മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്ക് എ.ടി.എം ചാര്‍ജ് വര്‍ധിപ്പിച്ചു. സേവിങ്‌സ് അക്കൗണ്ടുകളുള്ളവരെയാണ് വര്‍ധനവ് ബാധിക്കുക. വര്‍ധനവ് ജനുവരി 2 മുതല്‍ പ്രാബല്യത്തില്‍ വരും.
പുതിയ നിയമപ്രകാരം ഒരു മാസത്തില്‍ ഐ.സി.ഐ.സി ബാങ്കിന്റെ എ.ടി.എം ഉപയോഗിച്ചുള്ള സൗജന്യ പണമിടപാടുകള്‍ അഞ്ചായി നിജപ്പെടുത്തി. മറ്റുബാങ്കുകളുടെ എ.ടി.എം ഉപയോഗിച്ചുള്ളത് മൂന്നാക്കുകയും ചെയ്തു. സൗജന്യ ഇടപാടുകളില്‍ ഫിനാന്‍ഷ്യല്‍ ഇടപാടും നോണ്‍ ഫിനാന്‍ഷ്യല്‍ ഇടപാടും ഉള്‍പ്പെടും.
മേല്‍പ്പറഞ്ഞ പരിധി കഴിഞ്ഞുള്ള പണമിടപാടുകളില്‍ ഫിനാന്‍ഷ്യലിന് 20രൂപ ചാര്‍ജ് നല്‍കണം. നോണ്‍ ഫിനാന്‍ഷ്യലിന് 8.50 രൂപയാണ് ചാര്‍ജ്. മുംബൈ, ദല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നീ മെട്രോ നഗരങ്ങളില്‍ ഐ.സി.ഐ.സി.ഐ ബാങ്കിന്റേതല്ലാത്ത എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്പോഴും പ്രസ്തുത ചാര്‍ജ് നല്‍കണം.
മെട്രോ അല്ലാത്ത മേഖലകളിലെ മറ്റുബാങ്കുകളുടെ എ.ടി.എമ്മില്‍ നിന്നും മാസം അഞ്ച് പണമിടപാടുകള്‍ സൗജന്യമാണ്. അതില്‍ക്കൂടുതലുള്ള ഇടപാടുകള്‍ക്ക് മേല്‍പ്പറഞ്ഞ അതേ ചാര്‍ജ് ഈടാക്കും.