|

മങ്കിപോക്‌സ് കുട്ടികള്‍ക്ക് കൂടുതല്‍ ഭീഷണി; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതെല്ലാം; നിര്‍ദേശങ്ങള്‍ പുറത്തുവിട്ട് ഐ.സി.എം.ആര്‍ സയന്റിസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആഗോള തലത്തില്‍ തന്നെ ആരോഗ്യ രംഗത്ത് മങ്കിപോക്‌സ് ഭീഷണിയായിരിക്കുന്ന സാഹചര്യത്തില്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍).

കുട്ടികളുടെ കാര്യത്തില്‍ മങ്കിപോക്‌സ് വൈറസ് പകരാന്‍ സാധ്യത കൂടുതലാണെന്നും ഇത് കൂടുതല്‍ ഭീഷണിയാണെന്നുമാണ് ഐ.സി.എം.ആര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വെള്ളിയാഴ്ചയായിരുന്നു ഇത് സംബന്ധിച്ച ഐ.സി.എം.ആറിന്റെ പ്രതികരണം പുറത്തുവന്നത്. ഐ.സി.എം.ആര്‍ സയന്റിസ്റ്റായ ഡോ. അനുപമ മുഖര്‍ജി എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം പറഞ്ഞത്.

”കുട്ടികള്‍ക്ക് മങ്കിപോക്‌സ് പെട്ടെന്ന് പടരാനുള്ള സാധ്യതയുണ്ട്. മുതിര്‍ന്നവര്‍ സ്‌മോള്‍പോക്‌സ് വാക്‌സിന്‍ എടുത്തവരായിരിക്കും,” അനുപമ മുഖര്‍ജി പറഞ്ഞു.

ഇന്ത്യയില്‍ ഇതുവരെ മങ്കിപോക്‌സ് സ്ഥിരീകരിച്ചിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വൈറസിനെ നേരിടാന്‍ ഇന്ത്യ സന്നദ്ധമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മങ്കിപോക്‌സ് ബാധിതരുമായി അടുത്ത് ഇടപെഴകുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശവും അവര്‍ മുന്നോട്ടുവെച്ചു.

അതേസമയം, ഇതുവരെ 20 രാജ്യങ്ങളിലായി 200ഓളം മങ്കിപോക്‌സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

യൂറോപ്യന്‍ രാജ്യങ്ങളായ ബ്രിട്ടന്‍, സ്‌പെയ്ന്‍, പോര്‍ചുഗല്‍, ജര്‍മനി, ഇറ്റലി, ബെല്‍ജിയം എന്നിവിടങ്ങളിലും യു.എസ്, കാനഡ, ഓസ്‌ട്രേലിയ, യു.എ.ഇ എന്നീ രാജ്യങ്ങളിലുമടക്കമാണ് നിലവില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചിട്ടുള്ളത്.

കുരങ്ങന്മാരില്‍ ആദ്യം കണ്ടെത്തിയ മങ്കിപോക്‌സ് പിന്നീട് വൈറസ് കാരിയറുമായി അടുത്തിടപെഴകുന്നതിലൂടെയാണ് മനുഷ്യരിലേക്ക് പടരുക. സാധാരണയായി ആഫ്രിക്കക്ക് പുറത്ത് അപൂര്‍വമായി മാത്രമാണ് മങ്കിപോക്സ് പടരാറുള്ളത്.

കടുത്ത പനിയും ദേഹത്ത് തിണര്‍ത്ത് പൊന്തുന്നതുമാണ് മങ്കിപോക്സിന്റെ സാധാരണ ലക്ഷണങ്ങള്‍. കൃത്യമായ ചികിത്സയില്ലാത്ത ഈ രോഗം സാധാരണയായി രണ്ട് മുതല്‍ നാല് ആഴ്ചകള്‍ക്ക് ശേഷം ഭേദമാകാറുണ്ട്.

Content Highlight: ICMR says children are more at risk in Monkeypox outbreak