കോഴിക്കോട്: ഐസ്‌ക്രീംപാര്‍ലര്‍ പെണ്‍വാണിഭകേസ് അട്ടിമറിച്ചുവെന്ന കേസിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. കേസ് അട്ടിമറിക്കപ്പെട്ടുവെന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ ഇതിനൊന്നും തെളിവില്ലെന്ന് പറഞ്ഞ് ആരോപണ വിധേയരായവരെ സംരക്ഷിക്കുന്ന നിലപാടാണ് അന്വേഷണ സംഘം സ്വീകരിച്ചിട്ടുള്ളത്.
റജീനയും റജുലയുമുള്‍പ്പെടെ ഐസ്‌ക്രീം കേസിലെ പ്രധാന സാക്ഷികളായ അഞ്ച് സ്ത്രീകള്‍ക്കും ലക്ഷക്കണക്കിന് രൂപ ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ എവിടെനിന്ന് പണംകിട്ടി, ആര് പണം നല്‍കി എന്നീ കാര്യങ്ങള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. പെണ്‍കുട്ടികളില്‍ റജീനയ്ക്കാണ് ഏറ്റവുമധികം തുക ലഭിച്ചത്. 25 ലക്ഷത്തിന്റെ വീടും കാറും രണ്ട് സ്‌കൂട്ടറും റജീനയുടെ പേരിലുണ്ട്. കൂടാതെ പന്തീരാങ്കാവില്‍ 17.84 സെന്റ് സ്ഥലം റജീനയ്ക്കുണ്ട്. എന്നാല്‍ ഈ സമ്പത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. കുഞ്ഞാലിക്കുട്ടിയാണ് പണം നല്‍കിയതെന്നതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജസ്റ്റിസ് നാരായണക്കുറുപ്പിനെ സ്വാധീനിച്ച് അനുകൂല വിധി നേടിയെന്ന അന്നത്തെ അസിസ്റ്റന്റ് പ്രോസിക്യൂഷന്‍ ജനറല്‍ കെ.സി പീറ്ററിന്റെ മൊഴി വസ്തുതാവിരുദ്ധമാണ്. ഇത് സംബന്ധിച്ച കെ.സി പീറ്ററിന്റെ വെളിപ്പെടുത്തല്‍ മദ്യലഹരിയില്‍ നടത്തിയതാണെന്നും ഇത് വിശ്വസിക്കാനാവില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ശബ്ദസാമ്പിസാമ്പിള്‍ നല്‍കാന്‍ പീറ്റര്‍ വിസമ്മതിച്ചതിനാല്‍ പരിശോധന നടത്താനായിട്ടില്ല.
കേസ് അട്ടിമറിക്കുന്നതിനായി ഗവണ്‍മെന്റ് പ്ലീഡര്‍ അനില്‍തോമസ് തയ്യാറാക്കി നല്‍കിയ പ്രത്യേക കുറിപ്പനുസരിച്ചാണ് ജസ്റ്റിസ് കെ. തങ്കപ്പന്‍ വിധി പറഞ്ഞതെന്ന പീറ്ററിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് തെളിവ് ലഭിച്ചിട്ടില്ല. അനില്‍ തോമസ് തയ്യാറാക്കിയ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ അനില്‍ തോമസിന്റെയും ഭാര്യ രശ്മിയുടെയും കൈപ്പടയുടെ സാമ്പിള്‍ ശേഖരിച്ചിട്ടില്ലെന്നും ഇവരുടെ നിസ്സഹകരണത്തെ തുടര്‍ന്നാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പീറ്ററിന്റെ വെളിപ്പെടുത്തല്‍ അടങ്ങിയ ഒളിക്യാമറ ദൃശ്യങ്ങളും ശബ്ദവും വ്യക്തമല്ല. ഈ സിഡി ദൃശ്യവും ശബ്ദവും വ്യക്തമാക്കാന്‍ ചണ്ഡീഗഡിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബില്‍ അയച്ചെങ്കിലും റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചില്ല.
മുന്‍ അഡ്വ.ജനറല്‍ എം.കെ ദാമോദരന്റെ ഭാര്യയുടെ പേരിലുള്ള മലബാര്‍ അക്വാ ഫാം പ്രൈവവറ്റ് ലിമിറ്റഡിന് 15ലക്ഷം രൂപ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ എവിടെ നിന്നാണ് പണം എത്തിയതെന്ന് സ്ഥിരീകരിക്കാന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. മുന്‍ ഡി.ജി.പി എം.എം മാത്യുവിന്റെ പേരിലുള്ള വസ്തു ഐസ്‌ക്രീംകേസിലെ പ്രതിയും പ്രവാസി ബിസിനസുകാരനും കടവത്തൂര്‍ സ്വദേശിയുമായ പി.എ റഹ്മാന്‍ വന്‍തുകയ്ക്ക് വാങ്ങിയെന്ന് റിപ്പോര്‍ട്ടില്‍ സ്ഥിരീകരിക്കുന്നുണ്ട്.
തന്നെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കുഞ്ഞാലിക്കുട്ടി ആറ് തവണ റഊഫിന്റെ കാല് പിടിക്കുന്നത് കണ്ടിട്ടുണ്ടെന്ന് റഊഫിന്റെ മകള്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത് അതിശയോക്തിപരമായ അപവാദമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
കുഞ്ഞാലിക്കുട്ടി നല്‍കിയ മൊഴി
റജീന, ശ്രീദേവി എന്നിവരുമായി ബന്ധമില്ല. ഇവരെ കണ്ടിട്ടില്ല. സഹായിക്കണമെന്നാവശ്യപ്പെട്ട് പി. ശശിയെ സമീപിച്ചിട്ടില്ല. സഹായിക്കുകയെന്ന വ്യാജേന റഊഫ് ചതിച്ചു. അധികാരമില്ലാത്തപ്പോള്‍ എങ്ങിനെയാണ് കേസ് അട്ടിമറിക്കാന്‍ സാധിക്കുക. സുഹൃത്തുക്കള്‍ വിളിച്ചപ്പോള്‍ കോഴിക്കോട്ടെ പി.വി.എസ് അപ്പാര്‍ട്ട്‌മെന്റില്‍ പോയിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കാന്‍ റഊഫിനെ ചുമതലപ്പെടുത്തിയിട്ടില്ല. ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ മരുമകന് 5 ലക്ഷം രൂപ നല്‍കിയെന്നത് ശരിയല്ല.
റജീനയുടെ മൊഴി
റഊഫും ഷെരീഫുമാണ് പണം നല്‍കിയത്. കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ മൊഴി നല്‍കമെന്നാവശ്യപ്പെട്ട് റഊഫ് പലപ്പോഴായി 50 ലക്ഷം രൂപവരെ നല്‍കിയിട്ടുണ്ട്.
ജസ്റ്റിസ് തങ്കപ്പന്റെ മൊഴി
പീറ്ററിന് തന്നോട് വ്യക്തി വൈരാഗ്യമുണ്ടാകാം. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ സത്യമല്ല. കുഞ്ഞാലിക്കുട്ടിയും റഊഫും തമ്മിലുള്ള യുദ്ധത്തിനിടയില്‍ പീറ്റര്‍ ബലിയാടാവുകയായിരുന്നു.
2011 ജനുവരി 28ന് ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ.എ റഊഫ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കേസ്. അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാരാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. റജീനയും റജുലയുമുള്‍പ്പെടെ കേസിലുള്‍പ്പെട്ട അഞ്ച് സ്ത്രീകള്‍ക്ക് മൊഴിമാറ്റി പറയാനായി ലക്ഷങ്ങള്‍ നല്‍കിയെന്നായിരുന്നു റഊഫിന്റെ ആദ്യ വെളിപ്പെടുത്തല്‍. കേസില്‍ ആരോപണ വിധേയരായവരെ രക്ഷപ്പെടുത്തുന്നതിനായി കെ.സി പീറ്റര്‍ ഇടപെട്ട് ജസ്റ്റിസ് നാരായണക്കുറുപ്പിനെ സ്വാധീനിച്ച് അനുകൂലമായി വിധി നേടിയെന്നായിരുന്നു റഊഫിന്റെ മറ്റൊരു വെളിപ്പെടുത്തല്‍.
താമരശേരി ഡി.വൈ.എസ്.പി ജയ്‌സണ്‍ കെ. ഏബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം നടത്തിയത്. കെ.എ റഊഫ്, പി.കെ.കുഞ്ഞാലിക്കുട്ടി, ജസ്റ്റിസുമാരായ കെ.നാരായണക്കുറുപ്പ്, കെ.തങ്കപ്പന്‍, മുന്‍ അഡ്വക്കറ്റ് ജനറല്‍ എം.കെ.ദാമോദരന്‍, മുന്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ വി.കെ ബീരാന്‍ തുടങ്ങി നൂറ്റിഅന്‍പതിലേറെ പേരെ ചോദ്യം ചെയ്തു. കെ.എ റഊഫ് നല്‍കിയതുള്‍പ്പെടെ 241 രേഖകളും പരിശോധിച്ചശേഷമാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
215 പേജുള്ള റിപ്പോര്‍ട്ട് ജൂണ്‍ 13 നാണ് കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ചത്.
റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം ആദ്യമായി.. ഡൂള്‍ ന്യൂസില്‍ വായിക്കാം..
ഇതുമായി ബന്ധപ്പെട്ട് ഡൂള്‍ന്യൂസ് നല്‍കിയ മറ്റു വാര്‍ത്തകളിലേക്ക് :
“ഐസ്‌ക്രീം കേസ് ഒതുക്കിയത് വന്‍ തുക നല്‍കി” റഊഫിന്റെ പത്രസമ്മേളനം(28-1-2011)
‘ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സി.പി.എമ്മിന് എന്ത് പ്രതിഫലം ലഭിച്ചു’ (29-01-2011)
കെ.എ റഊഫുമായി അഭിമുഖം-ഭാഗം രണ്ട്
കെ.എ റഊഫുമായി അഭിമുഖം-ഭാഗം മൂന്ന്
കെ.എ റഊഫുമായി അഭിമുഖം-ഭാഗം നാല്