3,250 കോടിയുടെ വീഡിയോകോണ്‍ വായ്പ്പ തട്ടിപ്പ് ; ദീപക് കൊച്ചാര്‍ അറസ്റ്റില്‍
national news
3,250 കോടിയുടെ വീഡിയോകോണ്‍ വായ്പ്പ തട്ടിപ്പ് ; ദീപക് കൊച്ചാര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th September 2020, 9:24 pm

മുംബൈ: വീഡിയോ കോണിന് അനധികൃതമായി വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ദീപക് കൊച്ചാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറകടറേറ്റ് അറസ്റ്റ് ചെയ്തു. ഐ.സി.ഐ.സി.ഐ മുന്‍ മേധാവി ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവാണ് ദീപക്.

വിഡിയോകോണ്‍ ഗ്രൂപ്പിന് ഐ.സി.ഐ.സി.ഐ ബാങ്കില്‍ നിന്ന് 3,250 കോടി രൂപ അനുവദിച്ചതില്‍ ക്രമക്കേടും അഴിമതിയും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇ.ഡി ചന്ദക്കൊച്ചാറിനെക്കുറിനും ദീപക് കൊച്ചാറിനും വിഡിയോകോണ്‍ ഗ്രൂപ്പിന്റെ തലവന്‍ വേണുഗോപാല്‍ ദൂത്തിനുമെതിരെ കള്ളപ്പണ നിരോധന നിയമത്തിന്റെ കീഴില്‍ കേസെടുത്തത്.

നേരത്തെ ചന്ദ കൊച്ചാറിന്റെ സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. ചന്ദ കൊച്ചാറിന്റെ മുംബൈയിലെ അപാര്‍ട്ട്മെന്റും മറ്റു ഓഹരികളും ഇതിനൊപ്പം പിടിച്ചെടുത്തിരുന്നു. ദീപക് കൊച്ചാറിന്റെ ബിസിനസ് സ്വത്തുക്കളും ഇ.ഡി കണ്ടുകെട്ടിയിരുന്നു.

നേരത്തെ ഇവര്‍ക്കെതിരെ സി.ബി.ഐയും കേസ് എടുത്തിരുന്നു. 2012ല്‍ ഐ.സി.ഐ.സി.ഐ. ബാങ്കില്‍ നിന്നും ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള നൂ-പവറും വീഡിയോകോണും ലോണുകള്‍ സ്വീകരിച്ചിരുന്നു. ഈ ലോണുകള്‍ ക്രമവിരുദ്ധമായാണ് ഇവര്‍ നേടിയെടുത്തതെന്ന് കണ്ടാണ് ഇവര്‍ക്കെതിരെ വഞ്ചനാകുറ്റത്തിനും, സാമ്പത്തിക ഇടപാടില്‍ ക്രമക്കേട് വരുത്തിയെന്നും കാണിച്ച് സി.ബി.ഐ. കേസ് എടുത്തത്.

ലോണുകള്‍ അനധികൃതമായി സ്വകാര്യ കമ്പനികള്‍ക്ക് അനുവദിച്ചുവെന്നും അതുവഴി മൂവരും ബാങ്കിനെ കബളിപ്പിച്ചുവെന്നും സി.ബി.ഐ. പറഞ്ഞിരുന്നു. നൂപവര്‍ റിന്യൂവബിള്‍സ്, സുപ്രീം എനര്‍ജി, വീഡിയോകോണ്‍ ഇന്റര്‍നാഷണല്‍ ഇലക്ട്രോണിക്‌സ്, വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ് എന്നീ കമ്പനികള്‍ക്കെതിരെയാണ് സി.ബി.ഐ. കുറ്റം ചുമത്തിയത്.

2012ല്‍ ഐ.സി.ഐ.സി.ഐ. ബാങ്കില്‍ നിന്നും വേണുഗോപാല്‍ ദൂത് 3,250 കോടി രൂപ അനധികൃതമായി ലോണ്‍ എടുത്തുവെന്നും അത് ന്യൂപവര്‍ റിന്യൂവബിള്‍സില്‍ നിക്ഷേപിച്ചുവെന്നും സി.ബി.ഐ കണ്ടെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ContentHighlights: ICICI-Videocon Case: Chanda Kochhar’s Husband Deepak Kochar Arrested by ED