| Thursday, 21st November 2024, 8:50 am

നടത്തിപ്പുകാരന്‍ രുചിച്ച് നോക്കിയശേഷം ഐസ് പാക്കിങ്; നിര്‍മാണ യൂണിറ്റിന് പൂട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊടുവളളി: വില്‍പനയ്ക്കുള്ള ഐസ് നടത്തിപ്പുകാരന്‍ രുചിച്ച് നോക്കിയ സംഭവത്തില്‍ നിര്‍മാണയൂണിറ്റിന് പൂട്ട്. വട്ടോളി-ഇയ്യോളി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഐസ് മി എന്ന നിര്‍മാണ യൂണിറ്റിനെതിരെയാണ് നടപടി.

യൂണിറ്റിന്റെ നടത്തിപ്പുകാരന്‍ പാക്കിങ് ആരംഭിക്കുന്നതിന് മുന്നോടിയായി ഐസ് രുചിച്ച് നോക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പൊലീസിന് കൈമാറുകയായിരുന്നു.

ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. നിര്‍മാണ യൂണിറ്റില്‍ നിന്ന് നേരിട്ട് ഐസ് വാങ്ങാനെത്തിയ ഒരാള്‍ ഫോണില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. പിന്നാലെ ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞുവെക്കുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.

സ്ഥലത്തെത്തിയ പൊലീസ് നിര്‍മാണ യൂണിറ്റ് പൂട്ടി. തുടര്‍ന്ന് ബുധനാഴ്ച കൊടുവള്ളി സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ അനീസ്, കിഴക്കോത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.എം. വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥാപനത്തില്‍ പരിശോധന നടക്കുകയും ചെയ്തു. കൂടുതല്‍ പരിശോധനക്കായി ഐസിന്റെ സാമ്പിളുകളും അന്വേഷണ സംഘം ശേഖരിച്ചു.

യൂണിറ്റിന്റെ ഫുഡ് സേഫ്റ്റി രജിസ്ട്രഷന്‍ സസ്പെന്‍ഡ് ചെയ്തതായി മാതൃഭൂമി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. സ്ഥാപനത്തിനെതിരായ തുടര്‍നടപടികള്‍ക്കായി ഫുഡ് സേഫ്റ്റി അസി. കമ്മീഷണര്‍ക്ക് ശുപാര്‍ശ നല്‍കിയതായി ഫുഡ് സേഫ്റ്റി ഓഫീസര്‍ പ്രതികരിച്ചു.

Content Highlight: Ice packing after tasting by operator; Manufacturing unit locked

We use cookies to give you the best possible experience. Learn more