ഫലസ്തീനിൽ 1967 മുതലുള്ള ഇസ്രഈലി അധിനിവേശത്തിൽ വാദം കേൾക്കാൻ അന്താരാഷ്ട്ര നീതിന്യായ കോടതി
World News
ഫലസ്തീനിൽ 1967 മുതലുള്ള ഇസ്രഈലി അധിനിവേശത്തിൽ വാദം കേൾക്കാൻ അന്താരാഷ്ട്ര നീതിന്യായ കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th February 2024, 4:03 pm

ഹേഗ്: ദശാബ്ദങ്ങളായി ഫലസ്തീനിൽ ഇസ്രഈൽ നടത്തുന്ന അധിനിവേശത്തിൽ വാദം കേൾക്കാൻ അന്താരാഷ്ട്ര നീതിന്യായ കോടതി.

ഫെബ്രുവരി 19ന് കേസിൽ വാദം നടക്കുമ്പോൾ നിരവധി രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും അന്താരാഷ്ട്ര കോടതിയിൽ ഇസ്രഈലിനെതിരെ തെളിവുകൾ നൽകുമെന്ന് റിപ്പോർട്ടുകളുണ്ട്.

റഷ്യ, ചൈന, യു.എസ് ഉൾപ്പെടെ 52 രാജ്യങ്ങളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ 1967ലെ ഇസ്രഈലി അധിനിവേശത്തിൽ അന്താരാഷ്ട്ര ട്രൈബ്യൂണലിൽ വാദം നടക്കും.

അധിനിവേശ ഫലസ്തീനിൽ ഇസ്രഈൽ നടപടികളിലും നയങ്ങളിലുമുള്ള നിയമ പ്രശ്നങ്ങളെ കുറിച്ച് 2022 ഡിസംബറിൽ യു.എൻ ജനറൽ അസംബ്ലി അന്താരാഷ്ട്ര കോടതിയോട് ഉപദേശം തേടിയിരുന്നു.

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിർദേശങ്ങൾ നിർബന്ധമായും പാലിക്കേണ്ടവയല്ലെങ്കിലും ധാർമികവും നിയമപരവുമായ അധികാരം കൊണ്ടുവരാനും അന്താരാഷ്ട്ര നിയമങ്ങളുടെ ഭാഗമാക്കി മാറ്റി രാജ്യങ്ങൾക്ക് നിയമവിധേയമാക്കാനും കെൽപ്പുള്ളവയാണ്.

ആറ് ദിവസം നീണ്ടുനിൽക്കുന്ന ഹിയറിങ് ഇസ്രഈലിനെതിരെ വംശഹത്യ കുറ്റത്തിന് ദക്ഷിണാഫ്രിക്ക നൽകിയ കേസിൽ നിന്ന് വ്യത്യസ്തമായിരിക്കും.

അന്താരാഷ്ട്ര കോടതിയിലെ 15 അംഗ ജഡ്ജിമാർ ഗസയിൽ 2021 മാർച്ച്‌ മുതലും വെസ്റ്റ് ബാങ്കിൽ 2014 മുതലും ഇസ്രഈൽ നടത്തിവരുന്ന ആക്രമണങ്ങളിൽ അന്വേഷണം നടത്തുകയാണ്.

ഈ വർഷം അവസാനിക്കും മുമ്പ് വിഷയത്തിൽ യു.എൻ ഉന്നത കോടതി നിയമോപദേശം നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

CONTENT HIGHLIGHT:ICJ to hold hearings on decades-long Israeli occupation of Palestine