ന്യൂദല്‍ഹി: ദല്‍ഹി രാം മനോഹര്‍ ലോഹിയ ആശുപത്രിയില്‍ തലച്ചോറിന് ക്ഷതമേറ്റ് അബോധാവസ്ഥയിലെത്തിയ രോഗിയ്ക്ക് നല്‍കിയത് മൃത്യുജ്ഞയ മന്ത്ര ‘ചികിത്സ’. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫണ്ടുകൊണ്ട് നടത്തുന്ന പഠനത്തിന്റെ ഭാഗമായാണ് ഇത്തരമൊരു ചികിത്സ നല്‍കിയത്.
2014ല്‍ എ.ഐ.ഐ.എം.എസിലെ ന്യൂറോഫാര്‍മകോളജിസ്റ്റായ ഡോ. അശോക് കുമാറാണ് ഇത്തരമൊരു പഠനത്തിന് നിര്‍ദേശം നല്‍കിയത്. ‘തലച്ചോറിനേറ്റ ഗുരുതര ക്ഷതവുമായി ബന്ധപ്പെട്ട ചികിത്സയുടെ ഫലം നിശ്ചയിക്കുന്നതില്‍ പ്രാര്‍ത്ഥനകള്‍ക്കുള്ള പങ്ക് ‘ എന്ന വിഷയത്തില്‍ പഠനം നടക്കണമെന്നായിരുന്നു അശോക് കുമാര്‍ ആവശ്യപ്പെട്ടതെന്ന് കാരവന് റിപ്പോര്ട്ടു ചെയ്യുന്നു
ഋഗ്വേദത്തില്‍ നിന്നുള്ള ഒരു മന്ത്രമാണ് മഹാമൃത്യുജ്ഞയ മന്ത്രം. ഈ മന്ത്രം ചൊല്ലുന്നത് തലച്ചോറിന് ഗുരുതരമായ ക്ഷതമേറ്റ രോഗികളുടെ ആരോഗ്യ നില മെച്ചപ്പെടുത്താന്‍ സഹായിക്കുമോയെന്ന് പരിശോധിക്കാനാണ് അശോക് കുമാറിന്റെ പഠനം.
ഈ പഠനം നടത്തുന്നതിനായി കുമാര്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ റിസര്‍ച്ച് ഫെലോഷിപ്പിനായി അപേക്ഷിച്ചിട്ടുണ്ട്. 2016 മാര്‍ച്ചില്‍ ഐ.സി.എം.ആര്‍ ഫെലോഷിപ്പ് അംഗീകരിക്കുകയും മാസം 28000 രൂപവീതം പഠനത്തിനായി അനുവദിക്കുകയും ചെയ്തു. 2016 ഒക്ടോബര്‍ മുതല്‍ ഒരു വര്‍ഷത്തേക്കാണ് ഫണ്ട് അനുവദിച്ചത്. പിന്നീട് ഇത് രണ്ടുവര്‍ഷത്തേക്കു കൂടി പുതുക്കാം.
താന്‍ ജോലി ചെയ്യുന്ന എയിംസില്‍ ഈ പ്രോജക്ട് നടത്താമെന്നായിരുന്നു തുടക്കത്തില്‍ കുമാര്‍ നിര്‍ദേശിച്ചത്. എന്നാല്‍ എയിംസിന്റെ എത്തിക്‌സ് കമ്മിറ്റി പ്രോജക്ട് അശാസ്ത്രീയം എന്നു പറഞ്ഞ് തള്ളിക്കളയുകയായിരുന്നു. അതോടെ പഠനം രാം മനോഹര്‍ ലോഹിയ ആശുപത്രിയില്‍ നിന്നുകൊണ്ടാക്കുകയായിരുന്നു. പഠനത്തിന്റെ വിവിധ ലക്ഷ്യങ്ങള്‍ സംബന്ധിച്ച് കുമാറിനോട് ആറ് റൗണ്ട് ചോദ്യങ്ങള്‍ ഉയര്‍ത്തിയശേഷം ആര്‍.എം.എല്‍ ഈ പ്രജോക്ടിന് അനുമതി നല്‍കി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇതിന് കുമാര്‍ സമര്‍പ്പിച്ച എഴുതി തയ്യാറാക്കിയ മറുപടിയില്‍ പറയുന്നത് ‘മറ്റുള്ളവരുടെ പ്രാര്‍ത്ഥനയ്ക്ക് മസ്തിഷ്‌കത്തിന് ഗുരുതരമായ ക്ഷതമേറ്റ രോഗിയുടെ ചികിത്സയില്‍ നേരിട്ടോ അല്ലാതെയോ സ്വാധീനമുണ്ടാക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കാനാണ്’ പഠനം എന്നാണ്.