ന്യൂദല്‍ഹി: സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്‌റുവിനേയും ‘വെട്ടി’ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ച് (ഐ.സി.എച്ച്.ആര്‍).
ആസാദി കാ അമൃത് മഹോത്സവ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന ക്യാംപെയ്ന്‍ പോസ്റ്ററിലാണ് നെഹ്‌റുവിനെ ഉള്‍പ്പെടുത്താതിരുന്നത്. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത് ജയില്‍മോചിതനായ സവര്‍ക്കറുടെ ചിത്രമാണ് നെഹ്‌റുവിന് പകരം നല്‍കിയിരിക്കുന്നത്.
സ്വാതന്ത്ര്യ സമരകാലത്ത് ആന്തമാന്‍ ജയിലിലായിരുന്ന സവര്‍ക്കര്‍ ക്വിറ്റിന്ത്യാ സമരത്തേയും തള്ളിപ്പറഞ്ഞിരുന്നു.
മഹാത്മാഗാന്ധി, ബി.ആര്‍.അംബേദ്കര്‍, സുഭാഷ് ചന്ദ്രബോസ്, രാജേന്ദ്രപ്രസാദ്, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഭഗത് സിങ് എന്നിവര്‍ പോസ്റ്ററിലുണ്ട്.
നേരത്തെ മലബാര്‍ സമരനേതാക്കളായ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്‌ലിയാരും അടക്കമുള്ള അടക്കമുള്ള 387 പേരെ സ്വാതന്ത്ര്യസമര നായകരുടെ പട്ടികയില്‍ നിന്ന് വെട്ടി മാറ്റാനുള്ള ഐ.സി.എച്ച്.ആര്‍ റിപ്പോര്‍ട്ട് വലിയ വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു.
ഇതിന് പിന്നാലെ വാഗണ്‍ ട്രാജഡിയില്‍ മരിച്ചവരേയും സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍നിന്ന് ഒഴിവാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര നിഘണ്ടു (1857-1947) വിന്റെ അഞ്ചാം വാല്യത്തില്‍നിന്ന് വാഗണ്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ പേരുകളും നീക്കം ചെയ്യാനുള്ള നിര്‍ദേശമാണ് ഐ.സി.എച്ച്.ആറിന്റെ മൂന്നംഗ സമിതി മുന്നോട്ടു വെച്ചിരിക്കുന്നത്.
1921-ലെ മലബാര്‍ കലാപത്തെ തുടര്‍ന്ന് ബ്രിട്ടീഷ് സേന അറസ്റ്റ് ചെയ്തവരെ കോയമ്പത്തൂര്‍ ജയിലിലടയ്ക്കാന്‍ നവംബര്‍ 19-ന് തിരൂരില്‍ നിന്ന് ചരക്ക് വാഗണില്‍ കുത്തിനിറച്ച് കൊണ്ടുപോയതിനെ തുടര്‍ന്ന് ശ്വാസം കിട്ടാതെ 64 പേര്‍ മരിച്ച സംഭവമാണ് വാഗണ്‍ ട്രാജഡി.