ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിയെ സഹായിക്കാന്‍ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പ്രതിഫലം കൈപ്പറ്റി; രേഖകള്‍ പുറത്തുവിട്ട് കെ.ടി. ജലീല്‍
Kerala News
ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിയെ സഹായിക്കാന്‍ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പ്രതിഫലം കൈപ്പറ്റി; രേഖകള്‍ പുറത്തുവിട്ട് കെ.ടി. ജലീല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th January 2022, 3:32 pm

കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിയെ സഹായിക്കാന്‍ ജസ്റ്റിസ് സിറിയക് ജോസഫ് പ്രതിഫലം കൈപ്പറ്റിയതിന്റെ രേഖകള്‍ പുറത്തുവിട്ട് കെ.ടി. ജലീല്‍ എം.എല്‍.എ.

കേസില്‍ നിന്ന് കുഞ്ഞാലിക്കുട്ടിയെ രക്ഷപ്പെടുത്തിയതിന് സിറിയക്കിന്റെ ഭാര്യഡോ. ജാന്‍സി ജെയിംസിന് മഹാത്മഗാന്ധി സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവി വാങ്ങി കൊടുത്തതിന്റെ രേഖകളും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കൂടുതല്‍ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുഭാഷന്‍ റെഡ്ഡിയും ജസ്റ്റിസ് സിറിയക് ജോസഫും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടതിന്റെ രേഖകളും കെ.ടി. ജലീല്‍ പുറത്തുവിട്ടു.

ഹൈക്കോടതി ജഡ്ജിയായിരുന്ന സമയത്താണ് ജസ്റ്റിസ് സിറിയക് ജോസഫ് കുഞ്ഞാലിക്കുട്ടിയെ സഹായിച്ചിരുന്നത്. നിലവിലെ ലോകായുക്ത ജസ്റ്റിസാണ് സിറിയക് ജോസഫ്.

ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിനും മുന്‍ പ്രതിപക്ഷ നേതാവിനും സമര്‍പ്പിക്കുന്നു. ശ്രദ്ധിച്ച് വായിച്ച് മറുപടി പറഞ്ഞാല്‍ നന്നാകും. രമേശ്ജി, നിയമനം നടത്തുമ്പോള്‍ ചൂഴ്ന്ന് നോക്കാന്‍ ചക്കയല്ലല്ലോ? എന്ന തലക്കെട്ടോടെയായിരുന്നു രേഖകള്‍ പുറത്തുവിട്ടത്.

പിണറായി വിജയന്‍ സര്‍ക്കാരിനെ പിന്നില്‍ നിന്ന് കുത്താന്‍ പുതിയ കത്തി കണ്ടെത്തിയത് യു.ഡി.എഫാണെന്നായിരുന്നു കെ.ടി. ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നത്. യു.ഡി.എഫ് നേതാവിനെ പ്രമാദമായ ഒരു കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സ്വന്തം സഹോദര ഭാര്യക്ക് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ പദവി വിലപേശി വാങ്ങിയ ഏമാന്‍, തക്ക പ്രതിഫലം കിട്ടിയാല്‍ എന്ത് കടുംകയ്യും ആര്‍ക്കുവേണ്ടിയും ചെയ്യുമെന്നും ജലീല്‍ കുറിച്ചു.

കേന്ദ്ര മനുഷ്യാവകാശ കമ്മീഷനായി കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ച ‘മാന്യനെ’ ഇപ്പോള്‍ ഇരിക്കുന്ന പദവിയില്‍ പന്തീരാണ്ടുകാലം കുടിയിരുത്തി കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് യു.ഡി.എഫ് നേതാക്കളുടെ പടപ്പുറപ്പാടെന്നും കുറിപ്പില്‍ പറയുന്നു.

ഇതിനെ പിന്നാലെ ലോകായുക്ത ഒരു പരമ പവിത്രമായ സ്ഥാപനമാണെന്ന അഭിപ്രായം തനിക്കില്ലെന്ന് അഡ്വക്കേറ്റ് ജയശങ്കര്‍ അഭിപ്രായപ്പെട്ടിരുന്നു. ലോകായുക്തയുടെ തലപ്പത്തിരിക്കുന്ന ജസ്റ്റിസ് സിറിയക് ജോസഫ് ഒരു പുണ്യാവളനാണെന്നും താന്‍ അഭിപ്രായപ്പെടില്ലെന്ന് ജയശങ്കര്‍ പറഞ്ഞു.

‘ലോകായുക്ത ഒരു പരമ പവിത്രമായ സ്ഥാപനമാണെന്നും അതിന്റെ താക്കോല്‍ സ്ഥാനത്തിരിക്കുന്ന ജസ്റ്റിസ് സിറിയക് ജോസഫ് ഒരു പുണ്യാവളനാണെന്ന് അഭിപ്രായം എനിക്കില്ല. അദ്ദേഹം പല പരിമിധികളും ബലഹീനതകളും ഉള്ള വ്യക്തിയാണ്. സ്വഭാവികമായിട്ടും അദ്ദേഹം സുപ്രീം കോടതിയിലും ഹൈക്കോടതിയിലുമൊക്കെ ഇരുന്നപ്പോള്‍ പുറത്തുവന്ന പല വിധികളും സംശയാസ്പദമാണ്,’ അദ്ദേഹം പറഞ്ഞു.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ഇന്ത്യാവിഷന്‍ ചാനലിലൂടെ പുറത്തുവന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ഫയല്‍ ചെയ്യപ്പെട്ട പൊതുതാല്‍പ്പര്യ ഹരജി പരിഗണിച്ചത് സിറിയക് ജോസഫ് ഉള്‍പ്പെടുന്ന ബെഞ്ചായിരുന്നെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

‘കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തയാക്കിയതും സിറിയക് ജോസഫും സുഭാഷന്‍ റെഡ്ഡിയും ഉള്‍പ്പെടുന്ന ബെഞ്ചാണ്. ഇത് കുഞ്ഞാലിക്കുട്ടിയെ സംബന്ധിച്ചിടത്തോളം വലിയ വിജയമായിരുന്നു. അതിന്റെ തൊട്ടുമുമ്പാണ് സിറിയക് ജോസഫിന്റെ സഹോദരന്‍ ജെയിംസ് ജോസഫിന്റെ സഹധര്‍മ്മിണി ജാന്‍സി ജെയിംസിനെ മഹത്മാ ഗാന്ധി യുണീവേഴ്‌സിറ്റി വൈസ് ചാന്‍സലറായി നിയമിക്കുന്നത്.

എന്നാല്‍ ഇത് തമ്മില്‍ കൂട്ടികലര്‍ത്തേണ്ട ആവശ്യമില്ലെന്നാണ് ഞാന്‍ കരുതുന്നത്. അക്കാദമിക് തലത്തില്‍ മികച്ചു നില്‍ക്കുന്നവരാണ് ജാന്‍സി. അതൊരു ദുരാരോപണം മാത്രമാണ്,’ അദ്ദേഹം പറയുന്നു.


Content Highlights: Ice cream parlor case; KT Jaleel released the documents