| Saturday, 4th July 2020, 5:38 pm

കൊവാക്‌സിന്‍ പുറത്തിറക്കുന്നതിന് മുന്‍പ് എല്ലാ നിര്‍ദേശങ്ങളും പാലിക്കും; വിവാദമായതോടെ വിശദീകരണവുമായി ഐ.സി.എം.ആര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആഗസ്റ്റ് 15 ന് കൊവിഡ് വാക്‌സിന്‍ പുറത്തിറക്കുന്ന പ്രഖ്യാപനം വിവാദമായതോടെ വിശദീകരണവുമായി ഐ.സി.എം.ആര്‍. ആഗോളാടിസ്ഥാനത്തില്‍ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പരീക്ഷണം പുരോഗമിക്കുന്നതെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു.

മനുഷ്യരിലും മൃഗങ്ങളിലും വാക്‌സിന്‍ പരീക്ഷണം നടത്തുമെന്നും ഐ.സി.എം.ആര്‍ വ്യക്തമാക്കി. നേരത്തെ തിയതി പ്രഖ്യാപിച്ചതുകൊണ്ട് വാക്‌സിന്‍ പരീക്ഷണത്തിന്റെ ഏതെങ്കിലും ഘട്ടങ്ങളെ തഴയില്ലെന്നും ഐ.സി.എം.ആര്‍. അവകാശപ്പെട്ടു.

ആഗസ്റ്റ് 15 ന് വാക്സിന്‍ പുറത്തിറക്കുമെന്നാണ് ഐ.സി.എം.ആര്‍ പറഞ്ഞിരുന്നത്. ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡുമായി സഹകരിച്ചാണ് ‘കോവാക്‌സിന്‍’ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഐ.സി.എം.ആര്‍ നടത്തുന്നത്.

എന്നാല്‍ വാക്‌സിന്‍ നിര്‍മ്മാണത്തില്‍ പാലിക്കേണ്ട എല്ലാ തത്വങ്ങളും നേരത്തെ തിയതി പ്രഖ്യാപിച്ചത് വഴി ഇല്ലാതാകുമെന്ന ആശങ്കയുമായി ആരോഗ്യവിദഗ്ധര്‍ രംഗത്തെത്തിയിരുന്നു.നേരത്തെ തിയതി പ്രഖ്യാപിച്ച് വാക്സിന്‍ പുറത്തിറക്കുന്നത് അശാസ്ത്രീയമാണെന്നാണ് ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ എത്തിക്സ് എഡിറ്റര്‍ അമര്‍ ജെസനി പറഞ്ഞത്.

‘ക്ലിനിക്കല്‍ പരീക്ഷണം പോലും നടത്താതെ ലോകത്തെവിടേയും ഇത്തരത്തില്‍ വാക്സിന്‍ പുറത്തിറക്കുന്നതിന് തിയതി പ്രഖ്യാപിക്കുമെന്ന് തോന്നുന്നില്ല. ശാസ്ത്രം ഇങ്ങനെയല്ല പ്രവര്‍ത്തിക്കുന്നത്’, ജെസനി പറഞ്ഞു.

ഐ.സി.എം.ആറിലെ ബയോ എത്തിക്സ് സെല്ലിലെ ഉപദേശക കമ്മിറ്റി ചെയര്‍പേഴ്സണ്‍ വസന്ത മുത്തുസ്വാമിയും തീരുമാനത്തിനെതിരെ രംഗത്തെത്തി. ഇത് സംബന്ധിച്ച് ഐ.സി.എം.ആര്‍ ഡയറക്ടര്‍ ബാല്‍റാം ഭാര്‍ഗവ എഴുതിയ കത്തിനെക്കുറിച്ച് അറിയില്ലെന്നും വസന്ത മുത്തുസ്വാമി പറഞ്ഞു.

‘സമയം വളരെ കുറവാണ്. ഒരു മാസം കൊണ്ടൊക്കെ വാക്സിന്‍ പുറത്തിറക്കുക എന്നത് വളരെ ചെറിയ കാലയളവാണ്. ഫാസ്റ്റ് ട്രാക്ക് പരിശോധന ഉണ്ടെങ്കില്‍ പോലും അതിന് കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും എടുക്കും’, മുത്തുസ്വാമി പറഞ്ഞു.

കൊവിഡ് വാക്‌സിന്‍ (BBV152 COVID വാക്‌സിന്‍) ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി ഒരു ഡസന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളെ തിരഞ്ഞെടുത്തുവെന്ന് സര്‍ക്കാരിന്റെ ഉന്നത മെഡിക്കല്‍ റിസര്‍ച്ച് ബോഡി അറിയിച്ചു.

സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ നിരീക്ഷിക്കുന്ന മുന്‍ഗണനാ പദ്ധതി ആയതിനാല്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളോട് ഐ.സിഎം.ആര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പൂനെയിലെ ഐ.സി.എംആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വേര്‍തിരിച്ചെടുത്ത SARS-CoV-2 ന്റെ ഘടകത്തില്‍ നിന്നുമാണ് ഈ വാക്‌സിന്‍ ഉണ്ടായത്.

” ഐ.സി.എം.ആറും ബി.ബിഎല്ലും സംയുക്തമായി ഈ വാക്‌സിന്റെ പ്രീ-ക്ലിനിക്കല്‍, ക്ലിനിക്കല്‍ വികസനത്തിനായി പ്രവര്‍ത്തിക്കുകയാണ്,” ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് നല്‍കിയ കത്തില്‍ ഐ.സി.എം.ആര്‍ പറഞ്ഞു.

സ്വാതന്ത്ര്യദിനത്തിന് വാക്‌സിന്‍ ലോഞ്ച് ചെയ്യാനുള്ള പദ്ധതിയെക്കുറിച്ചും ഐ.സി.എം.ആര്‍ സൂചന നല്‍കി. എല്ലാ ക്ലിനിക്കല്‍ പരീക്ഷണങ്ങളും പൂര്‍ത്തിയാക്കിയ ശേഷം 2020 ഓഗസ്റ്റ് 15 നകം പൊതുജനാരോഗ്യ ഉപയോഗത്തിനുള്ള വാക്‌സിന്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നെന്നാണ് ഗവേഷണ സമിതി അറിയിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more