| Thursday, 4th January 2018, 8:27 pm

ഐസ്‌ലാന്റിനൊരു പുതിയ പ്രധാനമന്ത്രി; ഫെമിനിസ്റ്റ്, യുദ്ധ വിരുദ്ധ, പരിസ്ഥിതി വാദി, നാല്‍പത്തിയൊന്നുകാരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വളരെ ചെറുപ്രായത്തില്‍ ഐസ്‌ലാന്റിലെ പ്രധാന മന്ത്രി പദത്തിലേക്ക് നടന്നു കയറിയ വനിതയാണ് നാല്‍പത്തിയൊന്നുകാരിയായ കാതറീന്‍ ജേക്കബ്‌സ്‌ഡോട്ടിര്‍. രാഷ്ട്രീയ പ്രവര്‍ത്തക എന്നതിനപ്പുറം യുദ്ധ വിരുദ്ധ പ്രവര്‍ത്തക, ഫെമിനിസ്റ്റ്, പരിസ്ഥിതി വാദി എന്നിങ്ങനെ വിശേഷണങ്ങള്‍ അനവധിയാണ് ലെഫ്റ്റ് ഗ്രീന്‍ മൂവ്‌മെന്റ് നേതാവു കൂടിയായ ജേക്കബ്‌സ്‌ ഡോട്ടിറിന്.

പാരീസ് ഉടമ്പടികള്‍ക്കപ്പുറം ഐസ്‌ലാന്റിനെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഏറ്റവും മുന്‍പന്തിയിലേക്ക് കൊണ്ടു വരാനാണ് ഇവരുടെ ശ്രമം. രാഷ്ട്രീയക്കാരുടെ സ്വന്തം നേട്ടത്തിനും സ്വജനപക്ഷപാതപരവുമായുമുള്ള ഭരണത്തിനെതിരെ ജനങ്ങള്‍ പ്രക്ഷോഭം നടത്തുമ്പോള്‍ മാറ്റത്തിന്റെ പാത വെട്ടിത്തെളിക്കുകയാണ് ജേക്കബ്‌സ്‌ഡോട്ടിര്‍.

കവികളുടെ കുടുംബത്തില്‍ നിന്നുമാണ് ഈ യുദ്ധ വിരുദ്ധ നേതാവിന്റെ കടന്നുവരവ്. ഐസ്‌ലാന്റിലെ ക്രൈം നോവലുകളെ മുന്‍ നിര്‍ത്തി സാഹിത്യത്തില്‍ ബിരുദവും നേടുകയുണ്ടായി ജേക്കബ്‌സ്‌ഡോട്ടിര്‍. പക്ഷേ ഇതിനൊക്കെ അപ്പുറം വൈദഗ്ദ്യവും അര്‍പ്പണബോധമുള്ളൊരു രാഷ്ട്രീയ പ്രവര്‍ത്തകയാണവര്‍.

ലെഫ്റ്റ് ഗ്രീന്‍ മൂവ്‌മെന്റിന്റെ ഡെപ്യൂട്ടി ചെയര്‍ പേഴ്‌സണ്‍ ആയിരുന്ന 2003 മുതല്‍ ഇവര്‍ രാഷ്ട്രീയത്തില്‍ സ്ഥാനങ്ങള്‍ വഹിച്ചു തുടങ്ങിയിട്ടുണ്ട്. 2009 മുല്‍ 13 വരെ വിദ്യാഭ്യാസ സാംസ്‌കാരിക മന്ത്രി, സഹകരണ മന്ത്രി എന്നീ നിലകളിലും ജേക്കബ്‌സ്‌ഡോട്ടിര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

രാഷ്ട്രീയ പ്രവര്‍ത്തക എന്നതോടൊപ്പം കാര്യങ്ങളെ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടു വരാനുള്ള കഴിവും അവര്‍ക്കുണ്ട്. ഐസ്‌ലാന്റിലെ ജനങ്ങള്‍ക്ക് ഗവണ്‍മെന്റിനു മേലുള്ള വിശ്വാസം വീണ്ടെടുക്കാനും ഐസ്‌ലാന്റില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാനുമാണ് ജേക്കബ്‌സ്‌ഡോട്ടിര്‍ പരിശ്രമിക്കുന്നത്. ചെറുപ്പക്കാരിയായ ഈ വനിതാ പ്രധാന മന്ത്രിയുടെ ചുവടുപയ്പുകള്‍ ലോകത്തിനു തീര്‍ത്തും പ്രചോദനപരമാണ്.

We use cookies to give you the best possible experience. Learn more