2024 യൂറോകപ്പിന് മുന്നോടിയായുഉള്ള സൗഹൃദ മത്സരത്തില്‍ ഇംഗ്ലണ്ടിന് തോല്‍വി. ഐസ്‌ലാന്‍ഡ് എതിരില്ലാത്ത ഒരു ഗോളിനാണ് ഇംഗ്ലീഷ് പടയെ പരാജയപ്പെടുത്തിയത്.
ഈ തോല്‍വിക്ക് പിന്നാലെ ഒരു മോശം നേട്ടമാണ് ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിനെ തേടിയെത്തിയത്. നീണ്ട 70 വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ടിന്റെ തട്ടകമായ വെംബ്ലി സ്റ്റേഡിയത്തില്‍ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ ഇംഗ്ലണ്ട് ആദ്യം ഗോള്‍ വഴങ്ങുന്നത് ഇതാദ്യമായമാണ്.
ഇതിനുമുമ്പ് മാര്‍ച്ച് 27ന് നടന്ന സൗഹൃദ മത്സരത്തിൽ ബെല്‍ജിയത്തിനെതിരെയുള്ള മത്സരത്തിലും ഇംഗ്ലണ്ട് ആദ്യം ഗോള്‍ വഴങ്ങിയിരുന്നു. മത്സരത്തിന്റെ 11 മിനിട്ടില്‍ യുവി ടൈലിമാന്‍സായിരുന്നു ഇംഗ്ലണ്ടിനെതിരെ ഗോള്‍ നേടിയത്. ഈ മത്സരം ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടികൊണ്ട് സമനിലയില്‍ പിരിഞ്ഞിരുന്നു.
മാര്‍ച്ച് 24ന് ബ്രസീലിനെതിരെ നടന്ന മത്സരത്തില്‍ യുവതാരം എന്‍ട്രിക് ആയിരുന്നു വെംബ്ലി സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരെ ഗോള്‍ നേടിയിരുന്നത്. അതേസമയം മത്സരം തുടങ്ങി 12 മിനിട്ടില്‍ ജോണ്‍ ഡാഗുര്‍ ഓര്‍സ്റ്റീന്‍സണ്‍ ആണ് ഐസ്‌ലാന്‍ഡിനായി ഗോള്‍ നേടിയത്.
മത്സരത്തില്‍ 68 ശതമാനം ബോള്‍ പൊസഷന്‍ ആതിഥേയരുടെ അടുത്തായിരുന്നു. ഐസ്‌ലാന്‍ഡിന്റെ പോസ്റ്റിലേക്ക് 13 ഷോട്ടുകള്‍ കുതിര്‍ത്ത ഇംഗ്ലണ്ടിന് ഒറ്റ ഷോട്ട് മാത്രമേ ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ സാധിച്ചുള്ളൂ. എന്നാല്‍ മറുഭാഗത്ത് എട്ട് ഷോട്ടുകളില്‍ നിന്നും നാലെണ്ണവും കൃത്യമായി ഓണ്‍ ടാര്‍ഗറ്റിലേക്ക് ഉന്നം വെക്കാന്‍ ഐസ്ലാന്‍ഡിനു സാധിച്ചിരുന്നു.
യൂറോ കപ്പില്‍ ഗ്രൂപ്പ് സിയിലാണ് ഇംഗ്ലണ്ട് ടീം ഇടം നേടിയിട്ടുള്ളത്. ഡെന്മാര്‍ക്ക്, സെര്‍ബിയ, സ്ലൊവേനിയ എന്നീ ടീമുകളാണ് ഇംഗ്ലീഷ് പടയ്‌ക്കൊപ്പം ഗ്രൂപ്പ് സിയില്‍ നിന്നും യൂറോ കിരീടത്തിനായി മാറ്റുരക്കുന്നത്.
ജൂണ്‍ 17ന് സെര്‍ബിയ ക്കെതിരെയുള്ള മത്സരത്തോടുകൂടിയാണ് ഇംഗ്ലണ്ടിന്റെ യൂറോ കപ്പ് പോരാട്ടം ആരംഭിക്കുന്നത്. വെല്‍റ്റിന്‍സ് അറീനയിലാണ് മത്സരം നടക്കുക.
Content Highlight: Iceland beat England in Friendly Match