നത്. ആദ്യ രണ്ട് തരംഗങ്ങളില്‍ നേടിയ രോഗപ്രതിരോധശേഷി കുറയുന്നതാണ് ഒരു കാരണം. ഇതില്‍ കുറവ് സംഭവിക്കുന്നത് കൊവിഡ് മൂന്നാം തരംഗത്തിലേക്ക് നയിച്ചേക്കാം.

പുതിയ കൊവിഡ് വകഭേദം രോഗപ്രതിരോധശേഷിയെ മറികടക്കുന്നതാണ് മറ്റൊരു അപകടസാധ്യത. രോഗപ്രതിരോധശേഷിയെ മറികടക്കാന്‍ സാധിച്ചില്ലെങ്കില്‍ ചിലപ്പോള്‍ വൈറസ് കൂടുതല്‍ വ്യാപനത്തിന് ശ്രമിച്ചു എന്നു വരാം. ഇതും മറ്റൊരു സാധ്യതയാണ്.

കൊവിഡ് വ്യാപനം കുറയുന്നതിന് മുന്‍പ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതും പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഡെല്‍റ്റ വകഭേദത്തില്‍ നിന്ന് ആരോഗ്യമേഖലയില്‍ ഇനി വലിയ വെല്ലുവിളി ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മൂന്നാം കൊവിഡ് തരംഗം രാജ്യത്ത് സംഭവിക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും മുന്നറിയിപ്പ് നല്‍കിയിരുന്നു.

ലോകം കൊവിഡ് മൂന്നാം തരംഗത്തിലേക്ക് കടന്നതായി ലോകാരോഗ്യ സംഘടനയും അറിയിച്ചിരുന്നു. ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനമാണ് ലോകമിപ്പോള്‍ കൊവിഡ് മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടങ്ങളിലാണെന്ന് ഔദ്യോഗികമായി അറിയിച്ചത്.

ജനങ്ങള്‍ സഞ്ചരിക്കുന്നത് വര്‍ധിച്ചതും കൊവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായും സ്ഥിരിതയോടെയും പാലിക്കാത്തതുമാണ് കൊവിഡ് വ്യാപനം രൂക്ഷമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: ICMR says  Third wave likely to hit end of August