| Wednesday, 11th October 2023, 9:34 pm

കോച്ചാർ ദമ്പതികൾക്ക് തുടർച്ചയായി ജാമ്യം; എതിർക്കാത്തതിൽ സി.ബി.ഐക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: 3250 കോടി രൂപയുടെ ലോൺ തട്ടിപ്പ് കേസിൽ മുൻ ഐ.സി.ഐ.സി.ഐ ബാങ്ക് മേധാവി ചന്ദ കോച്ചാറിന്റേയും പങ്കാളിയുടെയും തുടർച്ചയായ ജാമ്യം എന്തുകൊണ്ട് സി.ബി.ഐ എതിർക്കുന്നില്ലെന്ന് സുപ്രീം കോടതി.

ഈ വർഷം ജനുവരി ഒമ്പതിന് ബോംബേ ഹൈക്കോടതിയിൽ നിന്ന് രണ്ടാഴ്ചത്തെ ഇടക്കാല ജാമ്യം നേടിയ ചന്ദ കോച്ചാറും ഭർത്താവ് ദീപക് കോച്ചാറും ഇതുവരെ ജാമ്യത്തിൽത്തന്നെ തുടരുകയാണ്.

രണ്ടാഴ്ച കാലയളവിലേക്ക് മാത്രം നൽകിയ ഇടക്കാല ജാമ്യം നിഷ്ഫലമായിത്തീർന്നുവെന്നും എന്തുകൊണ്ടാണ് ഇത്രയും കാലം എതിർപ്പ് അറിയിക്കാതിരുന്നതെന്നും സി.ബി.ഐക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിനോട് ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

‘ഈ ഉത്തരവ് ജനുവരി ഒമ്പതിലേതാണ്. രണ്ടാഴ്ചത്തേക്ക് മാത്രമാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. എന്തുകൊണ്ടാണ് നിങ്ങൾ ഇതിനെ എതിർക്കാതിരുന്നത്? എന്തുകൊണ്ടാണ് നിങ്ങൾ ഇത്രയും കാലം ഇത് തുടരാൻ അനുവദിച്ചത്? ഞങ്ങളുടെ നിരീക്ഷണത്തിൽ ഈ ഹരജി നിഷ്ഫലമായിരുന്നു. നിങ്ങൾ ഹൈക്കോടതിയിൽ എതിർപ്പ് അറിയിക്കണമായിരുന്നു,’ സുപ്രീം കോടതി പറഞ്ഞു.

ജാമ്യ ഉത്തരവിൽ സി.ബി.ഐക്ക് എതിർപ്പുണ്ടായിരുന്നുവെങ്കിൽ ഹൈക്കോടതിക്ക് മുൻപാകെ വന്ന എല്ലാ തുടർ ഉത്തരവുകളും അത് ചെറുക്കേണ്ടതായിരുന്നു എന്നും ഇത് സി.ബി.ഐയുടെ സമ്മതത്തോടെയാണ് തുടർന്നതെന്ന് തോന്നുന്നതായും ബെഞ്ച് കൂട്ടിച്ചേർത്തു.

2022 ഡിസംബർ 23നാണ് വീഡിയോകോൺ – ഐ.സി.എ.സി.ഐ ബാങ്ക് തട്ടിപ്പ് കേസിൽ കോച്ചാർ ദമ്പതികളെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. വീഡിയോകോൺ ഗ്രൂപ്പിന്റെ സ്ഥാപകൻ വേണുഗോപാൽ ദൂതിനെയും ഏജൻസി അറസ്റ്റ് ചെയ്തിരുന്നു.

Content Highlight: ICICI Bank-Videocon case; SC pulls up CBI for Chanda Kochhar’s repeated interim bail extension

We use cookies to give you the best possible experience. Learn more